ക്ലാസ് മുറികളെ ജനമധ്യത്തിലേക്ക് കൊണ്ടുപോകുന്ന ഈ പാഠ്യേതരപ്രവർത്തനത്തിന് വളരെയധികം വിദ്യാഭ്യാസപ്രാധാന്യം ഉണ്ട്. എന്നാൽ ഈ അനുഭവപഠനത്തിന് പണച്ചെലവ് ഏറെയുള്ളതിനാൽ, ഭൂരിഭാഗം വിദ്യാർഥികൾക്കും ഈ വിനോദപദ്ധതിയുടെ പ്രയോജനങ്ങൾ കിട്ടുന്നില്ല.
തത്വങ്ങളായി മാത്രം പഠിച്ചവയെ നേരിട്ടു മനസ്സിലാക്കാൻ വിദ്യാർഥികൾക്കു കഴിയുന്നു. പഠിച്ച വസ്തുതകൾ നിത്യജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുന്നു, പ്രവർത്തിക്കുന്നു എന്ന് യഥാർഥാനുഭവം ഉണ്ടാകുന്നു.അനുദിനജീവിതത്തിന്റെ ചെറിയ അംശമേ ക്ലാസിൽ പഠിക്കാൻ സാധിക്കൂ. എന്നാൽ പഠനപര്യടനത്തിലൂടെ ജീവിതത്തിന്റെ ബൃഹത്തും സങ്കീർണവുമായ എല്ലാ അംശങ്ങളും ഗ്രഹിക്കാം.
പഠനമുറിയിലെ വിരസമായ അവസ്ഥ മാറ്റിയെടുക്കാനും പുതിയ അനുഭൂതി നേടാനും പഠനയാത്ര സഹായകമാണ്. ആ അനുഭവങ്ങൾ സങ്കൽപ്പങ്ങൾ അല്ല. ഫാക്ടറികൾ, പഠനമൂല്യമുള്ള സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കാണല്ലോ പോകാറുള്ളത്.
അവിടെനിന്നു കിട്ടുന്ന വിപുലമായ അനുഭവസന്പത്ത്, ഒരുവന്റെ ആശയങ്ങളെയും ജീവിതമൂല്യങ്ങളെയും ജീവിതവീക്ഷണത്തെയും മാറ്റിമറിച്ചെന്നുവരാം. ഉദാഹരണത്തിന്, ജയിൽ സന്ദർശിക്കുന്ന വിദ്യാർഥികൾക്ക്, കുറ്റവാളികളുടെ ദുരിതാനുഭവങ്ങൾ തങ്ങൾക്കുണ്ടാകരുത് എന്ന ആഗ്രഹം ജനിക്കുമല്ലോ.
വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽ ഒന്നായ വ്യക്തിത്വവികാസം കുട്ടികളിൽ സംഭവിക്കുന്നു. കുട്ടികൾ തമ്മിൽ സ്വതന്ത്രമായി ഇടപെട്ട് സാമൂഹ്യജീവിതം പരിശീലിക്കുന്നു. അധ്യാപകരോട് വിദ്യാർഥികൾക്കും തിരികെ അങ്ങോട്ടും സാമൂഹ്യബന്ധം ഉണ്ടാകുന്നു. ഒരു പഠനയാത്ര തുടരുന്പോൾ പങ്കെടുക്കുന്ന അംഗങ്ങൾ തമ്മിൽ സ്നേഹവും സഹകരണവും വർദ്ധിക്കുന്നതുകാണാം.
വിദ്യാഭ്യാസ മാർഗങ്ങളിൽ ഒന്നായ സ്വയം പഠനം നടത്താൻ വിദ്യാർഥികൾക്ക് അവസരങ്ങൾ കിട്ടുന്നു എന്നതാണ് മറ്റൊരു കാര്യം. പുതിയ നാടും ജനങ്ങളും സംസ്കാരവും പുരോഗതിയും മറ്റും പരിചിതമാകുന്നു. ജീവിത യാഥാർഥ്യങ്ങൾ കുറെ അറിയുകയും അനുഭവിക്കുകയും ചെയ്യാം. മനസും വീക്ഷണകോണും നിരീക്ഷണ-ഗ്രഹണ-അന്വേഷണശേഷികളും അവരിൽ വികസിക്കുന്നു.
ക്ലാസിൽ കേട്ടിട്ടും ഓർമയിൽ നിൽക്കാത്തവ അതിവേഗം അവരുടെ മനസ്സിലേക്കു പതിക്കാൻ അധ്യയന യാത്രയ്ക്ക് സാധിക്കും. മേൽ പറഞ്ഞിട്ടില്ലാത്ത ചില വിദ്യാഭ്യാസമൂല്യങ്ങൾ ഇനി പറയുന്നു.
വിദ്യാർഥികൾ പ്രായോഗികമായി ഗ്രഹിക്കുന്നതിനാൽ, പഠനയാത്രയിൽ നിന്നു കിട്ടുന്ന അറിവുകൾ പരീക്ഷയ്ക്ക് പ്രയോജനകരമാക്കാൻ അവർക്ക് എളുപ്പത്തിൽ സാധിക്കുന്നു. അതിനാൽ അധ്യയനയാത്രയും പഠനത്തിന്റെ ഭാഗം തന്നെ ആയിത്തീരുന്നു.
അധ്യാപകരിൽ ബോധപരമായി ഉണ്ടാകുന്ന വിസ്തൃതിയും നവോന്മേഷവും വിദ്യാർഥികൾക്ക് അനുഗുണം ആയിത്തീരുന്നു. ഇങ്ങനെ, വിദ്യാഭ്യാസത്തിനും ഭാവിജീവിതത്തിനും വരെ ഉതകുന്ന പ്രയോജനങ്ങൾ ഉള്ളതിനാൽ, പഠനപര്യടനത്തിനുവേണ്ടിയുള്ള പണച്ചെലവ് പാഴല്ല.
ഉണ്ണി അമ്മയന്പലം