ഉപന്യാസത്തിന്റെ ആരംഭം ആകർഷകവും വിഷയത്തിന്റെ മർമസ്പർശിയും ആയിരിക്കണം. വിവരണങ്ങളുടെ സമർഥനം ആയിരിക്കണം അവസാനം വരേണ്ടത്. എന്നാൽ, വിഷയത്തിന്റെ ഏതു അംശത്തിലാണ് -ഏത് ആശയം പറഞ്ഞുകൊണ്ടാണ് - ഉപന്യാസം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യേണ്ടത് എന്നു പറയാൻ ആർക്കും അവകാശമില്ല. അതു രണ്ടും നിശ്ചയിക്കേണ്ടത് ലേഖകന്റെ ഒൗചിത്യബോധമാണ്. ആ ഒൗചിത്യബോധം വേണ്ടതുപോലെ പ്രയോഗിക്കാതിരുന്നാൽ ലേഖനത്തിന്റെ മാറ്റ് കുറയും.
പത്രത്തിന്റെ പ്രാധാന്യം ആണ് വിഷയമെങ്കിൽ താഴെക്കൊടുക്കുന്നവയിൽ പലതുകൊണ്ടും ഉപന്യാസം തുടങ്ങാം.
1. ഈ കൊച്ചു കേരളത്തിൽ പോലും എത്രയോ പത്രങ്ങൾ ദിവസവും ലക്ഷക്കണക്കിന് പ്രതികൾ അച്ചടിക്കുന്നു! ഏതു ജീവിതരീതിയും പദവിയും ഉള്ളവനും നിത്യജീവിതവുമായി ബന്ധപ്പെടാൻ പത്രത്തെക്കാളേറെ മറ്റൊരാശ്രയം ഇല്ല. അതിന്റെ തെളിവാണല്ലോ വില കൂടിയപ്പോഴൊക്കെ വായനക്കാർ പത്രം വേണ്ടെന്നു വിചാരിക്കാത്തത്, അതുമതി പത്രത്തിന്റെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടാൻ.
2. ജനതയുടെ സംസ്കാരത്തെയും മനോഭാവത്തെയും സ്വാധീനിക്കാനും നിയന്ത്രിക്കാനും മറ്റൊന്നാക്കാനും കഴിയുന്ന പത്രങ്ങൾ കാലഘട്ടത്തിന്റെ സ്രഷ്ടാവും സൂക്ഷിപ്പുകാരനും ചരിത്രകാരനും ആണ്.
3. അനുദിനജീവിതത്തിന്റെ അവിഭാജ്യഘടകവും ജീവിതപുരോഗതിയുടെ ആശ്രയസ്ഥാനവുമാണ് പത്രം. ഇന്നത്തെ മനുഷ്യന്റെ സാമൂഹികജീവിതത്തിന് അതു ഉണ്ടായിരുന്നേ മതിയാകൂ എന്നു പറയത്തക്ക പ്രാധാന്യമുണ്ട് പത്രത്തിന്.
4. പത്രത്തെയും ചായയേയും ഒരേസമയം അകത്താക്കുക ലോകമെങ്ങും ഒരു പ്രഭാതകൃത്യം ആയിരിക്കുന്നു. രാവിലെ തന്നെ അതു കിട്ടിയില്ലെങ്കിൽ എന്തോ നഷ്ടപ്പെട്ടതുപോലെയുള്ള തോന്നലാണ് ആളുകൾക്ക്. ഇതിൽനിന്ന് ഒന്നു വ്യക്തമാണ്; പത്രത്തിന് ഓരോ മനുഷ്യന്റെയും ജീവിതത്തിൽ എത്ര വലിയ സ്ഥാനമാണുള്ളതെന്ന്. പത്രം വരുത്താത്ത വീടുകളും വായിക്കാത്ത ആളുകളും ചുരുക്കമാണ്. പത്രം ഇല്ലെങ്കിൽ പുരാതനയുഗത്തിൽ ജീവിക്കുന്നതിനു തുല്യമാണെന്ന് അറിയാത്തവരില്ല.
5. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി എന്നതും, സ്വേച്ഛാധിപത്യമുള്ള രാജ്യങ്ങളിൽ പത്രങ്ങൾ വായ് മൂടിക്കഴിയുന്നു എന്നതും, ജനജീവിതത്തിൽ അതിനുള്ള പ്രാധാന്യം വിളിച്ചറിയിക്കാൻ പോരുന്ന തെളിവുകളാണ്.
താഴെക്കൊടുക്കുന്നവയിൽ ഏതും പുസ്തകപാരായണം എന്നതിന് ആമുഖമാക്കാം.
1. കണ്ണുരുട്ടാതെയും വടി എടുക്കാതെയും പഠിപ്പിക്കുന്ന ഗുരുനാഥന്മാരാണ് പുസ്തകങ്ങൾ. അതിന്റെ രചയിതാവ് അനവധി വർഷങ്ങളുടെ ജീവിതംകൊണ്ട് നേടിയ അറിവു മുഴുവൻ ഏതാനും മണിക്കൂറിനകം വായനക്കാരന്റെ സ്വന്തം സന്പത്താക്കാം എന്നതാണ് പുസ്തകപാരായണത്തിന്റെ ഏറ്റവും വലിയ നേട്ടം.
2. മനസിന്റെ ഭക്ഷണമാണ് വായന. കൂടുതൽ പോഷണം കിട്ടുന്നത് പുസ്തകപാരായണത്തിലൂടെയാണ്. ചില ആഹാരം ശരീരത്തിനു ദോഷം ചെയ്യുന്നതുപോലെ, ചില പുസ്തകങ്ങൾ മനസിനും ദോഷം ചെയ്യുന്നു. പോഷണവും ദൂഷണവും വായനയിലൂടെ സംഭവിക്കാം എന്നതിനാൽ, വായിക്കാനുള്ളതു തെരഞ്ഞെടുക്കുന്നതിൽ ഒൗചിത്യം വേണം.
3. നൂറ്റാണ്ടുകൾകൊണ്ട് അസംഖ്യം തലമുറകളിലൂടെ മനുഷ്യവർഗം നേടിയ അനുഭവ-വിജ്ഞാന-സന്പത്തുകൾ, പലർ ഗ്രന്ഥത്തിൽ ശേഖരിച്ചുവച്ചു. അതുപയോഗിച്ചാണ് നരവംശം ഇന്നു കാണുന്നവിധം സാംസ്കാരികവും സാമൂഹ്യവും ശാസ്ത്രീയവുമായ പുരോഗതി നേടിയത്.
4. പുസ്തകത്തിന്റെ മുന്പിൽ കുന്പിടാത്ത ഒരു ജനതയും ഇന്നോളം ഭൂമുഖത്ത് ഉണ്ടായിട്ടില്ല. ഭാരതീയർ പുസ്തകപൂജയ്ക്കു തന്നെ ഒരു ദിവസം കല്പിച്ചുകൊടുത്തിരിക്കുന്നു. വിജ്ഞാനം മനുഷ്യവംശത്തിന് നല്കിയിട്ടുള്ള അനുഗ്രഹത്തിന്റെ പ്രതീകമാണ് സരസ്വതി എന്ന വിദ്യാദേവി. പുസ്തകം വായിക്കുന്പോൾ വിജ്ഞാനാനുഗ്രഹമാണ് കിട്ടുന്നത്.
5. അപരിഷ്കൃത ജനങ്ങളൊഴികെ അറിയപ്പെട്ട മറ്റെല്ലാ രാഷ്ട്രങ്ങളെയും ഭരിക്കുന്നത് ഗ്രന്ഥമാണ്-വോൾട്ടയർ പറയുന്നു. പുസ്തകങ്ങൾ ജനതയെ സൃഷ്ടിക്കുന്നു എന്ന് എച്ച്.ജി. വെത്സ് പറയുന്നു. അതിനാൽ പുസ്തകങ്ങൾ വെറും കടലാസ് കെട്ടുകളല്ല. മനുഷ്യനേക്കാൾ മഹനീയവും സമൂഹങ്ങളേക്കാൾ അനശ്വരവും ആണത്. പുസ്തകപാരായണം എത്ര മഹത്തരമാണെന്ന് ഇവയിൽനിന്നെല്ലാം സങ്കൽപ്പിക്കാൻ കഴിയും.
