സ്വന്തം ഭാവത്തിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും മതങ്ങളും പറയുന്നു. ദുഃസ്വഭാവങ്ങൾകൊണ്ട് താത്കാലികമായ നേട്ടമേയുള്ളൂ എന്നും അവയുടെ ദോഷഫലങ്ങൾ അവനവൻ തന്നെ അനുഭവിക്കേണ്ടിവരുമെന്നും പുരാണകഥകളും ജന്തുകഥകളും അനുഭവകഥകളും പഠിപ്പിക്കുന്നു. എന്നിട്ടും സത്സ്വഭാവം എല്ലാവരിലും വേണ്ടത്ര ഇല്ലതാനും.
പോലീസ്, കോടതി, നിയമം, മതം, ദൈവം, സ്വർഗം — ഇവ തത്കാലം നമുക്ക് മറക്കാം. വ്യക്തിയുടെയും അവനെ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെയും സുഖപൂർണ്ണമായ സ്ഥിതിക്കു വേണ്ടിയാണ് സ്വഭാവശുദ്ധി. രണ്ടിന്റെയും സുസ്ഥിതി ഒരുപോലെ ആവശ്യവുമാണ്.
വ്യക്തികൾ ചേർന്നാലേ സമൂഹമാകൂ. സമൂഹത്തിലൂടെയേ വ്യക്തിക്ക് വികസിക്കാനും പറ്റുകയുള്ളു. ഓരോ മനുഷ്യരും പല കാരണങ്ങളാൽ അങ്ങുമിങ്ങും ബന്ധപ്പെടേണ്ടതുണ്ട്. ആ ബന്ധപ്പെടൽ ഒരാൾക്കെങ്കിലും തൃപ്തികരമല്ലാതായാൽ, സ്നേഹം നഷ്ടപ്പെടുന്നു. വാക്കാലോ പ്രവൃത്തിയാലോ ഒരുവനിൽനിന്ന് കിട്ടാവുന്ന സഹായസഹകരണങ്ങളും നഷ്ടപ്പെടുന്നു. കലഹംപോലും ഉണ്ടാകാം. കലഹം മരണത്തിൽ അവസാനിക്കുന്ന പത്രവാർത്തകൾ ധാരാളം.
ആവശ്യങ്ങളുടെ രീതി പോലെയാണല്ലോ മനുഷ്യബന്ധങ്ങളുടെയും രീതി. ഒരു വിൽപ്പനക്കാരൻ കടം തരുന്ന ആളാണെങ്കിൽപ്പോലും തൂക്കത്തിലോ വിലയിലോ വെട്ടിപ്പ് നടത്തിയതായി അറിഞ്ഞാൽ, പിന്നെ നമ്മൾ അങ്ങോട്ട് പോകുന്നില്ല. ആളുകളെ ആകർഷിക്കുന്ന സ്വഭാവഗുണം ഓരോരുത്തനും സ്വന്തം നിലനിൽപ്പിന് ആവശ്യമാണെന്ന് വരുന്നു.
അംഗഭംഗം, ദാരിദ്ര്യം, വൈരൂപ്യം എന്നിവയാൽ മറ്റുള്ളവരിൽനിന്ന് സ്നേഹവും സഹായസഹകരണങ്ങളും ആർക്കും കിട്ടാതെ പോകുന്നില്ല — സ്വഭാവവൈശിഷ്ട്യം ഉണ്ടെങ്കിൽ. ഒരുവനെ മറ്റുള്ളവർ സ്നേഹിക്കുകയോ ഇഷ്ടപ്പെടുകയോ സഹായിക്കുകയോ ചെയ്യുന്നത് അവന്റെ തടിമിടുക്കോ സ്ഥാനമാനങ്ങളോ ധനപ്രൗഢിയോ കണ്ടിട്ടല്ല. ഇവയെല്ലാം ഉണ്ടായാലും ആരും ഇഷ്ടപ്പെട്ടില്ലെന്ന് വരാം.
സ്വന്തം ധനത്തിൽ അഹങ്കരിച്ച് മറ്റുള്ളവരോട് പുഞ്ചിരിക്കാൻ പോലും ഇഷ്ടപ്പെടാതിരുന്ന പ്രതാപവാൻ മരിച്ചപ്പോൾ, ഉന്നതോദ്യോഗസ്ഥന്മാരായ മക്കൾ കൂലിക്ക് ആളെ വിളിച്ച് ശവമഞ്ചം എടുപ്പിച്ച സംഭവവും ഈ ലോകത്ത് ഉണ്ടായിട്ടുണ്ട്.
യാത്രക്കാർ തമ്മിൽ ഇടപെടാൻ സൗകര്യമുണ്ട്. ട്രെയിൻ യാത്രയിൽ ധിക്കാരത്തോടെ തിക്കി ഇടയുണ്ടാക്കി ഇരിക്കുന്നവരുണ്ട്. താഴ്മയോടെ ചോദിച്ച് ഇരിപ്പിടം നേടുന്നവരുമുണ്ട്. പിന്നീട് മറ്റുള്ളവരുടെ സഹകരണം രണ്ടാമനേ കിട്ടൂ. കാരണം, അയാൾക്കേ സഹകരണമനോഭാവം ഉള്ളൂ. ദുഃസ്വഭാവം കൊണ്ട് നേടാവുന്നതിലേറെ സത്സ്വഭാവം കൊണ്ട് നേടാം.
അംഗീകാരം, സ്നേഹം, സഹകരണം, മനഃസുഖം തുടങ്ങി മറ്റുള്ളവരിൽനിന്ന് കിട്ടേണ്ടതുണ്ട്. അതിന് കൊടുക്കേണ്ടുന്ന വിലയാണ് സത്സ്വഭാവം. അത് ചെറുപ്പത്തിലേ പരിശീലിക്കാൻ അവസരം കിട്ടുന്നിടമാണ് വിദ്യാലയം.
ഉണ്ണി അമ്മയന്പലം