ഇന്നത്തെ വിദ്യാഭ്യാസം പുസ്തകങ്ങളിൽനിന്ന് അറിവ് സന്പാദിക്കൽ മാത്രമല്ല. ഒരു വിദ്യാർഥിക്ക് ലഭ്യമായ ഏതെല്ലാം മേഖലകളിൽനിന്ന് അറിവ് ലഭിക്കുമോ അതെല്ലാം സ്വായത്തമാക്കുകയും തന്റെ വിജയത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ള വാർത്താമാധ്യമങ്ങൾ വിദ്യാഭ്യാസത്തിൽ പഠിതാവിനെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് ആലോചിക്കുന്നത് ഉചിതമായിരിക്കും.
ഡിജിറ്റൽ ഇന്ത്യ യാഥാർഥ്യമായ ഒരു സന്ദർഭത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇന്ത്യൻ വിദ്യാഭ്യാസരംഗം സ്വദേശത്ത് തൊഴിൽ ലഭ്യമാക്കുന്നതിനുമപ്പുറം വിദേശ തൊഴിൽസാധ്യതകൾ കൂടി കണക്കിലെടുത്ത് കൂടുതൽ രാജ്യാന്തരമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പാരന്പര്യമായി വിദ്യാഭ്യാസമേഖല സ്വന്തമാക്കിവച്ചിരിക്കുന്ന പല കാര്യങ്ങളും നമുക്ക് ഉപേക്ഷിക്കേണ്ടിവരുന്നു. ആഗോളീകരണത്തിന്റെ ഭാഗമായി ലോകം മുഴുവൻ ഒരു ഗ്രാമമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിൽ അറിവ് സന്പാദനം പ്രാദേശിക തലത്തിൽ മാത്രമാകുന്നത് അഭികാമ്യമല്ല.
മുകളിൽ പറഞ്ഞ ലക്ഷ്യം നേടണമെങ്കിൽ പഠിതാവ് ആധുനികവിജ്ഞാനത്തെ സ്വീകരിക്കുന്നവനാകണം. പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും അവയിൽ സവിശേഷപ്രാവീണ്യം നേടുന്നതിനും ഏതൊരു വിദ്യാർഥിയും വാർത്താമാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരും.
ഇവിടെ വാർത്താമാധ്യമങ്ങൾക്കു വന്ന മാറ്റവും നാം അറിയേണ്ടതുണ്ട്. കുറച്ചുകാലം മുന്പുവരെ, വാർത്താമാധ്യമങ്ങൾ കേവലം സംഭവങ്ങൾ അറിയിക്കുന്ന ഒന്നുമാത്രമായിരുന്നു. രാജ്യത്തുനടക്കുന്ന കേവലവാർത്തകളുടെ പ്രക്ഷേപിണി മാത്രമായിരുന്നു മാധ്യമങ്ങൾ. എന്നാൽ, ഇന്നതല്ല സ്ഥിതി. വിജ്ഞാനവും വിനോദവും പകർന്നുതരുന്ന സുഹൃത്താണ് മാധ്യമങ്ങൾ. പത്രവും റേഡിയോയും ടെലിവിഷനും ഇന്റർനെറ്റ് സംവിധാനവും അതിന്റെ പിൻബലത്തിൽ ഉപയോഗപ്പെടുന്ന നവമാധ്യമസംസ്കാരവും ഏറ്റവും നൂതനമായ വിജ്ഞാനംപോലും തത്സമയം നമ്മുടെ മുന്നിലെത്തിക്കുന്നു.
വിദ്യാർഥിക്കു വിവരശേഖരണത്തിന് പുസ്തകങ്ങൾ തേടിപ്പോകേണ്ട കാര്യമിന്നില്ല. ഒരു ചെറിയ കാര്യം അറിയാൻ ചിലപ്പോൾ ഒരു പുസ്തകം മുഴുവൻ വായിക്കേണ്ടിവരുന്ന സ്ഥിതി പണ്ടുണ്ടായിരുന്നു. ഇന്നാകട്ടെ ഇന്റർനെറ്റിലൂടെ കുട്ടിക്ക് തനിക്കുവേണ്ട വിവരംമാത്രം നിമിഷത്തിനുള്ളിൽ ലഭിക്കുന്നു. അറിവിന്റെ കൃത്യത, സൂക്ഷ്മത, സമയലാഭം തുടങ്ങി പല ഗുണങ്ങളും ഈവിധ വിവരശേഖരണത്തിലുണ്ട്.
മാധ്യമങ്ങളുടെ വളർച്ച വിദ്യാഭ്യാസത്തെ വളരെ സ്വാധീനിച്ചിരിക്കുന്നുവെന്നതിനു മറ്റു തെളിവുകൾ ആവശ്യമില്ലല്ലോ. ക്ലാസുമുറികളിൽ അധ്യാപകൻ പകരുന്ന വളരെ കുറച്ചറിവുകൾ മാത്രം വച്ചുകൊണ്ട് എൻജിനിയറിംഗ് മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ പഠിതാവിന് ആധുനികയുഗത്തിൽ ഒന്നും ചെയ്യാനാവില്ല.