ഉപന്യാസം ഏത് ആശയത്തിൽ തുടങ്ങണം എന്ന് നിഷ്കർഷ ഇല്ലെന്ന് ബോധ്യപ്പെടുത്താനാണ് ഇത്രയും ഉദാഹരണങ്ങൾ കൊടുത്തത്. അത് ആകർഷകവും വിഷയത്തിന്റെ മർമത്തെ സ്പർശിക്കുന്നതും ആയാലുള്ള ഗുണങ്ങൾ മുന്പേ പറഞ്ഞിട്ടുണ്ട്. നിസാരമായ എന്തെങ്കിലും വസ്തുതകളിൽ തുടങ്ങാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. കാരണം, എഴുതിത്തുടങ്ങിയതിനോട് അനുബന്ധിച്ചുള്ള ആശയങ്ങളാണ് തുടർന്നും എഴുതിപ്പോകാൻ സ്വാഭാവികസാധ്യത. ചിന്തകളുടെ നിലവാരം കുറഞ്ഞ ഉത്തരമാണ് ഇതെന്ന് വായനക്കാരന് തോന്നാൻ ഇടയാകരുത്.
വിഷയസംബന്ധമായ ഏത് ആശയത്തിൽ തുടങ്ങണം എന്നു നിർബന്ധമില്ലെങ്കിലും, ഉപന്യാസം ഏതിൽ ഉപസംഹരിക്കണം എന്ന് നിഷ്കർഷയുണ്ട്. വിഷയത്തിന്റെ ഏത് അംശത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണോ വികസനം എഴുതിപ്പോന്നിട്ടുള്ളത്, അതിനനുസരിച്ചാണ് ഉപസംഹാരവും. പുസ്തകപാരായണത്തിന്റെയും പത്രങ്ങളുടെയും വ്യത്യസ്തങ്ങളായ തുടക്കങ്ങൾ കൊടുത്തിട്ടുണ്ടല്ലോ. ആ ഓരോന്നിനും പ്രാധാന്യം നല്കിക്കൊണ്ട് ഉപന്യസിക്കാൻ രണ്ടു താൾ പോര. ഏതെങ്കിലും ചില ആശയങ്ങൾ മാത്രമേ വികസനത്തിൽ മുന്നിട്ടുനിൽക്കുകയുള്ളൂ. ആ വിവരണങ്ങൾകൊണ്ട് എന്ത് സ്ഥാപിക്കുന്നുവോ അതാണ് അവസാനം എഴുതേണ്ടത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വലിയ വിശദീകരണത്തിലൂടെ ലേഖകൻ എന്തു വ്യക്തമാക്കുന്നുവോ ആ ആശയത്തിൽചെന്നു നിൽക്കണം വായനക്കാരനും.
മിക്ക ചോദ്യങ്ങളിലും ആ സൂചന ഉണ്ടായിരിക്കുകയില്ല. സ്വന്തം അഭിപ്രായം സ്ഥാപിക്കാം. അതിന് ഒരു വാക്യമോ ഒരു ഖണ്ഡികയോ ഉപയോഗിക്കാം. ഒരു വാക്യം ആയാൽപ്പോലും, അത് ഒരാശയത്തിന്റെ പിന്തുടർച്ചയായ വിശദീകരണമല്ല എന്നതിനാൽ, വേറെ ഖണ്ഡിക ആക്കുകയും വേണം. അതുവരെയുള്ള വിവരണങ്ങളുടെ മൊത്തം തൂക്കം അതിലുണ്ടായിരിക്കണം. അതിനാൽ, സ്വന്തം അഭിപ്രായം എഴുതിയാൽ മതിയല്ലോ എന്ന് അത്ര ലളിതമായിക്കരുതേണ്ട.
