മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മതൻ ഭാഷ താൻ
മാതൃഭാഷയെക്കുറിച്ചുള്ള മഹാകവി വള്ളത്തോളിന്റെ വരികളാണിത്. സ്വന്തം അമ്മയാണ് മാതൃഭാഷയെന്ന് കവി വ്യക്തമാക്കുന്പോൾ ഇക്കാലത്ത് നിശ്ചയമായും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മുടെയെല്ലാം പെറ്റമ്മയായ ഈ മലയാളം പഠിച്ചാൽ എന്തെങ്കിലും പ്രയോജനമുണ്ടോ?
പ്രയോജനം നിർണയിക്കാൻ രണ്ടു മാനദണ്ഡങ്ങളുണ്ട്. സാംസ്കാരികമായ നേട്ടവും ജീവിതവിജയസാധ്യതയും. ഭാഷ പഠിച്ചാൽ ഈ രണ്ടു ഗുണങ്ങളും നേടാം എന്നാണു പുതിയ ബോധ്യങ്ങൾ വെളിപ്പെടുത്തുന്നത്.
മലയാളിക്കു സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ ഇന്നു ഭാഷ ഏറ്റവും മികച്ച ഉപാധിയാണ്. ഐച്ഛികവിഷയമായി ഭാഷ തെരഞ്ഞെടുത്താൽ മലയാളിക്ക് കേരളത്തിലെ പരീക്ഷാർഥികളുമായി മാത്രമേ മത്സരിക്കേണ്ടി വരികയുള്ളൂ. അടുത്തിടെ യുപിഎസ്സിയുടെ വിവിധ തസ്തികകളിൽ പ്രവേശിച്ച ഒട്ടുമിക്കവർക്കും മലയാളമാണ് തുണയായത്.
ശോഭനമായ ജീവിതം കരുപ്പിടിപ്പിക്കാൻ മാതൃഭാഷ നല്കുന്ന സഹായം ഇത്രയുമാണെങ്കിൽ വ്യക്തിത്വവികാസത്തിനു പൂർണത നല്കുന്ന ഘടകങ്ങൾ വേറെയുമുണ്ടെന്ന് ആധുനിക മനഃശാസ്ത്രപഠനങ്ങൾ പറയുന്നു. ബോധനപരമായ വികസനം (Cognitive Development) സാംസ്കാരികമായ വികാസം ഉൾക്കൊള്ളാനുള്ള ശേഷി, ആശയസംവേദനത്തിനുള്ള പ്രാപ്തി, വൈകാരികമായ സന്തുലനം എന്നിവ മാതൃഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് ഏറിയിരിക്കും.
ആത്മാഭിമാനമുള്ള മലയാളി ഉണ്ടാകണമെങ്കിൽ മലയാളം പഠിച്ചേ തീരൂ. "മുലപ്പാലിന്റെ കൂടെക്കിട്ടിയ ഭാഷ' എന്ന വിശേഷണം നമ്മുടെ ഭാഷയ്ക്കു ചേരും.
കുട്ടികൾ ഇംഗ്ലീഷോ ഹിന്ദിയോ അറബിയോ ഒക്കെ പഠിക്കുന്നതല്ലേ അവരുടെ ഭാവിക്കു നല്ലത്. പ്രത്യേകിച്ച് ഇംഗ്ലീഷ്. ശാസ്ത്രവിഷയങ്ങൾ പഠിക്കാനും ഭാവിയിൽ ജോലി കിട്ടാനുമൊക്കെ ഗുണകരം അതല്ലേ? എന്നു ചോദിക്കുന്നവരുണ്ട്. ശാസ്ത്രവിഷയങ്ങൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന നാടുകൾ പലതുണ്ട്. അവിടെയൊക്കെ പഠനവും ഗവേഷണവും നടക്കുന്നത് ഇംഗ്ലീഷ് ഉണ്ടായിട്ടല്ല.
ശാസ്ത്രപഠനവും ഇംഗ്ലീഷ് പഠനവും ഒന്നാണെന്നു നമുക്കു തോന്നുന്നത് ഇരുനൂറ് കൊല്ലത്തോളം ഈ നാട് അടക്കി ഭരിച്ച ഇംഗ്ലീഷുകാരോട് ഇപ്പോഴും തുടരുന്ന വിധേയത്വം കൊണ്ടാണ്. മാനസികമായ അടിമത്തം അവർ പോയി ഏഴു പതിറ്റാണ്ടായിട്ടും നിലനിൽക്കുന്നു എന്നർഥം. ഇവിടെ ഇപ്പോഴും പഠിക്കുക എന്നുപറഞ്ഞാൽ ഇംഗ്ലീഷ് പഠിക്കുക എന്നാണ്. അറിവുണ്ട് എന്നു പറഞ്ഞാൽ ഇംഗ്ലീഷ് അറിയാം എന്നുമാണ്.
ഇംഗ്ലീഷും ഹിന്ദിയും അറബിയും ഒന്നും പഠിക്കേണ്ട എന്നാണോ? അല്ല, അല്ലേയല്ല. മലയാളികൾ നിർബന്ധമായും മാതൃഭാഷയായ മലയാളം പഠിക്കണം. പത്താംതരം വരെയെങ്കിലും എല്ലാ വിഷയങ്ങളും മലയാളത്തിൽ പഠിക്കണം. വിദ്യാലയത്തിൽ ബോധനമാധ്യമം മാതൃഭാഷയാകണം. ആ കൂട്ടത്തിൽ ഒരു വിഷയമായി അന്യഭാഷകൾ പഠിക്കാം. പഠിക്കണം. ഈ പറയുന്നത് അന്യഭാഷാവിരോധമോ ഭാഷാമൗലികവാദമോ ഒന്നുമല്ല. ഭാഷാമൗലികവാദം മതമൗലികവാദംപോലെ ചീത്തയാണ്, സംശയമില്ല.
