മാധ്യമങ്ങളുടെ വളർച്ചയോടെയാണ് പരസ്യങ്ങൾ വ്യാപകമായിത്തുടങ്ങിയത്. ഉത്പാദകമേഖലയുടെ ത്വരിതഗതിയും വ്യത്യസ്ത ഉത്പന്നങ്ങൾ തമ്മിലുള്ള വടംവലിയും പരസ്യത്തിന്റെ പ്രചാരത്തിന് ആക്കം കൂട്ടി. അതോടെ പരസ്യം ഇല്ലാത്ത ഒരു ഉത്പന്നം എത്ര മികവുറ്റതായാലും ഉപഭോക്താവിനു താത്പര്യമില്ലാത്ത അവസ്ഥയും സംജാതമായി.
പത്രങ്ങളും മാസികകളും റേഡിയോയും ടെലിവിഷനുമെല്ലാം പരസ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള തീവണ്ടിക്കുള്ളിലും തപാൽ കവറുകളിലും ബസ്, ട്രെയിൻ ടിക്കറ്റുകളിലും ടെലഫോണ്‍ ബില്ലിലും വരെ പരസ്യങ്ങളുണ്ട്.
പഴയകാലത്ത് വിളംബരങ്ങൾ രാജാക്കന്മാർക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. അന്നു പെരുന്പറ കൊട്ടിയറിയിക്കുകയായിരുന്നു പതിവ്. വാമൊഴിയായിട്ടായിരുന്നു അന്ന് പരസ്യങ്ങൾ. ഇന്നാകട്ടെ, കംപ്യൂട്ടർ വഴിയുള്ള ഓണ്‍ലൈൻ മാർക്കറ്റിംഗ് വരെ എത്തിനിൽക്കുന്നു പുതിയ തലമുറ. വിപണിയിൽ നേരിട്ടു പോകാതെതന്നെ നടത്തുന്ന ടെലി മാർക്കറ്റിഗും ഇന്റർനെറ്റ് മാർക്കറ്റിഗും ഇന്ന് പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു.
പരസ്യത്തിനു പിന്നാലെ മനുഷ്യൻ പായുന്നതിനു കാരണമെന്താണ്? അതിനുത്തരം പരസ്യം സർഗാത്മകമാണെന്നതാണ്. പുരോഗതി എന്നതുകൊണ്ട് നഗരവാസികളിൽ മിക്കവരും കരുതുന്നത് ആഢംബരവസ്തുക്കൾ വാങ്ങിക്കൂട്ടുക എന്നതാണ്. പരസ്യം ആദ്യം ഇരയാക്കുന്നത് ഇവരെയാണ്.
അല്പം വണ്ണമുള്ള ആളുകൾ ശരീരത്തിന്റെ വണ്ണം കുറയ്ക്കുന്ന ഒരു ഉത്പന്നത്തിന്റെ പരസ്യം ശ്രദ്ധിക്കും. മെലിഞ്ഞവരുടെ ആകർഷണീയതയും സുഖസൗകര്യങ്ങളും വർണിച്ചുതരുന്പോൾ ആ വ്യക്തി ഉത്പന്നത്തിൽ ആകൃഷ്ടനാവുകയും ചെയ്യും. തലമുടി നരയ്ക്കുന്നത് പ്രകൃതിജന്യമാണെങ്കിലും അതുണ്ടാക്കുന്ന അസ്വസ്ഥത, കുറച്ചു പേർക്കെങ്കിലും വലുതാണ്. മുടി കറുപ്പിക്കുന്ന ലേപനങ്ങളുടെ പരസ്യം അവരെ വിഴുങ്ങുമെന്നതിനു സംശയമില്ല.
ഈ ഉദാഹരണങ്ങൾ എന്താണു സൂചിപ്പിക്കുന്നത്. ജനതയുടെ ആവശ്യങ്ങൾ അറിഞ്ഞു നടത്തുന്ന ഒരു ഉപാധിയായി പരസ്യം മാറിയതുകൊണ്ടാണ് അതിനു പിന്നാലെ മനുഷ്യൻ സഞ്ചരിക്കുന്നത് എന്നതുതന്നെ.
മാധ്യമങ്ങളുടെ വൈവിധ്യം പരസ്യങ്ങളെ വ്യാപകമാക്കി. മാധ്യമങ്ങളുടെ നിലനിൽപ്പുതന്നെ പരസ്യങ്ങളെ ആശ്രയിച്ചാണ്. പരസ്യങ്ങൾ ഉപഭോക്തൃസംസ്കാരം വളർത്തുന്നു. കൂടുതൽ വേഗത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പരസ്യങ്ങളിൽ അശ്ലീലതയുടെ അതിപ്രസരം കുത്തിനിറയ്ക്കുന്ന രീതിയും ഇന്നു കാണാവുന്നതാണ്.
ഇക്കാരണങ്ങളാൽ പരസ്യങ്ങളെ വിവേചന ബുദ്ധിയോടെ കാണുവാനും നല്ലതിനെ മാത്രം ഉൾക്കൊള്ളാനും അല്ലാത്തവയെ തള്ളിക്കളയാനും യുവതലമുറ തയാറാകണം.
ഉണ്ണി അമ്മയന്പലം