ഓ​ണം ഓ​ണാ​യി; ഉ​ഷാ​റാ​യി പൂ​വി​പ​ണി
Wednesday, September 11, 2024 12:07 AM IST
കോ​ട്ട​യം: ഓ​ണം ഓ​ണാ​യ​തോ​ടെ ഉ​ഷാ​റാ​യി പൂ​വി​പ​ണി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള പൂ​വി​നൊ​പ്പം ഇ​ത്ത​വ​ണ പ്ര​ദേ​ശി​ക​മാ​യി ഉ​ല്‍പ്പാ​ദി​പ്പി​ക്കു​ന്ന പൂ​വു​ക​ളും വി​ല്‍പ്പ​ന​യ്ക്കു​ണ്ട്. ഓ​ണപ്പൂക്ക​ള​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​യു​ള്ള തു​മ്പ​യും തെ​ച്ചി​യും മു​ക്കു​റ്റി​യും ക​ണ്ണാ​ന്ത​ളി​യും കൃ​ഷ്ണ​കി​രീ​ട​വും കാ​ശി​ത്തു​മ്പ​യു​മൊ​ക്കെ കി​ട്ടാ​നി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ജ​മ​ന്തി​യും ചെ​ണ്ടു​മ​ല്ലി​യും അ​ര​ളി​യും മറ്റു പ​ല​ത​രം വ​ര്‍ണ​പ്പൂക്ക​ളും അ​ത്ത​പ്പൂ​ക്ക​ള​ത്തി​ലെ വ​ര്‍ണ​ങ്ങ​ളാ​യ​ത്.

വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളും അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ പൂ​വി​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടി​യ​തോ​ടെ വി​ല​യും ഉ​യ​ര്‍ന്നു. ഇ​ന്നും നാ​ളെ​യു​മാ​യി സ്‌​കൂ​ള്‍, കോ​ള​ജ് ഉ​ള്‍പ്പെടെ​യു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഓ​ണാ​ഘോ​ഷം ന​ട​ക്കു​ക​യാ​ണ്. ഇ​നി തി​രു​വോ​ണം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ക്ക​ള്‍ക്ക് ന​ല്ല ഡി​മാ​ൻഡാണെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മു​ണ്ടാ​യി​രു​ന്ന മ​ഴ കേ​ര​ള​ത്തി​നു​പു​റ​മേ ത​മി​ഴ്‌​നാ​ട്ട​ലെ ഗ്രാ​മ​ങ്ങ​ളെ​യും ബാ​ധി​ച്ച​ത് പൂ​ക്ക​ളു​ടെ ഉ​ത്പാ​ദ​നം കു​റ​യു​ന്ന​തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തും വി​ല​വ​ര്‍ധ​നയ്ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലേ​ക്ക് കൂ​ടു​ത​ല്‍ പൂ​വെ​ത്തു​ന്ന​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നാ​ണ്. ക​ട​യ​ന​ല്ലൂ​ര്‍, പു​ളി​യ​ന്‍കു​ടി, ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി ഭാ​ഗ​ങ്ങ​ളി​ലെ പാ​ട​ങ്ങ​ളി​ല്‍ ക​ര്‍ഷ​ക​ര്‍ വി​ള​വെ​ടു​ത്ത പൂ​വ് മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ പ​തി​വാ​യി വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ തു​ക മു​ന്‍കൂ​ര്‍ ന​ല്‍കി​യാ​ണ് പ​ല​പ്പോ​ഴും വ​ന്‍കി​ട വ്യാ​പാ​രി​ക​ള്‍ ക​ച്ച​വ​ട​മു​റ​പ്പി​ക്കു​ന്ന​ത്.

ദി​വ​സ​വും ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലെ വി​പ​ണി​യി​ലേ​ക്ക് അ​ഞ്ച് ട​ണ്‍ മു​ത​ല്‍ 10 ട​ണ്‍ വ​രെ പൂ​ക്ക​ള്‍ എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന പൂ​ക്ക​ളു​ടെ അ​ള​വ് വ​ന്‍തോ​തി​ല്‍ വ​ര്‍ധി​ച്ചി​ട്ടു​ണ്ട്. വാ​ടാ​മു​ല്ല​യ്ക്ക് മാ​ര്‍ക്ക​റ്റി​ല്‍ കി​ലോ​യ്ക്ക് 200 രൂ​പ​മു​ത​ലാ​ണ് വി​ല. ബ​ന്ദി​ക്ക് (മ​ഞ്ഞ, ഓ​റ​ഞ്ച്) 150 മു​ത​ല്‍ 250 വ​രെ​യാ​ണ് വി​ല. അ​ര​ളി (സാ​ദാ) -450, അ​ര​ളി (വെ​ള്ള) -550, അ​ര​ളി ( ചു​വ​പ്പ് ) 550, ട്യൂ​ബ് റോ​സ് -400, ന​ന്ത്യാ​ര്‍വ​ട്ടം -400, റോ​സ -450, പി​ച്ചി- 1600, മു​ല്ല -1400, താ​മ​ര (ഒ​രെ​ണ്ണം) - 30രൂ​പ, ജ​മ​ന്തി (വെ​ള്ള) -450 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ കോ​ട്ട​യ​ത്തെ വി​ല. കു​ടു​ംബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ​യും മ​റ്റും നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പൂ​ക്ക​ളും ഇ​ത്ത​വ​ണ വി​പ​ണി​യി​ല്‍ ധാരാളമുണ്ട്.