കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ദിവസേന വർധിച്ചുവരുകയാണ്. ആകാംക്ഷയാൽ ലഹരി പരീക്ഷിച്ചു തുടങ്ങുകയും പിന്നീട് ക്രമേണ അഡിക്ഷൻ എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കാര്യമായ പൊതുജനശ്രദ്ധ നേടാതെ വളരെ വേഗം വ്യാപിക്കാവുന്ന ആപത്താണിവ.
സംസ്ഥാനത്തു ലഹരി ഉത്പന്നങ്ങളുടെ വിതരണവും ഉപയോഗവും തടയാൻ എക്സൈസ് വകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നു പറയുന്പോഴും ലഹരി വസ്തുക്കൾ ഇവിടെ ഒഴുകുകയാണ്. മയക്കുമരുന്നുകേസുകളുടെ എണ്ണത്തിലും പിടികൂടിയ ഉത്പന്നങ്ങളുടെ അളവിലും അടുത്തകാലത്തു വൻ വർധനയുണ്ടായി. ലഹരി വസ്തുക്കളുടെ വിപണനത്തിനും കൈമാറ്റത്തിനും കൗമാരക്കാരെയും യുവാക്കളെയും പലരും ഉപയോഗിക്കുന്നു.
ലഹരി ഉപയോഗത്തിനുളള അവസരമൊരുക്കിയും പണം വാഗ്ദാനം ചെയ്തുമൊക്കെയാണു വിദ്യാർഥികളേയും മറ്റും വിപണനശൃംഖലയുടെ കണ്ണികളാക്കുന്നത്. തങ്ങളുടെ ജീവിതവും മറ്റുളളവരുടെ ജീവിതവും ദയനീയമായി നശിപ്പിക്കുന്ന കെണിയാണിതെന്ന് അവർ തിരിച്ചറിയുന്പോഴേക്കും സമയം ഏറെ വൈകിയിരിക്കും.
വിദ്യാർത്ഥികളെയും യുവാക്കളെയും മയക്കുമരുന്നിലേക്ക് ആകർഷിക്കുന്നതിനായി മയക്കുമരുന്നുകൾ തുടക്കത്തിൽ സൗജന്യമായി വിതരണം ചെയ്യുകയാണ് ലഹരിമാഫിയയുടെ തന്ത്രം. ഒരുതവണത്തെ ഉപയോഗം കൊണ്ടുപോലും ലഹരിക്ക് അടിമപ്പെട്ട് പോകാം. മയക്കുമരുന്നുകൾ പല രൂപങ്ങളിലും പേരുകളിലും ലഭ്യമാണ്. പ്രത്യേകിച്ചൊരു മണമോ നിറമോ തിരിച്ചറിയത്തക്കതായി ഇല്ലാത്തതുകൊണ്ട് പലപ്പോഴും ഇത്തരം വസ്തുക്കളുടെ ഉപയോഗം കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടാണ്.
മാനസികരോഗം, അപസ്മാരം എന്നിവയ്ക്കുപയോഗിക്കുന്ന ഗുളികകളുടെ ദുരുപയോഗവും ഇന്ന് വ്യാപകമാണ്. കഞ്ചാവുത്പന്നങ്ങൾ പുകയായും ലഘുഭക്ഷണങ്ങളിൽ ചേർത്തും ഉപയോഗിക്കുന്നു. ഇത്തരം വിഷവസ്തുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ പൂർണമായും ശരീരം വിട്ടൊഴിയാൻ ഏകദേശം ഒരുമാസമെടുക്കുന്നതുകൊണ്ടുതന്നെ വളരെ ചെറിയ അളവിലുള്ള ഉപയോഗം പോലും വളരെയധികം ദോഷം ചെയ്യും. ലഹരി ഉപയോഗിക്കുന്നവരിൽ ശാരീരിക, മാനസിക വ്യത്യാസങ്ങളുണ്ടാവുകയും ഇതു പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
സമപ്രായക്കാരായ കുട്ടികളുടെ നിർബന്ധം, ആകാംക്ഷ, മാനസികമായ പ്രയാസങ്ങൾ, കുടുംബബന്ധങ്ങളിലെ വിള്ളലുകൾ, ഹെർബൽ ആണെന്നുള്ള മിഥ്യാധാരണ, താരതമ്യേന എളുപ്പത്തിലുള്ള ലഭ്യത, എന്റെ ചിന്താശേഷി വളരും എന്ന മിഥ്യാധാരണ തുടങ്ങിയവയാണ് കുട്ടികളെ ലഹരിയിലേക്ക് അടുപ്പിക്കുന്നത്.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിമുക്തി പദ്ധതി വ്യാപകമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ സഹകരിക്കുന്നു. കുട്ടികൾ ലഹരിക്കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നതു പ്രധാനമാണ്. വീണുപോയവരെ വീണ്ടെടുക്കാനുളള ശ്രമവും ഉണ്ടാവണം. ലഹരി മാഫിയകളുടെ അടിവേര് അറുക്കാൻ സർക്കാർ കർശന നിലപാടെടുക്കണം.
ഇത്തരം അവസ്ഥകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ രക്ഷിതാക്കൾ കുട്ടികളോട് ഏത് കാര്യവും തുറന്ന് സംസാരിച്ചാൽ സാധിക്കാവുന്നതേയുള്ളൂ. മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും പ്രാധാന്യം കെടുക്കുന്ന വ്യക്തിത്വം കുട്ടികളിൽ വളർത്തിക്കൊണ്ടു വരാൻ ശ്രമിക്കുക. അച്ഛനും അമ്മയും ലഹരിവസ്തുകൾക്ക് അടിമപ്പെടാതെ മാതൃകയാകുന്നത് കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായകമാകുന്നു.
ഉണ്ണി അമ്മയന്പലം