പത്തനംതിട്ട ഭദ്രാസനം യുവജനസംഗമം പൂങ്കാവില്‍
പത്തനംതിട്ട: കാലഘട്ടത്തിന്റെ വെല്ലുവിളികളില്‍ അസ്വസ്ഥരാകാതെ സജീവമായ ഇടപെടലുകളിലൂടെ സമൂഹനിര്‍മിതിയുടെ വക്താക്കളായി യുവജനങ്ങള്‍ മാറണമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത.
പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ എംസിവൈഎം പത്തനംതിട്ട ഭദ്രാസന യുവജനസംഗമം എപ്പിക് 2024 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എംസിവൈഎം പ്രസ്ഥാനത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളിനോടു ചേര്‍ന്നാണ് പത്തനംതിട്ട ഭദ്രാസന യുവജന സംഗമം സംഘടിപ്പിച്ചത്. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു.
യുവജനസംഗമത്തില്‍ കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. ഏബ്രഹാം ഇരുമ്പിനിക്കല്‍ വിശിഷ്ടാതിഥിയായിരുന്നു. എംസിവൈഎം പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് ബിബിന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. വര്‍ഗീസ് കൈതോണ്‍, ഫാ. ജോബ് പതാലില്‍, ഫാ. ഡോ. സിജോ ജെയിംസ് ചരുവുപറമ്പില്‍,
ഫാ. സക്റിയാ റോസറിവില്ല, ഫാ. മാത്യു പേഴുംമൂട്ടില്‍, ഫാ. സ്കോട്ട് സ്ലീബ പുളിമൂടന്‍, സിസ്റ്റര്‍ ജോവാന് എസ്ഐസി, സുബിന് തോമസ്, പ്രിന്‍സ് റെജി, ടെനി സജി, ജിഷ ജോസ്, അലീന എലിസബത്ത് മാത്യു, അക്സാ രാജന്, ജെറിന്, നോയല്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ വിവിധ അവാര്‍ഡുകള്‍ നേടിയ വ്യക്തിത്വങ്ങളെ വേദിയില്‍ ആദരിച്ചു.
പ്രശസ്ത മലയാള സിനിമ വരയന്റെ തിരക്കഥാകൃത്ത് ഫാ. ഡാനി ഒഎഫ്എം യുവജന സെമിനാര്‍ നയിച്ചു. തുടര്‍ന്ന് നടന്ന യുവജന റാലിയില്‍ ആയിരത്തോളം യുവജനങ്ങള്‍ പങ്കെടുത്തു.
വാദ്യമേളങ്ങളും, തനത് കലാരൂപമായ കോല്‍ക്കളിയും ഡിസ്പ്ലേയായി നടത്തപ്പെട്ടു.
യുവജന സംഗമത്തിന് സമാപനം കുറിച്ചുകൊണ്ട് ഭദ്രാസന വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍ പതാക താഴ്ത്തി. ക്രമീകരണങ്ങള്‍ക്ക് പത്തനംതിട്ട ഭദ്രാസന സമിതിയും കോന്നി വൈദിക ജില്ലയും പൂങ്കാവ്,വലഞ്ചുഴി യൂണിറ്റുകളും നേതൃത്വം നല്കി.