2018-ലെ പ്രളയത്തിൽ പതിറ്റാണ്ടുകൾക്ക് മുന്പ് തനിക്ക് നഷ്ടപ്പെട്ട ഇടങ്ങളെ പുഴകൾ തിരിച്ചുപിടിക്കുന്ന കാഴ്ച നമ്മൾ കണ്ടതാണ്.
ജലം ജീവനാണെന്നും ജലമില്ലെങ്കിൽ ജീവനില്ലെന്നും കേട്ടു വളർന്നവരാണ് നമ്മൾ ഓരോരുത്തരും. ജലത്തെ ഭൂമിയിൽ എത്തിക്കുന്നത് നദികളാണ്. അവ മണ്ണിനെ നനച്ച് ഭൂമിയെ ഫലസമൃദ്ധമാക്കുന്നു. നദീജലം ഗാർഹികാവശ്യങ്ങൾക്കുവരെ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്തിനേറെ പറയുന്നു ജലത്തിന്റെ ഉപമകളിലൊന്നുതന്നെ കണ്ണാടിപോലെ തെളിഞ്ഞത് എന്നാണ്. നമ്മുടെ നദികൾ ആ ഉപമയിൽ നിന്നൊക്കെ വഴിമാറി ഒഴുകാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.
കരിനീലത്തിന്റെയോ പച്ചയുടെയോ നിറമേന്തി ഒരുതരം കട്ടികൂടിയ ദ്രാവകമായി മാറിയിരിക്കുന്നു ജലം! രാസവള മിശ്രിതങ്ങളും കീടനാശിനികളും അമ്ലവസ്തുക്കളും ജൈവമാലിന്യങ്ങളും ചേർന്നു വിഷക്കഷായമായി നദികൾ മാറിക്കഴിഞ്ഞു. നദീജലം മൃഗങ്ങൾക്കോ മരങ്ങൾക്കോ പോലും കുടിനീരായി കൊടുക്കാനാവില്ല.
നദികളിൽ ഓരോ ദിവസവും വന്നുചേരുന്നത് എന്തൊക്കെയാണെന്നറിഞ്ഞാൽ തലചുറ്റിപോകും. വ്യവസായശാലകളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ, നഗരത്തിലെ ഓടകൾ വർഷിക്കുന്ന മാലിന്യങ്ങൾ, ചപ്പുചവറുകൾ, കീടനാശിനികൾ, രാസവളങ്ങൾ തുടങ്ങി ആണവമാലിന്യങ്ങൾ, ലോഹമാലിന്യങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ - എന്നുവേണ്ടാ, ഭൂമിയിലുണ്ടാവുന്ന എല്ലാവിധ മാലിന്യങ്ങളും എത്തിച്ചേരുന്ന സ്ഥലമായി നദികൾ മാറിയിരിക്കുന്നു.
മെർക്കുറി, വിവിധ ലോഹങ്ങളുടെ സയനൈഡുകൾ, ഫിനോളുകൾ, ക്രോമിയം, ഫ്ളൂറൈഡുകൾ തുടങ്ങി എത്രയോ ഇനം രാസവസ്തുക്കളാണ് ജലത്തിന്റെ മലിനീകരണത്തിനു കാരണമാവുന്നത്. ഡിഡിറ്റി, ബിഎച്ച്സി, ആൽഡ്രിൻ തുടങ്ങി 12 ഓളം കീടനാശിനികൾ ജലത്തിൽ കലരുന്നു.
ജലത്തിലെ പിഎച്ച് മൂല്യം താഴുന്നതും വിഷവാതകങ്ങൾ കലരുന്നതും അമ്ലമാലിന്യവുമെല്ലാം ജലത്തിലെ സൂക്ഷ്മജീവികളെ നശിപ്പിക്കും. കാർബണ്മോണോക്സൈഡ് കലർന്ന ജലത്തിൽ മത്സ്യങ്ങൾക്ക് ശ്വസിക്കാനാവാതെ അവ ചത്തുപൊന്തും. മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ ഒരിക്കലും ഒഴിയാത്ത രാസവസ്തുക്കളുമുണ്ട് ഇക്കൂട്ടത്തിൽ. പല്ലുകൾ, സന്ധികൾ, കരൾ, തൈറോയിഡ്, വൃക്ക തുടങ്ങി നമ്മെ സ്ഥിരമായി രോഗക്കിടക്കയിലാക്കാനും മരണത്തിലേക്ക് എത്തിക്കാനും അവയ്ക്ക് നിഷ്പ്രയാസം സാധിക്കും.
നഗരവത്കരണത്തിന്റെ ഭാഗമായി പുറന്തള്ളുന്ന കടലാസ്, പൾപ്പ്, പ്ലാസ്റ്റിക്, ബാറ്ററി തുടങ്ങിയവയുടെ നിക്ഷേപവും നദിയെ വീർപ്പുമുട്ടിക്കും. മസ്തിഷ്കരോഗങ്ങൾക്കുപോലും ഇവ കാരണമാകും. പരിസ്ഥിതിക്ക് യാതൊരു പരിഗണനയും നൽകാതെ നദിയുടെ തീരങ്ങളിൽ ഉയരുന്ന അപ്പാർട്ട്മെന്റുകൾ നദീജലത്തെ വിഷമയമാക്കുന്നു. ആശുപത്രികളിൽ നിന്നു തള്ളുന്ന മാലിന്യങ്ങളിൽ മനുഷ്യാവയവങ്ങൾ പോലുമുണ്ടെന്ന വസ്തുതയും നമുക്കു മറക്കാനാവില്ല.
മാലിന്യങ്ങൾ ഉണ്ടാവുന്ന സ്ഥലത്തുതന്നെ സംസ്കരിക്കാനാവശ്യമായ പദ്ധതിയാണ് നദിയുടെ ജീവൻ സംരക്ഷിക്കാനുള്ള മാർഗം. കഴിവതും മാലിന്യം സൃഷ്ടിക്കാതിരിക്കലും വ്യാപനം തടയാൻ സഹായിക്കും. ഇനിയും വരാനിരിക്കുന്ന എത്രയോ തലമുറകളുടേതുകൂടിയാണ് നമ്മുടെ ജലസന്പത്ത്. നാടിന്റെ രക്തധമനികളായ പുഴകളെ സ്നേഹിച്ചും സംരക്ഷിച്ചും മനുഷ്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റാൻ നമുക്കെല്ലാവർക്കും കൈകോർക്കാം.
ഉണ്ണി അമ്മയന്പലം