കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വന്യമൃഗശല്യം നേരിടുന്ന ആറ് പഞ്ചായത്തുകളിൽ ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നു.
വന്യമൃഗശല്യം രൂക്ഷമായ കോതമംഗലം ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലാണ് ആവശ്യമായ ഇടങ്ങളിൽ ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നത്.
പദ്ധതി തയാറാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, ബ്ലോക്ക് ജനപ്രതിനിധികൾ എന്നിവരുടെയും യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രൻസ് ഹാളിൽ നടത്തി. വനാതിർത്തി പങ്കിടുന്ന ആറ് പഞ്ചായത്തുകളിൽ ഫെൻസിംഗ് ആവശ്യമായ പ്രദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പ്രദേശവാസികളുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട ഭാഗങ്ങൾ നിർണയിച്ചു വനം വകുപ്പിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് പ്രവൃത്തി നടത്തുവാൻ തീരുമാനിച്ചു. ഈ മാസം റിവിഷനിൽ പദ്ധതി ഏറ്റെടുക്കും.
ഒറ്റപ്പെട്ടു കിടക്കുന്ന വന്യമൃഗശല്യം കൂടുതലുള്ള ആദിവാസി ഊരുകൾക്ക് ചുറ്റും ഫെൻസിംഗ് സ്ഥാപിക്കും. ഇടമലയാർ, മലയാറ്റൂർ, തുണ്ടം, നേര്യമംഗലം, മുള്ളരിങ്ങാട്, കോതമംഗലം, കുട്ടന്പുഴ, പൂയംകുട്ടി, മേക്കപ്പാല എന്നീ ഫോറസ്റ്റ് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു.
മാമച്ചൻ ജോസഫ്, ജെസി സാജു, മിനി ഗോപി, കാന്തി വെള്ളക്കയ്യൻ, ഡയാന നോന്പി, ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ് കോറന്പേൽ, ആനീസ് ഫ്രാൻസിസ്, നിസമോൾ ഇസ്മായിൽ, ടി.കെ. കുഞ്ഞുമോൻ, ബീന റോജോ, ഷാന്റി ജോസ്, എസ്. അനുപം എന്നിവർ പങ്കെടുത്തു.