മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിത ഉപഭോഗം. ആവശ്യമുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ വാരിക്കൂട്ടുന്ന പ്രവണത എവിടേയും പ്രകടമാണ്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിച്ച ശേഷം എഡി 1800 വരെ ഉപയോഗിച്ച വിഭവങ്ങളുടെ ഇരട്ടിയാണ് കഴിഞ്ഞ 200 വർഷത്തിനകം ഉപയോഗിച്ചത്.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം ലോകജനസംഖ്യയിൽ നൂറു കോടി പേർക്ക് ശുദ്ധജലം എന്നത് ഇന്ന് വിദൂര സ്വപ്നമാണ്. മലിനജലവുമായി ബന്ധപ്പെട്ട രോഗങ്ങൾമൂലം ഓരോ സെക്കൻഡിലും ലോകത്ത് ഒരാൾവീതം മരിക്കുന്നു. ഇതു കൂടുതലും ആഫ്രിക്കൻ വൻകരയിലുള്ള രാജ്യങ്ങളിലാണ്. ഇവിടങ്ങളിൽ ഒരു കുടുംബത്തിന് 23 ലിറ്റർ വെള്ളമാണ് ഉപയോഗിക്കാനായി കിട്ടുന്നത്. അതേസമയം വെള്ളം സുലഭമായി കിട്ടുന്ന പല രാജ്യങ്ങളിലും വെള്ളം ദുരുപയോഗിക്കപ്പെടുന്നു.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) അഭിപ്രായപ്രകാരം ലോകത്ത് ആകെ ഉത്പാദിപ്പിക്കപ്പെട്ട ഭക്ഷ്യധാന്യങ്ങൾ 230 കോടി ടൺ ആണ്. ഇതിൽ 130 കോടി ടണ്ണും പാഴാകുകയാണ്. അതായത് ഉത്പാദിപ്പിക്കുന്നതിന്റെ പകുതിയിൽ കൂടുതൽ പാഴായിപ്പോകുന്നു. ലോകത്ത് ഏകദേശം 85 കോടി ജനങ്ങൾ പട്ടിണികിടക്കുന്നു. എച്ച്.ഐ.വി ബാധ, അർബുദം, മലന്പനി, ക്ഷയം എന്നീ രോഗങ്ങൾമൂലം മരിക്കുന്നതിനെക്കാൾ കൂടുതൽ പേർ പ്രതിവർഷം വിശപ്പുകൊണ്ട് മരിക്കുന്നു.
സന്പന്നരാജ്യങ്ങളിൽ മാത്രം 1000 കോടി ഡോളർ വിലയുള്ള ഭക്ഷണം ജനങ്ങൾ പാഴാക്കുന്നു. ഈ ഭക്ഷണം കൊണ്ടു മാത്രം ലോകത്താകെയുള്ള രണ്ടരക്കോടി ആളുകളുടെ വിശപ്പകറ്റാൻ കഴിയുമെന്നാണ് യുഎൻ കണക്കാക്കുന്നത്.
ഉപഭോഗതീക്ഷ്ണത ഉച്ചകോടിയിൽ നിൽക്കുന്ന വൻവികസിത രാജ്യങ്ങളുടെ വർധിച്ച കാർബണ്‍ ഫൂട്ട്പ്രിന്റിന്റെ (വിവിധ പ്രവർത്തനങ്ങളിലൂടെ അന്തരീക്ഷത്തിലേക്ക് വിടുന്ന കാർബണ്‍ഡൈ ഓക്സൈഡിന്റെ അളവ്) പരിണിതഫലമായി ഭൂമിക്കുണ്ടാകുന്ന കെടുതികളുടെ ദുരിതം അനുഭവിക്കേണ്ടിവരിക ഇതിന് കാരണക്കാരല്ലാത്ത പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾ കൂടിയാണ് എന്നതും നാം മനസിൽ സൂക്ഷിക്കേണ്ടതുണ്ട്.
ഉണ്ണി അമ്മയന്പലം