നവമാധ്യമങ്ങൾ വിപ്ലവകരമായ മാറ്റമാണ് വിദ്യാഭ്യാസരംഗത്ത് വരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ ഡൗണ്ലോഡ് ചെയ്യാനും പഠിതാവിന് ഉപയോഗപ്പെടുത്താനും നവമാധ്യമങ്ങൾ ഏറെ സഹായിക്കുന്നുണ്ട്. വിദ്യാർഥിയുടെ ഏതു തരത്തിലുള്ള സംശയങ്ങൾക്കും ഞൊടിയിടയിൽ ഉത്തരം നൽകാവുന്ന ഇന്റർനെറ്റ് സംവിധാനം നമ്മുടെ അറിവിന്റെ ചക്രവാളത്തിലെ അനശ്വര നക്ഷത്രമായി പരിലസിക്കുകയാണ്.
ഒരു മൊബൈൽ ഫോണ് കൈയിലുണ്ടെങ്കിൽ ഏതൊരു വിദ്യാർഥിക്കും ലോകത്തെവിടെയുമുള്ള, തനിക്കാവശ്യമുള്ള ചൂടാറാത്ത വാർത്തകളും വിജ്ഞാനവും സ്വീകരിക്കാൻ സാധിക്കും. ഉള്ളംകൈയിൽ ലോകം മുഴുവനും കൊണ്ടുനടക്കാൻ ഈ മൊബൈൽ ഫോണിന്റെ ഉപയോഗം നമ്മെ നിർബന്ധിക്കുന്നു. ഇതിനൊരു മറുവശം കൂടി ഉണ്ട്. ഇത്തരം മാധ്യമങ്ങൾ വിദ്യാർഥികളുടെ ദുർബലവികാരങ്ങളെ ചൂഷണം ചെയ്യുന്ന വാർത്തകളും ചിത്രങ്ങളും നല്കുക, തെറ്റായ വിവരങ്ങൾ നല്കുക, കബളിപ്പിക്കുന്ന വാർത്തകൾ നല്കുക, ലൈംഗിക പ്രാധാന്യമുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുക, തെറ്റായ പ്രണയബന്ധങ്ങൾ സ്ഥാപിക്കാനുള്ള മാർഗം തെളിക്കുക തുടങ്ങിയ വികലമായ മാധ്യമ ധർമവും പ്രകടിപ്പിക്കാറുണ്ട്.
എങ്കിൽക്കൂടി, വാർത്താമാധ്യമങ്ങൾ നിരവധി ഗുണകരമായ പംക്തികൾ കുട്ടികൾക്കു വേണ്ടി നല്കുന്നുണ്ട്. ഇന്റർനെറ്റ് വഴിയുള്ള ഓണ്ലൈൻ ട്യൂഷൻ സാധ്യമായിക്കഴിഞ്ഞു. ഒരേസമയം എത്രകുട്ടികളെ വേണമെങ്കിലും അവർ വ്യത്യസ്ത ദേശങ്ങളിൽ ഇരുന്നാൽക്കൂടി പഠിപ്പിക്കാൻ കഴിയും.
ദൃശ്യമാധ്യമങ്ങൾ ഡോക്യുമെന്ററികൾക്കും അഭിമുഖങ്ങൾക്കും പുറമെ വിദ്യാർഥികൾക്കു വേണ്ടി ധാരാളം വിജ്ഞാനപ്രദമായ പരിപാടികളും അവതരിപ്പിക്കുന്നുണ്ട്. ക്വിസ് പ്രോഗ്രാമുകൾ, പുസ്തക നിരൂപണം, പഠനസഹായികൾ, പരീക്ഷകളെക്കുറിച്ചുള്ള സംപ്രേഷണങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, വിവിധ കോഴ്സുകളെയും യൂണിവേഴ്സിറ്റികളെയും കുറിച്ചുള്ള വിവരണങ്ങൾ എന്നിവയെല്ലാം ദൃശ്യമാധ്യമം നടത്തുന്ന വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികളാണ്. അതുകൊണ്ടുതന്നെ പുതിയ വിദ്യാർഥി ആഗ്രഹിക്കുന്ന പഠനരീതി പാഠഭാഗങ്ങൾ ഉരുവിട്ടുപഠിക്കൽ മാത്രമല്ല എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്.
ഒരു വ്യക്തിയുടെ വ്യക്തിത്വം അതിന്റെ പരിപൂർണതയിൽ എത്തുന്നതിനും ഈ ലോകത്ത് വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവും അനുഭവവും മറ്റുള്ളവർക്ക് ഉപകാരപ്പെടുംവിധം പ്രയോജനപ്പെടുത്തുന്നതിനും, സ്വയം വളരാനും മറ്റുള്ളവരെ വളർത്താനും ഉയർത്താനും പുതിയ കാലത്തെ മാധ്യമങ്ങൾ ഗുണകരമായി ഉപയോഗപ്പെടുത്താൻ ഓരോ വിദ്യാർഥിയും ശ്രമിക്കേണ്ടത് ആവശ്യമാണ്. നന്മയ്ക്കുവേണ്ടി മാത്രം മാധ്യമങ്ങളെ ആശ്രയിക്കുമെന്ന വ്യക്തത ഓരോ പഠിതാവിന്റെയും മനസിൽ ഒരു വലിയ പ്രതിജ്ഞയായി നിലനിർത്തുക. അത് ജീവിതത്തെ വിജയത്തിലെത്തിക്കും. തീർച്ച.
ഉണ്ണി അമ്മയന്പലം