Star Chat |
Back to home |
|
എല്ലാം ഒരു ഗ്രേസ് |
|
|
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന വെബ് സീരിസില്‍ ഒരല്പം മാനസിക വെല്ലുവിളിയുള്ള ലില്ലിക്കുട്ടി എന്ന കഥാപാത്രമായെത്തി കൈയടി നേടുകയാണ് നടി ഗ്രേസ് ആന്റണി. നിതിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കിയ നാഗേന്ദ്രന് ഹണിമൂണ്‍സിലെ ലില്ലിക്കുട്ടിയെ മലയാളികള്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഗ്രേസ് ആന്റണി. "മലയാളം വേണോ ഹിന്ദി വേണോ തമിഴ് വേണോ' എന്നൊരൊറ്റ ചോദ്യത്തിലൂടെ ആദ്യ സിനിമയിലൂടെത്തന്നെ പ്രേക്ഷകരെ ഒന്നാകെ കൈപ്പിടിയിലാക്കിയ താരമാണ് ഗ്രേസ്. സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇപ്പോള്‍ നിറയുന്നത് "ജോസേട്ടനെന്നെ ഇഷ്ടായോ...'' എന്നു തുടങ്ങുന്ന ലില്ലിക്കുട്ടിയുടെ ആദ്യ വെബ്സീരിസിലെ ഡയലോഗുകളാണ്. അപ്രതീക്ഷിതമായി ചിരിക്കുകയും കരയുകയും ആക്രമിക്കുകയും ചെയ്യുന്ന ലില്ലിക്കുട്ടിയെ കണ്ട പലരും പറഞ്ഞത് മലയാളത്തിന് അകാലത്തില്‍ നഷ്ടപ്പെട്ടുപോയ നടി കല്പന തിരിച്ചുവന്നിരിക്കുന്നുവെന്നാണ്. ഗ്രേസ് ആന്റണിയെ ഉര്‍വശിയോടും കല്പനയോടും ബിന്ദു പണിക്കരോടുമൊക്കെ ഉപമിക്കുന്നവരുണ്ട്. എന്നാല്‍, അവരുടെ അഭിനയ മികവിനൊപ്പമെത്താന്‍ തനിക്കൊരിക്കലും കഴിയില്ലെന്നു ഗ്രേസ് ആന്റണി പറയുന്നു. നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് കണ്ട ശേഷം ഗ്രേസിനെ നടന് ദിലീപ് നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു. കോമഡി ചെയ്യുമ്പോള്‍ ഗ്രേസിന് അപാര ടൈമിംഗ് ആണെന്നാണ് ദിലീപ് പറഞ്ഞത്. ഇതിനിടെ, ഗ്രേസും ബേസില്‍ ജോസഫും ഒന്നിച്ചഭിനയിക്കുന്ന നുണക്കുഴി എന്ന ജീത്തു ജോസഫ് ചിത്രവും ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. ഹാപ്പി വെഡിംഗ് (2016) എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഗ്രേസ് ആന്റണി പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായി മാറിയത് കുമ്പളങ്ങി നൈറ്റ്സ്, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. ഇതിനകം ഇരുപതോളം സിനിമകൾ പൂർത്തിയാക്കി. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍നിന്നു ഭാരതനാട്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഓഡീഷനിലൂടെയാണ് സിനിമയിലെത്തുന്നത്. ഗ്രേസ് സണ്‍ഡേ ദീപികയോട്... വെബ്സീരിസിലേക്ക് നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന വെബ് സീരിസിലേക്ക് അതിന്റെ സംവിധായകന് നിതിന്‍ ചേട്ടനാണ് (നിതിന്‍ രഞ്ജി പണിക്കര്‍) എന്നെ വിളിക്കുന്നത്. ഇങ്ങനൊരു വെബ് സീരിസ് ചെയ്യുന്നുണ്ടെന്നും അതില്‍ 30 മിനിറ്റുള്ള ഒരു എപ്പിസോഡിലേക്കാണെന്നും പറഞ്ഞു. എനിക്കു സിനിമയില്‍ അഭിനയിച്ച