നന്മയുടെ പ്രഭചൊരിയുന്ന സ്നേഹവീടുകൾ
Thursday, September 18, 2025 12:00 AM IST
മാത്യു ഡെസ്മണ്ട് എന്ന സോഷ്യോളജി പ്രഫസർ ആഴത്തിൽ പഠിച്ചെഴുതിയ ‘എവിക്റ്റഡ്: പോവർട്ടി ആൻഡ് പ്രോഫിറ്റ് ഇൻ ദ അമേരിക്കൻ സിറ്റി’ (Evicted: Poverty and Profit in the American City) എന്നൊരു പുസ്തകമുണ്ട്. 2008ലെ സാമ്പത്തികമാന്ദ്യത്തിനുശേഷം അദ്ദേഹം അമേരിക്കയിൽ മിൽവാക്കിയിലെ സാധാരണക്കാരായ എട്ട് കുടുംബങ്ങളുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചെഴുതിയ പുസ്തകം. പാർപ്പിടപ്രശ്നങ്ങളും കുടിയൊഴിപ്പിക്കലുകളും അതുണ്ടാക്കുന്ന സാമ്പത്തികവും മാനസികവുമായ പ്രത്യാഘാതങ്ങളുമാണ് ഈ പുസ്തകത്തിന്റെ വിഷയം. ഏറെ ചർച്ചകൾക്കു വഴിയൊരുക്കിയ ഈ പുസ്തകത്തിന് 2017ൽ പുലിറ്റ്സർ പ്രൈസ് ലഭിച്ചു. അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തിലെ കഥയാണെങ്കിലും ലോകത്തിലെ ഏതിടത്തെയും സാമൂഹിക പ്രശ്നങ്ങളുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കും. രാജ്യങ്ങളുടെ വികസനനിലവാരമനുസരിച്ച് അനുഭവങ്ങളുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകുമെങ്കിലും ലോകത്തിന്റെ ഏതു കോണിലായാലും മനുഷ്യഭാവങ്ങൾ ഒന്നുതന്നെ.
യുദ്ധം, വംശഹത്യ, പരസ്പരവിദ്വേഷം, സ്വേച്ഛാധിപത്യം, എതിരാളികളെ ഇല്ലായ്മ ചെയ്യൽ, വ്യാപാര-നയതന്ത്ര കെണികൾ അങ്ങനെ നിരവധി സങ്കീർണതകളിലൂടെ ലോകം കടന്നുപോകുന്പോഴും അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയുടെ സമവാക്യം ലോകമെങ്ങും വളരെ ലളിതമാണ്. ഒന്നുമില്ലാത്തവർക്ക് എന്തു സങ്കീർണത?
ഈ ഇരുൾവഴിയിലും തെളിയുന്ന രജതരേഖകളുണ്ട്. അതാണ് മനുഷ്യജീവിതത്തിന്റെ മഹത്വം. മനുഷ്യത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്നേഹത്താൽ ബന്ധിതരായ വ്യക്തികളും കൂട്ടായ്മകളും മനുഷ്യാസ്തിത്വത്തിന്റെ അർഥംതന്നെ മാറ്റിയെഴുതുന്നു. അത്തരമൊരു മഹദ്പ്രവൃത്തിയെ ഉയർത്തിക്കാണിക്കാം. നമ്മുടെ കേരളത്തിൽത്തന്നെ. ഒരു കുടുംബം, മാതാപിതാക്കളുടെ സ്മരണയ്ക്ക് 25 സ്നേഹവീടുകൾ നിർമിച്ചുനൽകുന്നു. പാലാ കരൂർ ഞാവള്ളിൽ ആണ്ടൂക്കുന്നേൽ കുട്ടപ്പൻ എന്ന കുര്യൻ ചാണ്ടിയുടെയും ഭാര്യ സിസിലിയുടെയും ഓർമകൾ 25 കുടുംബങ്ങളുടെ ആശ്വാസനിശ്വാസങ്ങളായി പുനർജനിക്കുകയാണ്.
ആദ്യഘട്ടമെന്ന നിലയിൽ പാവപ്പെട്ട പതിനൊന്ന് കുടുംബങ്ങള്ക്ക് വീടൊരുക്കിയിരിക്കുകയാണ് ഞാവള്ളില് ആണ്ടൂക്കുന്നേല് കുര്യന് ചാണ്ടി മെമ്മോറിയല് ഇന്ഫന്റ് ജീസസ് ചാരിറ്റബിള് ട്രസ്റ്റ്. ഇനി പതിനാല് കുടുംബങ്ങള്ക്കുകൂടി വീട് നിർമിച്ചുനൽകാനുള്ള ശ്രമം തുടങ്ങും. മൊത്തം ഇരുപത്തഞ്ച് സ്നേഹവീടുകളാണു കരൂര് വൈദ്യശാലപ്പടിയിലെ ഇന്ഫന്റ് ജീസസ് നഗറില് ഉയരുന്നത്.