ഒരു വിഷയത്തിന്റെ പല ആശയാംശത്തിന് പ്രാധാന്യം വരാം എന്നതിനാൽ ഉപസംഹാരവും വേറെ വേറെ ആകാമല്ലോ. ഏതാനും മാതൃകകൾ:-
വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും എന്ന വിഷയം ഇങ്ങനെ ഉപസംഹരിക്കാം
1. വിജ്ഞാനസന്പാദനം മാത്രമാണ് വിദ്യാഭ്യാസലക്ഷ്യം എന്ന ഇന്നത്തെ നില തുടർന്നുപോയാൽ, തൊഴിൽ പരിശീലിപ്പിക്കുന്നില്ലെങ്കിൽ, വിദ്യാലയം വിട്ടിറങ്ങുന്ന ഒരു വ്യക്തി വളർന്ന് കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും തനിക്കു തന്നെയും പ്രയോജനപ്പെടാതാകും.
2. വിദ്യാലയത്തിൽവച്ച് നേടുന്ന വിജ്ഞാനവും നൈപുണ്യവും ഉപയുക്തമാകണമെങ്കിൽ, അതിന് അവസരം കിട്ടുന്ന തൊഴിൽ വേണം. ഇല്ലെങ്കിൽ ഓരോരുത്തരുടെ വിദ്യാഭ്യാസത്തിനും മറ്റും വേണ്ടി രാഷ്ട്രം വഹിക്കുന്ന വ്യയം ഉത്പാദനക്ഷമം അല്ലാതെ പോകും. ഒരുവന്റെ അധ്വാനശേഷി രാജ്യാഭിവൃദ്ധിക്കുള്ള വിഭവമാകയാൽ വിദ്യാലയത്തിൽ തൊഴിൽ പരിശീലനം ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്.
3. പഠിച്ചിറങ്ങിയാലും തൊഴിലില്ല എന്നറിയുന്ന വിദ്യാർഥി ലക്ഷ്യബോധം ഇല്ലാത്തവനായിട്ട് വിദ്യാലയപഠനത്തെ അവഗണിക്കുന്നതിൽ അദ്ഭുതമില്ല. അക്കാദമികപഠനം പാഴ്ച്ചെലവായിപ്പോകുന്നു.
കലകൾക്ക് സാംസ്കാരികപുരോഗതിയിലുള്ള പങ്ക് ഇങ്ങനെ ഉപസംഹരിക്കാം
1. ഈ വിവരണങ്ങളെല്ലാം പ്ലേറ്റോയുടെ വാക്യത്തിലൂടെ സമർഥിക്കാം:- ഒരു ജനതയെ മാറ്റാൻ അവരുടെ കലയെ മാറ്റിയാൽ മതി.
2. ഇപ്പറഞ്ഞവയെല്ലാം ശരിയെന്ന് ബോധ്യമാകാൻ മനുഷ്യന്റെ ആദിമകാലത്തേക്കു നോക്കിയാൽ മതി. കലകൾ ഇല്ലാതിരുന്ന അക്കാലത്ത് മനുഷ്യന് സംസ്കാരവും ഉണ്ടായിരുന്നില്ല. കലാസന്പത്തും മനുഷ്യന്റെ സംസ്കാരസന്പത്തും തമ്മിലുള്ള ബന്ധത്തിന്റെ അഭേദ്യത സ്ഥാപിക്കാൻ കൂടുതൽ വിവരണങ്ങൾ വേണ്ട.
3. ജനജീവിതത്തോട് കലകൾക്ക് കടപ്പാടുണ്ട്. ജീർണതകളിൽനിന്ന് ജനസമൂഹത്തെ എന്നും പിന്തിരിപ്പിച്ചു പോന്നിട്ടുള്ളതും കലകളാണ്. എന്നാൽ, ഇന്ന് ലാഭമോഹികളായ ശിൽപ്പികൾ കലയിലൂടെ സാംസ്കാരികമായ അധഃപതനം സൃഷ്ടിക്കുന്നു.
ഉപന്യാസത്തിന്റെ ആദ്യാന്ത്യങ്ങൾ ചിന്തയുടെ മികവ് കാണിച്ചുകൊണ്ട് തയാറാക്കണം. അതു ബോധ്യപ്പെടുത്താനാണ് ആ രണ്ടു വിഷയങ്ങൾ പിന്നെയും പ്രത്യേകമായി വിവരിച്ചത്.