പരിചയം മാത്രമേയുള്ളു. അതിന്റേതായ ഒരു കൗതുകം ഉണ്ടായിരുന്നു. ഇത്തിരി പ്രശ്നക്കാരിയായ, തമാശയൊക്കെ ഉള്ള കാരക്ടറാണെന്നു പറഞ്ഞപ്പോള്‍ താത്പര്യമായി. കഥ വായിച്ചുകഴിഞ്ഞപ്പോള്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണെന്നു മനസിലായി. ലില്ലിക്കുട്ടി ലില്ലിക്കുട്ടി ഏതു മീറ്ററില്‍ ചെയ്യണമെന്ന കാര്യത്തില്‍ ആദ്യം എനിക്കൊരു ആശങ്കയുണ്ടായിരുന്നു. സംവിധായകനോടു ചോദിച്ചപ്പോള്‍ നമുക്കു റഫറന്‍സ് ഒന്നുമില്ല, സെറ്റില്‍ വന്നിട്ട് റെഡിയാക്കിയെടുക്കാമെന്നു പറഞ്ഞു. അങ്ങനെ സെറ്റില്‍വച്ചു പതിയെ പതിയെ ആ കഥാപാത്രത്തെ മെച്ചപ്പെടുത്തിയെടുക്കുകയായിരുന്നു. ഞാന്‍ എന്റെ മനസിലുള്ള ഐഡിയ വച്ചു ലില്ലിക്കുട്ടിയെ കാണിച്ചുകൊടുത്തപ്പോള്‍ അത് ഓക്കെയായി. ചട്ടയും മുണ്ടുമാണ് വേഷമെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ എനിക്കു മനസിലായി ഇതു വേറൊരു ലെവൽ പരിപാടിയാണെന്ന്. ഓരോ ഷോട്ടെടുക്കുന്നതിനും മുമ്പ് ഇങ്ങനെയാണ് ചെയ്യാന്‍ പോകുന്നതെന്നു ഞാന്‍ ഡയറക്ടർക്കു കാണിച്ചുകൊടുക്കും. തയാറെടുപ്പുകള്‍ ഒരു കഥ കേട്ടുകഴിയുമ്പോള്‍ എന്തായാലും ഒരു ഹോംവര്‍ക്ക് ആവശ്യമായി വരും. ചിലതൊക്കെ ഹോംവര്‍ക്ക് ചെയ്തതുപോലെതന്നെ ഓക്കെയാകും, ചിലതു പൊളിയും. സെറ്റില്‍ വന്നപ്പോള്‍ അവിടത്തെ അന്തരീക്ഷവും കഥാപാത്രത്തിന്റെ വേഷവുമൊക്കെ ഇട്ടപ്പോൾ ഞാൻ ശരിക്കും ലില്ലിക്കുട്ടിയായി മാറി. സാധാരണയേക്കാൾ കുറച്ചു കൂട്ടിയാണ് ലില്ലിക്കുട്ടിയെ അവതരിപ്പിച്ചത്. കാരണം ഇതു നോർമൽ അല്ലാത്ത കഥാപാത്രമാണ്. 38 വയസുള്ള അവരുടെ ബോഡി മാനറിസവും സംസാരരീതിയും സ്പീഡും വണ്ണവും എല്ലാം വ്യത്യസ്തമാണ്. ജോസേട്ടന് എന്നെ ഇഷ്ടായോ? ലില്ലിക്കുട്ടിയെ ആളുകള്‍ ഇങ്ങനെ ഏറ്റെടുക്കുമെന്നു കരുതിയിരുന്നില്ല. പക്ഷേ, ഏഴു വയസ് മുതല്‍ 70 വയസ് വരെയുള്ളവര്‍ ആ സീന്‍ റീലും റീക്രിയേറ്റും ഒക്കെ ചെയ്തു. ഒരു പോയിന്റ് കഴിഞ്ഞാല്‍ ഓവറായി പോകാമായിരുന്ന ഒരു കഥാപാത്രമായിരുന്നു ഇത്. സംവിധായകനോട് ഈ സീന്‍ വര്ക്കൗട്ടാകുമോയെന്നു പലവട്ടം ചോദിച്ചിരുന്നു. ഒരു പേടിയും വേണ്ടെന്ന സംവിധായകന്റെ ഉറപ്പിലാണ് ചെയ്തത്. എന്നാല്‍, ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ ഹിറ്റായി മാറി. സുരാജ് വെഞ്ഞാറമൂടിനൊപ്പം ആദ്യമായാണ് സുരാജേട്ടനൊപ്പം അഭിനയിക്കുന്നത്. കോമഡി നന്നായി ചെയ്യുന്നവര്‍ക്ക് ഏതു തരം വേഷം നല്കിയാലും അവരുടെ കൈയില്‍ ഭദ്രമായിരിക്കും. അങ്ങനെയൊരാളുടെ കൂടെനിന്നു തമാശ ചെയ്യുക എത്ര എളുപ്പമല്ല. യാതൊരു ഈഗോയുമില്ലാതെ സുരാജേട്ടന്റെ സഹകരണമായിരുന്നു ഏറെ സഹായിച്ചത്. ഞാന്‍ ചെയ്യുന്ന ഓരോ സീനുകള്‍ കാണുമ്പോഴും സുരാജേട്ടന് നന്നായി ചിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ സ്പോട്ടില്‍ത്തന്നെ എനിക്കു ഫീഡ്ബാക്ക് ലഭിച്ചു. ദിലീപിന്റെ വിളി ഈ വെബ്സീരിസ് കണ്ടിട്ട് ദിലീപേട്ടന് എന്നെ വിളിച്ചപ്പോള്‍ സത്യം പറഞ്ഞാന്‍ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, അദ്ദേഹം തന്നെയാണ് വിളിക്കുന്നതെന്നു തിരിച്ചറിഞ്ഞതോടെ ത്രില്ലടിച്ചു. ഇപ്പോള്‍ ഫീല്‍ഡിലുള്ള നടിമാരില്‍ ഗ്രേസ് നന്നായി കോമഡി ചെയ്യുന്നുണ്ട്. ഗ്രേസിന്റെ കോമഡി ടൈമിംഗ് വളരെ കൃത്യമാണ്. കോമഡി ചെയ്യാന്‍ വളരെ എളുപ്പമാണെന്നാണ് സാധാരണ എല്ലാവരും കരുതുന്നത്. എന്നാല്‍, അങ്ങനെയല്ല... എന്നാണ് ദിലീപേട്ടന് പറഞ്ഞത്. ആ വാക്കുകൾ വലിയൊരു അംഗീകാരമായി കാണുന്നു. ഉര്‍വശി, കല്പന, ബിന്ദു പണിക്കര്‍ എന്നോടുള്ള സ്നേഹംകൊണ്ടാണ് ഉര്‍വശി, കല്പന, ബിന്ദു പണിക്കര്‍ തുടങ്ങിയ മികച്ച നടിമാരുമായി എന്നെ താരതമ്യം ചെയ്യുന്നത്. അവര്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ഇന്നും നമ്മുടെയെല്ലാം മനസിലുണ്ട്. അതാണ് അവർക്കുള്ള ഏറ്റവും വലിയ അംഗീകാരം. ഇന്ന് മലയാള സിനിമയിൽ കോമഡി ചെയ്യുന്ന നടിമാരുടെ എണ്ണം കുറവായാതുകൊണ്ടാകാം പ്രേക്ഷകര്‍ക്ക് എന്നെ അവരുമായി റിലേറ്റ് ചെയ്യാന്‍ തോന്നുന്നത്. എങ്കിലും ഞാൻ എന്റേതായ ഒരു രീതിയിലൂടെ പോകാനാണ് ശ്രമിക്കുന്നത്. വെബ് സീരീസ് തുടരുമോ? നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന വെബ് സീരീസ് ചെയ്യുമ്പോള്‍ ഇതിന്റെ തുടര്‍ഭാഗങ്ങള്‍ സംവിധായകൻ പ്ലാന്‍ ചെയ്തിരുന്നില്ല. പക്ഷേ, ഹിറ്റ് ആയതോടെ ഹോട്സ്റ്റാറിന്റെ ഭാഗത്തുനിന്നു തുടർച്ച വേണമെന്നൊരു പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചു. പക്ഷേ, സംവിധായകന് ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. നല്ലൊരു കഥയും തിരക്കഥയും തയാറായി വന്നാല്‍ മാത്രമേ മുന്നോട്ടുപോകൂ. എല്ലാം സംവിധായകന്റെ തീരുമാനമാണ്. ജീത്തു ജോസഫിന്റെ നുണക്കുഴി കൂടെ വര്‍ക്ക് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ച ഒരു സംവിധായകനാണ് ജീത്തു ജോസഫ് സാര്‍. അദ്ദേഹത്തിന്റെ കോള്‍ വന്നപ്പോള്‍ ഞാന്‍ കരുതിയത് ദൃശ്യം പോലൊരു ത്രില്ലര്‍ പടം എന്നാണ്. എന്നാല്‍, നുണക്കുഴി കോമഡിയാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഞാന്‍ കരുതി മൈ ബോസ് പോലൊരു സിനിമയാകുമെന്ന്. അങ്ങനെയുമല്ല, ഇതു വേറൊരു തരത്തിലുള്ള കോമഡി സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് രശ്മിത എന്നാണ്. എന്റെ കഥാപാത്രത്തിന് അത്ര ഹ്യൂമർ ഇല്ല, പക്ഷേ, സിറ്റേ്വഷന് കോമഡികള്‍ ഉണ്ട്. നുണകള്‍കൊണ്ട് കുഴിയിലാകുന്നവരുടെ സിനിമയാണ് നുണക്കുഴി. ബേസിലിന്റെ നായിക ബേസില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടൊരു നടനാണ്. ബേസിലിന് ഒരു സ്വന്തം സ്റ്റൈല്‍ ഉണ്ട്. ബേസിൽ ചെയ്ത കഥാപാത്രങ്ങൾക്കു വേറെ ഓപ്ഷന് ഇല്ല. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. വളരെ പോസിറ്റീവ് ആയിട്ടുള്ള ആൾ. സുരാജേട്ടനെപ്പോലെ കമ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ ഈസിയായ ഒരു നടൻ. സൗഹൃദത്തോടെ പോകുന്ന ഒരാളാണ് ബേസില്‍. അതു സിനിമയെയും എന്നെയും സഹായിച്ചു. പുതിയ സിനിമകൾ സുരാജേട്ടന് നിര്‍മിച്ച് മുഖ്യവേഷത്തിലെത്തുന്ന എക്സ്ട്രാ ഡീസന്റ് എന്ന സിനിമയാണ് ഇനി വരാനുള്ളത്. അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷമാണ്. ഒരു തമിഴ് സിനിമ പൂര്‍ത്തിയാക്കി. പേരന്പ് എന്ന സിനിമയുടെ സംവിധായകന് റാം സാറിന്റെ പടമാണ്. മെര്ച്ചി ശിവയാണ് നായകന്. വളരെ സീരിയസ് സിനിമകള്‍ ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ഒരു കോമഡി സിനിമയാണിത്. ഞാന്‍ സാറിനോടു ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് മലയാളി നടിയായ എന്നെ ഈ സിനിമയിലേക്കു വിളിക്കാന്‍ കാരണമെന്ന്. കോമഡി ചെയ്യുന്ന നടിയെയാണ് അദ്ദേഹത്തിന് സിനിമയിലേക്കു വേണ്ടിയിരുന്നത്. കനകം കാമിനി കലഹം എന്ന എന്റെ സിനിമ അദ്ദേഹം കണ്ടിരുന്നു. നിവിന്‍ പോളിയാണ് എന്റെ കാര്യം റാം സാറിനോടു പറയുന്നത്. നിവിന്‍ ചേട്ടനാണ് എന്നെ ആദ്യം വിളിച്ചു നിനക്കു തമിഴ് പടം ചെയ്യാന്‍ താത്പര്യമുണ്ടോ എന്നു ചോദിക്കുന്നത്. അങ്ങനെയാണ് ആ സിനിമയുടെ ഭാഗമാകുന്നത്. കുടുംബവിശേഷം എറണാകുളം കാക്കനാടാണ് ഇപ്പോള്‍ താമസിക്കുന്നത്. പപ്പ ആന്റണി. അമ്മ ഷൈനി. മൂത്ത സഹോദരി സെലീന വിവാഹിതയാണ്. അവരെല്ലാം നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് വിജയമായതിന്റെ ത്രില്ലിലാണ്. എന്നെ അടുത്തറിയാവുന്നവര്‍ പലരും പറഞ്ഞത് ഞാൻ അതില്‍ ജീവിക്കുകയായിരുന്നു എന്നൊക്കെയാണ്. അതിന്റെയൊക്കെ സന്തോഷം എല്ലാവർക്കുമുണ്ട്. പ്രദീപ് ഗോപി
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
വേട്ടയാൻ സോൾ തൻമയ
|
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
|
|
|
|
|
|
|
|
|
|
|
|
|
|
3ഡി ത്രില്ലിൽ മെറീന
|
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
|
|
ഫൂട്ടേജ് ഓഫ് ഗായത്രി
|
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
|
|
മോക്ഷമാർഗം
|
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
|
|
|
ആനന്ദവിശേഷം
|
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
|
|
|
|
|
രമ്യ പുരാണം
|
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കാ
|
|
എല്ലാം മായമ്മ!
|
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
|
|
|
റോഷൻസ് പാരഡൈസ്
|
അഞ്ചാമതു വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തുന്ന കേശവ്-അമൃത ദമ്പതി
|
|
|
|
|