മലയാളികൾ മലയാളം പഠിക്കുകയും മലയാളത്തിലൂടെ പഠിക്കുകയും ചെയ്താലേ നമുക്കു ഭരണഭാഷ മലയാളമാക്കാൻ പറ്റൂ. മലയാളിയായ ഉദ്യോഗസ്ഥൻ അവധിക്കുള്ള അപേക്ഷ മലയാളിതന്നെയായ മേലുദ്യോഗസ്ഥന് എഴുതുന്നത് ഇംഗ്ലീഷിലാണ്! ഇത് എഴുതാനുംകൂടി സ്വന്തം ഭാഷയ്ക്കു പ്രാപ്തിയില്ല എന്നാണ് ഇരുവരും വിചാരിക്കുന്നുണ്ടാവില്ല. ശീലത്തിന്റെ ബലം കവി ചോദിച്ചപോലെ
ഹന്ത! പഴകിയ ശീലം പോലൊരു
ബന്ധനമുണ്ടോ ലോകത്തിൽ!
പ്രധാന കാര്യം ഭാഷ എന്നതു കുറെ പദങ്ങളോ വ്യാകരണവിധികളോ ശൈലികളോ മാത്രമല്ല. അതൊരു ലോകബോധമാണ്, വീക്ഷണമാണ്, മൂല്യവ്യവസ്ഥയാണ്. ഭാഷാപഠനത്തിന്റെ പ്രധാന ഭാഗം സാഹിത്യപരിചയമാണ്.
ചെറുശേരി, എഴുത്തച്ഛൻ, കുഞ്ചൻ നന്പ്യാർ തുടങ്ങിയ കവികളെ പരിചയപ്പെടാത്ത മലയാളി എന്തു മലയാളിയാണ്? ആശാനെയും വള്ളത്തോളിനെയും ഉള്ളൂരിനെയും കേട്ടിട്ടില്ലാത്ത മലയാളി എവിടത്തെ മലയാളിയാണ്? ബഷീറിന്റെയോ മാധവിക്കുട്ടിയുടെയോ വിജയന്റെയോ കഥ വായിക്കാനറിയാത്ത മലയാളിയുടെ സാക്ഷരതയ്ക്ക് എന്താണർഥം? "രമണൻ’ കേട്ടിട്ടില്ലാത്ത കാതുകൊണ്ട് മലയാളിക്കു വല്ല ആവശ്യവുമുണ്ടോ? ഇങ്ങനെ എന്തെല്ലാം, എന്തെല്ലാം?
വികെഎന്നിന്റെ ഒരു കഥയിൽ അദ്ദേഹം മലയാളിയായ ഒരു പ്രഫസറോടു ചോദിക്കുന്നുണ്ട്. "ബഷീറിന്റെ വല്ല കഥയും വായിച്ചിട്ടുണ്ടോ?’ ആ പണ്ഡിതന്റെ മറുപടി ഒറിജിനൽ വായിച്ചിട്ടില്ല. ആർ.ഇ. ആഷറുടെ പരിഭാഷ വായിച്ചിട്ടുണ്ട്.
പ്രശ്നം ആത്മാഭിമാനത്തിന്റേതാണ്. സ്വന്തം നാടിനെ, സംസ്കാരത്തെ, ഭാഷയെ, അമ്മയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന്റേതാണ്. ഇടശേരി "പൂതപ്പാട്ടും’ ശങ്കരക്കുറുപ്പ് "ചന്ദനക്കട്ടിലും' വൈലോപ്പിള്ളി "മാന്പഴവും' എഴുതിയ ഭാഷയാണ് നമ്മുടേത്. ബഷീർ അമ്മ എഴുതിയതും ഈ ഭാഷയിലാണ്.
വിദ്യാർഥികളും യുവാക്കളും അവയൊക്കെ വായിച്ചു വളരണം. പാരന്പര്യത്തെ സ്വാംശീകരിക്കാനും ബഹുമാനിക്കാനും വേണ്ടപ്പോൾ അതിനെ വിമർശിക്കാനും പ്രാപ്തിയുള്ളവരായി മലയാളികൾ തീരണമെങ്കിൽ, ആത്മാഭിമാനമുള്ള മലയാളി ഉണ്ടാകണമെങ്കിൽ മലയാളം പഠിക്കണം.
മറ്റു പല സംസ്ഥാനങ്ങളുടെ സാഹചര്യത്തിൽനിന്നു ഭിന്നമായി കേരളത്തിൽ എല്ലാ മതക്കാർക്കും ഒരു ഭാഷ-മലയാളം-മാത്രമേയുള്ളൂ. നമ്മുടെ സമുദായ സൗഹാർദത്തിന്റെയും മതേതരബോധത്തിന്റെയും അടിപ്പടവ് ഈ ഭാഷയാണ്. ഇവിടെ പുലരുന്ന സമാധാനത്തിന്റെയും നാം നേടിയ പുരോഗതിയുടെയും അടിസ്ഥാനവും മാതൃഭാഷതന്നെ.
ഉണ്ണി അമ്മയന്പലം