1. ഒരു ചെറിയ ആശയം അവതരിപ്പിച്ച് ലഘുവായി വിവരിച്ച് സമർഥിക്കുന്നതിന് ആവശ്യമായ വാക്യങ്ങളെ ഒരു കൂട്ടമാക്കി ചേർക്കണം. അങ്ങനെ ഉണ്ടാകുന്ന ഖണ്ഡികകൾ വേർപെടുത്തി എഴുതണം.
2. വിഷയത്തിന്റെ മർമത്തെ സ്പർശിക്കുന്ന ആശയങ്ങളിലൊന്ന് ആകർഷകമായ വാക്യങ്ങളിലാക്കി വേണം ഉപന്യാസം തുടങ്ങാൻ.
3. വായനക്കാരന്റെ മനസിൽ ആധിപത്യം സ്ഥാപിക്കാൻ ശക്തമായ ആശയങ്ങളും വാക്യങ്ങളും ആണ് ഉപന്യാസത്തിന്റെ ഒടുവിൽ ഉണ്ടായിരിക്കേണ്ടത്. അതുവരെ വിവരിച്ച പ്രധാനാശയത്തിലൂടെ സമർഥിക്കുന്ന വസ്തുതകൾ വ്യക്തമാക്കിക്കൊണ്ടാണ് ഉപസംഹരിക്കേണ്ടത്.
4. വിദ്യാലയസംബന്ധം, പരിസരനിരീക്ഷണം പരിശോധിക്കുന്നവ, ആനുകാലികമായ സാമൂഹ്യവിഷയങ്ങൾ, പൊതുവായ അറിവ് പരിശോധിക്കുന്നവ, സ്വന്തം അനുഭവങ്ങളിൽനിന്ന് എഴുതാനുള്ളവ- ഇവയാണ് ഹൈസ്കൂളിലെ ഉപന്യാസവിഷയങ്ങൾ.
5. രണ്ടു താൾ നിറയെ എഴുതിയതുകൊണ്ടുമാത്രം ഉത്തരം പൂർണമാകുന്നില്ല. മാർക്ക് കുറയാൻ വേറെയും പല കാരണങ്ങളുണ്ട്.
6. ഉത്തരത്തിൽ എന്തെല്ലാം ഉൾക്കൊള്ളിക്കാനാണ് ചോദ്യത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്, എന്തെല്ലാം ചേർക്കേണ്ടതില്ല എന്ന് തെളിഞ്ഞ ബോധം വേണം. ചോദ്യം എന്താണെന്നു മനസിലാക്കുന്നതിനു തുല്യമായ പ്രാധാന്യമുണ്ട്. അത് എന്തല്ല എന്നറിയുന്നതിനും, ചോദ്യത്തിന്റെ സ്വഭാവംകൂടി അറിഞ്ഞിട്ടുവേണം ഉത്തരം നിശ്ചയിക്കാൻ.
7. എത്ര ഖണ്ഡികകൾ എഴുതാനുണ്ട്, അവ ഏതിനെപ്പറ്റിയെല്ലാം ആകണം എന്നിങ്ങനെ ഉത്തരത്തിന്റെ രൂപഘടന ആസൂത്രണം ചെയ്തുകൊണ്ട് എഴുതിയാൽ, വിഷയം വഴിമാറിപ്പോകാതെ, ന്യൂനതകൾ കുറഞ്ഞ ഉപന്യാസം എളുപ്പത്തിലും തൃപ്തികരമായും സമയത്തിനുള്ളിൽ എഴുതാം.
8. വിഷയസംബന്ധമായ പല ആശയങ്ങളിൽ ഏതാണ് തുടക്കത്തിൽ വേണ്ടത് എന്ന് നിഷ്കർഷ ഇല്ല. എന്നാൽ, പ്രാധാന്യം കൊടുത്ത് വിവരിച്ചുപോന്ന ആശയത്തിന്റെ സമർഥനത്തിലാണ് ഉപന്യാസം അവസാനിപ്പിക്കേണ്ടത്. ചില ചോദ്യങ്ങളിൽ ഉപസംഹാരസൂചന ഉണ്ട്. ഇല്ലെങ്കിൽ, സ്വന്തം അഭിപ്രായം സ്ഥാപിക്കുന്ന വാക്യമോ വാക്യങ്ങളോ അവസാനഖണ്ഡികയാക്കാം.
9. വിഷയം ഏതായാലും, ഉത്തരം എഴുതാൻ ആവശ്യമായ ആശയങ്ങൾ സ്വന്തം ചിന്തയിൽനിന്ന് ഉത്പാദിപ്പിച്ചെടുക്കണം. പോരായ്മ നികത്താൻ പാഠപുസ്തകത്തിനു പുറമേ ഉള്ള വായന മാത്രമേ പരിഹാരമായിട്ടുള്ളൂ.
10. ഉപന്യാസ ചോദ്യത്തിന്റെ ഉത്തരമെഴുതാൻ സഹായിക്കുന്ന ഒരു പ്രായോഗികമാർഗമുണ്ട്. വിഷയവുമായി ബന്ധപ്പെടുത്തി ചെറിയ ചെറിയ ചോദ്യങ്ങൾ സ്വയം ഉണ്ടാക്കി അവയ്ക്ക് കിട്ടുന്ന ഉത്തരങ്ങൾ എഴുതിപ്പോയാൽ പല സൗകര്യങ്ങളുമുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധയോടെ വായിച്ചു മനസിലാക്കിയാൽ ഉപന്യാസത്തിനു പുറമെ കത്ത് എഴുതാനുള്ള ചോദ്യം വന്നാൽ കൂടി നിങ്ങൾക്കിത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഉണ്ണി അമ്മയന്പലം