കുട്ടിക്കാലത്തെ ആശ്രയത്വത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതോടെ സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ബോധവാനാകുന്ന പരിവർത്തനഘട്ടം. ഒരു നിശ്ചിത പ്രായക്കാരുടെ സംഘത്തിനപ്പുറം കൂടുതൽ വഴക്കമാർന്ന ഒരു വിഭാഗമാണ് യുവത’- യൗവ്വനം എന്ന പദത്തെ യുനെസ്കോ നിർവചിക്കുന്നത് ഇങ്ങനെയാണ്.
ലോകത്തിലെ ഭൂരിഭാഗം വികസിത രാജ്യങ്ങളിലും ജനസംഖ്യയിൽ ഇന്നു മുന്നിൽ നിൽക്കുന്നത് വൃദ്ധരാണ്. എന്നാൽ ലോകം 2020-ൽ എത്തുന്പോൾ ഏറ്റവുമധികം ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയായിരിക്കും. രാജ്യത്തിന്റെ ഭാവി എന്ന നിലയിൽ യുവാക്കൾക്ക് രാഷ്ട്രനിർമാണത്തിൽ ബൃഹത്തായ പങ്കാണ് വഹിക്കാനുള്ളത്. യുവാക്കളുടെ സൃഷ്ടിപരമായ സാധ്യതകൾക്കൊപ്പം അവരുടെ ഉത്സാഹവും, ഉൗർജ്ജവും, വൈദഗ്ദ്ധവും ഒന്നിച്ചു ചേരുന്പോൾ ഏതു രാജ്യത്തും അത്ഭുതങ്ങൾ തന്നെ സംഭവിക്കും.
അനുയോജ്യമായ ഗാർഹിക ചുറ്റുപാടുകളിൽ കുഞ്ഞുങ്ങളെ ആരോഗ്യത്തോടെ വളർത്തുക, അവർക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ ദിശയിലെ ആദ്യപടി. ഇത് ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നിർണായക നീക്കമാണ് വിദ്യാഭ്യാസ അവകാശനിയമം-2009. സർവ ശിക്ഷാ അഭിയാൻ, ഇ-പാഠശാല, ഉഡാൻ എന്നീ പദ്ധതികളും കുട്ടികൾക്ക് എല്ലാ തലത്തിലും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സർക്കാർ നടത്തിവരുന്ന സഫലമായ പരിശ്രമങ്ങളാണ്.
എന്നാൽ ഇപ്രകാരം വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങൾക്ക് നിർദ്ദിഷ്ട തൊഴിലുകൾ ലഭിക്കുന്നതിന് അത്യാവശ്യം നൈപുണ്യവും കൂടി ഉണ്ടായിരിക്കണം. അതിനാൽ ഈ യുവശക്തിയെ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള മനുഷ്യവിഭവശേഷിയുടെ വിശാലസ്രോതസ്സാക്കി മാറ്റുന്നതിനുള്ള കൃത്യവും തൃപ്തികരവുമായ നൈപുണ്യവികസനവും പരിശീലനവുമാണ് നാം ആസൂത്രണം ചെയ്യേണ്ടത്. ഈ ദിശയിലുള്ള സർക്കാരിന്റെ ചുവടുവയ്പ്പാണ് സ്കിൽ ഇന്ത്യ മിഷൻ.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ചുള്ള നൈപുണ്യം സന്പാദിക്കാൻ ഈ പദ്ധതി യുവാക്കളെ സഹായിക്കുന്നു. 2022 ആകുന്പോഴേയ്ക്കും 40 കോടി യുവാക്കൾക്ക് അവർക്കു താൽപ്പര്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദഗ്ദ്ധപരിശീലനം നൽകി അവരെ നിപുണരാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കൾ തൊഴിൽരഹിതരാണെങ്കിൽ അത് സന്പദ്വ്യവസ്ഥയെ പിന്നോട്ടടിക്കും എന്നു മാത്രമല്ല അവർ സമൂഹത്തിനു ഭീഷണിയുമാകും. അതിനാൽ സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡപ്പ് ഇന്ത്യ എന്നീ പദ്ധതികളിലൂടെ കഴിയുന്നത്ര സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഗവൺമെന്റ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത്. മുദ്ര, സേതു, എയിം (അടൽ ഇന്നൊവേറ്റീവ് മിഷൻ) തുടങ്ങിയവയാണ് ഏതാനും പരിപാടികൾ.
രാഷ്ട്രനിർമാണത്തിന്റെ മഹാസ്തംഭങ്ങളാണ് യുവജനങ്ങൾ. വിധിയെ മാറ്റാനുള്ള നിയോഗവും ഉൗർജ്ജവും അവരുടെ കൈകളിലാണ്. അതുകൊണ്ട്, സ്വന്തം വിധി മാറ്റാൻ ആഗ്രഹിക്കുന്ന ഏതു രാജ്യത്തിനും അത്ഭുതകരമായ ഈ വിഭവത്തിന്റെ അഭിലാഷങ്ങളും ഉൗർജ്ജവും ഉപയോഗപ്പെടുത്താനുള്ള ഉപാധികളും മാർഗവും കൈവശമുണ്ടായിരിക്കണം. ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് ഒരിക്കൽ പറയുകയുണ്ടായി, നമ്മുടെ യുവജനങ്ങളുടെ ഭാവി നമുക്കൊരിക്കലും രൂപപ്പെടുത്താവില്ല, പക്ഷെ ഭാവിയിലേക്കുള്ള യുവാക്കളെ നമുക്ക് രൂപപ്പെടുത്താനാവും.
ഉണ്ണി അമ്മയന്പലം