പത്രങ്ങളുടെ സ്വാധീനശക്തി അപാരമാണ്. അവയുടെ ശക്തിയെ അവഗണിക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിലെ പ്രബലർപോലും അവയെ പിണക്കാൻ മുതിരില്ല. ജനാധിപത്യവ്യവസ്ഥിതിയിൽ പത്രങ്ങളുടെ സ്വാധീനവും സ്വാതന്ത്ര്യവും ഒഴിച്ചുകൂടാനാവാത്തതാണ്. ജനാധിപത്യം, മനുഷ്യാവകാശം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവയുടെ കാവൽക്കാരാണ് പത്രമാധ്യമങ്ങൾ.
സർക്കാർ, ഭരണയന്ത്രം, ജനങ്ങൾ ഇവയ്ക്കിടയിൽ ഒരു പാലമായി പ്രവർത്തിച്ച് സംഭാഷണങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുന്നതും അവ തമ്മിലുള്ള വിടവു നികത്തുന്നതും പത്രങ്ങളാണ്. സർക്കാരിന്റെ നയങ്ങളും വികസനപരിപാടികളും ജനമധ്യത്തിലെത്തിച്ച് ചർച്ചകൾക്കു വിധേയമാക്കി അനുകൂലമോ പ്രതികൂലമോ ആയ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നത് പത്രങ്ങളാണ്. ജനാധിപത്യത്തിന്റെ അന്തഃസത്തയായ വ്യക്തിസ്വാതന്ത്ര്യം പത്രസ്വാതന്ത്ര്യത്തിൽ നിഴലിച്ചു കാണാം.
സർക്കാരുകളെയും അവയുടെ പ്രവർത്തനങ്ങളെയും വിലയിരുത്തുന്നതിലും വിമർശിക്കുന്നതിലും പത്രങ്ങൾക്കു പരിപൂർണസ്വാതന്ത്ര്യം ആവശ്യമാണ്. ആഗോളമായി സർക്കാരുകൾ നടത്തിവരുന്ന അഴിമതികളും കുംഭകോണങ്ങളും അവിശുദ്ധ കൂട്ടുകെട്ടുകളുമെല്ലാം പുറത്തുകൊണ്ടുവന്നത് പത്രമാധ്യമങ്ങളും അവയുടെ അന്വേഷണാത്മക പത്രപ്രവർത്തനവുമാണ്.
മൂല്യരഹിതമായ പത്രപ്രവർത്തനം, പക്ഷപാതപരമായ വാർത്തചമയ്ക്കൽ, നിറംപിടിപ്പിച്ച വാർത്തകൾ, പ്രീണനം ഇവയൊന്നുമല്ല പത്രധർമം. പക്ഷംപിടിക്കാതെയും ഭയരഹിതമായും സത്യസന്ധവും വിശ്വാസ്യയോഗ്യവുമായ ഉറവിടങ്ങളുപയോഗിച്ച് വാർത്തകളും വിവരങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കുകയാണ് യഥാർഥ പത്രധർമ്മം.
സ്ഫോടനാത്മകമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ സമൂഹത്തിന്റെ പൊതുനന്മ, രാജ്യതാത്പര്യങ്ങൾ മുതലായവ പരിഗണിച്ച് വിവേകപൂർവം വാർത്തകൾ റിപ്പോർട്ടു ചെയ്യാനും പത്രങ്ങൾ ബാധ്യസ്ഥരാണ്.
ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും വിജ്ഞാപനങ്ങളും ഏറ്റവും തുച്ഛമായ വിലയ്ക്കാണ് പത്രങ്ങൾ ദിവസേന നമ്മുടെ പടിവാതിൽക്കൽ എത്തിച്ചുതരുന്നത്. ദൈനംദിന ജീവിതത്തെ സംബന്ധിച്ച അറിവുകളുടെ ഒരു വിശ്വവിജ്ഞാനകോശമാണ് പത്രങ്ങൾ. സമൂഹത്തെ ബോധവത്കരിക്കുന്ന ലേഖനങ്ങൾ, മുഖപ്രസംഗങ്ങൾ, അഭിമുഖങ്ങൾ, നിരൂപണങ്ങൾ, വിശകലനങ്ങൾ എന്നിവയെല്ലാം പത്രങ്ങളിലുണ്ട്.
തൊഴിൽ, വിദ്യാഭ്യാസം, വിവാഹം, ബിസിനസ്, സാംസ്കാരിക പരിപാടികൾ എന്നിവ സംബന്ധിച്ച പരസ്യങ്ങളും വിവരങ്ങളും പൊതുജനത്തിന് ഏറെ പ്രയോജനപ്രദമാണ്. ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ പത്രങ്ങൾ വളരെ സഹായിക്കുന്നുണ്ട്. ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുന്നതിൽ പത്രങ്ങൽ ചെലുത്തുന്ന സ്വാധീനം ഏറെ ശ്ലാഘനീയമാണ്.
വിദ്യഭ്യാസം, സാക്ഷരത എന്നിവയുടെ നിരക്കിലുണ്ടാകുന്ന വർധനയ്ക്ക് അനുസരണമായി വായനക്കാരുടെ എണ്ണം വർധിക്കും. സാന്പത്തിക ഉദാരവത്കരണം, വ്യവസായികമായ ആഗോളവത്കരണം, ഓഹരിവിപണിയിലും മറ്റും ജനങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന വർധിച്ച താത്പര്യം എന്നിവ പത്രങ്ങളുടെ ഭാവി ശോഭനമാക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടുത്ത ഭീഷണി നേരിടുന്നുണ്ടെങ്കിലും ജനമനസുകളിൽ ഇന്നും പത്രങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്.
ഉണ്ണി അമ്മയന്പലം