Star Chat |
Back to home |
|
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം? |
|
 |
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മാനിക്കുന്നതു നല്ല സിനിമ എന്ന നിരീക്ഷണം പൊതുവേ സ്വീകാര്യത നേടിയിട്ടുണ്ട്. അത്തരത്തില്‍ സ്വീകരിക്കപ്പെടേണ്ടൊരു മലയാള സിനിമ ഈയാഴ്ച തിയേറ്ററുകളിലെത്തുന്നു, പേര് "സ്വര്‍ഗം.' രണ്ടു കുടുംബങ്ങളുടെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും പ്രമേയമാക്കി ജീവിത യാഥാര്‍ഥ്യങ്ങളുടെ ചൂടും തണുപ്പും തനിമയോടെ ആവിഷ്കരിക്കുന്ന മനോഹരമായൊരു സിനിമ. പേരു സൂചിപ്പിക്കുംപോലെ കാഴ്ചക്കാര്‍ക്കു സിനിമയിലൂടൊരു സ്വര്‍ഗാനുഭവം സമ്മാനിക്കാനുള്ള ശ്രമം കൂടിയാണിതെന്ന് അണിയറക്കാര്‍ പറയുന്നു. കുടുംബങ്ങളിലെ സ്വര്‍ഗം Where the family nest ഈ ടാഗ് ലൈനോടെയാണു സ്വര്‍ഗം സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. കുടുംബത്തിനുള്ളിലും കുടുംബങ്ങള്‍ തമ്മിലുമുള്ള സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവയ്ക്കലുകളുടെയും ഇഴയടുപ്പങ്ങളെ ചാരുതയോടെ സിനിമ ദൃശ്യവത്കരിക്കുന്നു. പാലായിലും പരിസര പ്രദേശങ്ങളിലുമാണ് കഥയുടെ ഇതിവൃത്തം രൂപപ്പെടുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള രണ്ടു കുടുംബങ്ങളുടെ അയല്പക്ക ബന്ധത്തിലെ കയറ്റിറക്കങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.  നാട്ടിലെ പലചരക്ക് കടക്കാരന് പടിഞ്ഞാറേപ്പറമ്പില്‍ ജോസൂട്ടി (അജു വര്‍ഗീസ്), ഭാര്യ സിസിലി (അനന്യ), മൂന്ന് മക്കള്‍, അമ്മ സാറാമ്മ എന്നിവരുള്‍പ്പെട്ട ഇടത്തരം കുടുംബം. പ്രാരാബ്ധങ്ങളുണ്ടെങ്കിലും സംതൃപ്ത കുടുംബം. പത്താം ക്ലാസ് കഴിഞ്ഞു പട്ടാളത്തില്‍ പോകാന്‍ ആഗ്രഹിച്ച ജോസൂട്ടിയെ, അപ്പന് പിടിച്ചു തന്റെ പലചരക്ക് കടയില്‍ സഹായത്തിനു നിര്‍ത്തി. അപ്പന് മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ജോസൂട്ടിക്കായി; ഒപ്പം പലചരക്കു കടയുടെയും. ഇടവക പള്ളിയില്‍ ഗായകസംഘത്തിന്റെ ലീഡറാണ് ജോസൂട്ടി. സിസിലിയും പാട്ടുകാരിയാണ്. കല്യാണത്തോടെ സിസിലിക്കു നഴ്സിംഗ് പഠനം ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും അവള് കുടുംബജീവിതത്തില്‍ സംതൃപ്തയാണ്. സ്നേഹമുള്ള കുടുംബാന്തരീക്ഷവും ചുറ്റുപാടുകളും ആടും പശുവും കോഴിയും ഒക്കെയായി അവള് ഹാപ്പി. അമേരിക്കയില്‍നിന്നു വര്‍ഷാവര്‍ഷം വന്നു പോകുന്ന മാളിയേക്കല്‍ വക്കച്ചന്റേതാണു (ജോണി ആന്റണി) തൊട്ടടുത്തുള്ള വലിയ വീട്. ഭാര്യ ആനിയമ്മ (മഞ്ജു പിള്ള) അമേരിക്കയില്‍തന്നെ നഴ്സാണ്. ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള കുടുംബം. ആഡംബരത്തിന്റെ അടയാളങ്ങളും വലിയ ചുറ്റുമതിലുമൊക്കെയുള്ള വീട്. എന്നാല്‍, അവിടെയുള്ളവര്‍ക്കു പുറത്തുള്ളവരുമായി കാര്യമായി സമ്പര്‍ക്കമില്ല. ഇരു കുടുംബങ്ങളുടെയും പാരസ്പര്യങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും, ഒടുവില്‍ സ്നേഹാധിക്യത്തിന്റെ തീക്ഷ്ണമുഹൂര്ത്തങ്ങള്ക്കു വഴിതുറക്കുന്ന ക്ലൈമാക്സുമാകുന്നതോടെ സ്വര്‍ഗം അക്ഷരാര്‍ഥത്തില്‍ ഹൃദയങ്ങളെ തൊടുന്ന സിനിമയാകുന്നു. റെജിസിന്റെ രണ്ടാം സിനിമ ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന് റെജിസ് ആന്റണിയുടെ രണ്ടാമത്തെ സിനിമയാണു സ്വര്‍ഗം. സമൂഹത്തിനു നല്ല സന്ദേശം കൈമാറുന്ന സിനിമ ചെയ്യാനായതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നു റെജിസ് പറയുന്നു. ഭാര്യ റോസ് റെജിസ്, തിരക്കഥയിലും സംഭാഷണത്തിലും കൈകോര്‍ത്തു. സിനിമയിലെ വേഷാലങ്കാരത്തിലും റോസിന്റെ കൈയൊപ്പുണ്ട്.  സീ ന്യൂസ് ലൈവ് എന്ന യു ട്യൂബ് പോര്‍ട്ടലിന്റെ സിഇഒ ഡോ. ലിസി കെ. ഫെര്‍ണാണ്ടസാണ് സിനിമയുടെ നിര്‍മാതാവ്. സിനിമയുടെ ആശയവും ലിസിയുടേതുതന്നെ. ഇവര്‍ക്കൊപ്പം 15 പ്രവാസികളും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഹിറ്റാണ് പാട്ടുകള്‍ റിലീസിംഗിനു മുമ്പേ ശ്രദ്ധേയ ഗാനങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ സ്വര്‍ഗം സജീവ ചര്‍ച്ചയായിരുന്നു. സിനിമയിലെ കപ്പ പാട്ട്, കല്യാണപ്പാട്ട് എന്നിവ ഇതിനകം വൈറലായിക്കഴിഞ്ഞു. ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ കൈയടി നേടിയ ബേബി ജോണ്‍ കലയന്താനി ആദ്യമായി സിനിമാ ഗാനരചയിതാവാകുന്ന സിനിമ കൂടിയാണു സ്വര്‍ഗം. ഇദ്ദേഹത്തിനു പുറമേ, ബി.കെ. ഹരിനാരായണന്, സന്തോഷ് വര്‍മ എന്നിവരെഴുതിയ ഗാനങ്ങളും സിനിമയിലുണ്ട്. ബിജിബാല്‍, ജിന്റോ ജോണ്‍, ഡോ. ലിസി കെ. ഫെര്‍ണാണ്ടസ് എന്നിവരാണു സംഗീതമൊരുക്കിയത്. താരസമ്പന്നം അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, സിജോയ് വര്‍ഗീസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍, അഭിറാം രാധാകൃഷ്ണന്, രഞ്ജി കാങ്കോല്‍, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, ഉണ്ണി രാജ, പുത്തില്ലം ഭാസി എന്നിവരും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. സൂര്യ, ശ്രീറാം, മഞ്ചാടി ജോബി, റിതിക റോസ് റെജിസ്, സുജേഷ് ഉണ്ണിത്താന്, ദേവാന്ജന, റിയോ തുടങ്ങിയവര്‍ സ്വര്‍ഗത്തിലൂടെ പുതുമുഖ താരങ്ങളായി എത്തുന്നു. സ്വര്‍ഗം നവംബര്‍ എട്ടിനു തിയേറ്ററുകളിലെത്തും. സിജോ പൈനാടത്ത്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
 |
മധുരമനോജ്ഞം
|
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
|
|
|
|
ഒസ്യത്തിന്റെ ശക്തി
|
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
|
|
ഇടിപൊളി ദാവീദ്
|
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
|
|
മിന്നും ലിജോ
|
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
വേട്ടയാൻ സോൾ തൻമയ
|
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
|
|
|
|
|
|
|
|
|
|