മൂന്ന് ഏക്കര് വാങ്ങിയാണ് ഭവനപദ്ധതി ആരംഭിച്ചത്. എല്ലാവിധ സൗകര്യങ്ങളുമുള്ള വീടുകളാണ് നിര്മിക്കുകയെന്ന് ട്രസ്റ്റ് ഭാരവാഹികളായ മാത്യു അലക്സാണ്ടര് (ബോബി), സിന്ലെറ്റ് മാത്യു, അലിക് മാത്യു, ഫെലിക്സ് മാത്യു, ചാണ്ടിക്കുഞ്ഞ്, ബോണി തോമസ് എന്നിവർ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില് പണിതീര്ത്ത പതിനൊന്ന് വീടുകളുടെ വെഞ്ചെരിപ്പും പുതുതായി നിര്മിക്കുന്ന പതിനാല് വീടുകളുടെ കല്ലിടീല് ചടങ്ങും ഇന്നു നടക്കും.
പാലാ രൂപതയില് സ്വന്തമായി വീടില്ലാത്തവരായി ആരും ഉണ്ടാകരുതെന്ന ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ ആശയമാണ് ട്രസ്റ്റിന്റെ പ്രചോദനം. ജാതി-മത ഭേദമെന്യേ അര്ഹതപ്പെട്ട പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തിയാണ് വീട് നിര്മിച്ചു കൊടുത്തിട്ടുള്ളത്. ഓരോ വീടിനും 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു. 800 ചതുരശ്രയടിയില് മൂന്നു മുറികളും ഹാളും അടുക്കളയും ബാത്ത്റൂമും ഉള്പ്പെടുന്നതാണ് ഓരോ വീടും.
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ഏതൊരു പിന്തുണയെയും കൈയടിച്ചു പ്രോത്സാഹിപ്പിച്ചേ മതിയാകൂ. സർക്കാർ പദ്ധതികൾ കൊണ്ടുമാത്രം ലക്ഷ്യം കൈവരിക്കുക അത്ര എളുപ്പമല്ല. വിലങ്ങാട്, വയനാട് ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്കായി കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) ഏറ്റെടുത്തു നടത്തുന്ന പുനരധിവാസദൗത്യവും മാനവികതയുടെ ഉദാത്തമായ പ്രകടനമായി നമ്മുടെ മുന്നിലുണ്ട്.
‘എല്ലാവർക്കും വീട്’എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയിലൂടെ നാലര ലക്ഷത്തിലധികം വീടുകൾ പൂർത്തിയാക്കിയതായാണ് സർക്കാർ കണക്ക്. ലൈഫ് മിഷൻ പദ്ധതിയുടെ ആരംഭഘട്ടത്തിൽ (2016) നടത്തിയ കണക്കെടുപ്പു പ്രകാരം, സംസ്ഥാനത്ത് 5,14,000ത്തോളം ഭവനരഹിതരുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിൽ 3,33,416 പേർക്ക് സ്വന്തമായി ഭൂമിയില്ലായിരുന്നു. പദ്ധതി ഭവനരഹിതരുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നിരവധി കുടുംബങ്ങൾക്ക് വീടുകൾ ആവശ്യമാണ്.
ഭൂമിയുടെ ലഭ്യതക്കുറവും നിർമാണച്ചെലവുകളും പാർപ്പിടപ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു. നഗരവത്കരണത്തിന്റെ ഗതിവേഗം കൂടുകയും നിർമാണച്ചെലവുകൾ കുതിച്ചുയരുകയും ചെയ്യുന്നതാണ് ലോകത്തെവിടെയും ഭവനരഹിതരുടെ എണ്ണം കൂട്ടുന്നത്. സിഐഐ-നൈറ്റ് ഫ്രാങ്ക് റിപ്പോർട്ട് പ്രകാരം, 2030ഓടെ ഇന്ത്യയിൽ 3.12 കോടി വീടുകളുടെ കുറവുണ്ടാകുമെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
നന്മയുള്ള മനസുകളുടെ ഹൃദയപൂർവമായ പിന്തുണ ഭവനപദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. ഉണർന്നു പ്രവർത്തിക്കുന്ന സർക്കാരിനൊപ്പം ലക്ഷ്യബോധവും കരുണയുമുള്ള സമൂഹവും ഒത്തുചേരുന്പോഴാണ് ആത്മാഭിമാനവും നിലവാരവുള്ള ജീവിതം സാധ്യമാകുന്നത്. ഞാവള്ളില് ആണ്ടൂക്കുന്നേല് കുര്യന് ചാണ്ടി മെമ്മോറിയല് ഇന്ഫന്റ് ജീസസ് ചാരിറ്റബിള് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കാം. ഇവരുടെ പ്രവർത്തനം കൂടുതൽ തുടർചലനങ്ങൾക്കു വഴിയൊരുക്കട്ടെ എന്നാശംസിക്കാം.