തിരുവനന്തപുരം : ശ്രീചിത്തിര തിരുനാള്‍ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 32-ാമത് വാര്‍ഷികം, അനന്തപുരി നൃത്ത സംഗീതോത്സവം, 112-ാമത് ശ്രീചിത്തിര തിരുനാള്‍ ജയന്തി ആഘോഷം എന്നിവ സമാപിച്ചു.
സമാപന സാംസ്കാരിക സമ്മേളനം ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കലയുടെ വേദികള്‍ ഒരുക്കാന്‍ ശ്രീചിത്തിര തിരുനാള്‍ സ്മാരക സംഗീത നാട്യ കലാകേന്ദ്രം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ് അനുഗ്രഹ പ്രഭാഷണം നടത്തി.
വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിജോ കെ. തോമസിനെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ് ശ്രീചിത്തിര തിരുനാള്‍ പുരസ്കാരം 2024 നല്കി ആദരിച്ചു. കലാകേന്ദ്രം ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് അധ്യക്ഷയായിരുന്നു.
കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അമൃത് പുരസ്കാരം നേടിയ കലാകേന്ദ്രത്തിന്റെ പ്രധാന അധ്യാപിക പ്രഫ. കലാക്ഷേത്ര വിലാസിനി, മാധ്യമ, കലാ, സാംസ്കാരിക പ്രവര്ത്തകന് റഹിം പനവൂര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ലിറ്റില്‍ കിംഗ്, ലിറ്റില്‍ ക്വീന്‍, പുഞ്ചിരി, മലയാളി മങ്ക,കൈകൊട്ടിക്കളി മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ലോകായുക്ത സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. എസ്. ചന്ദ്രശേഖരന് നായര്‍, കലാകേന്ദ്രം ചെയര്മാന് ഡോ. ജി. രാജ്മോഹന്‍, പ്രസിഡന്റ് ധര്‍മാലയം കൃഷ്ണന് നായര്‍, വൈസ് പ്രസിഡന്റ് കെ. ബാലചന്ദ്രന്, കലാകേന്ദ്രം രക്ഷാധികാരി കെ.പി. ശങ്കര്‍ദാസ്, കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് അഡ്വ. ഷിബു പ്രഭാകര്‍, പിടിഎ സെക്രട്ടറി എസ്. രാജ്കുമാര് തുടങ്ങിയവര്‍ പ്രസംഗിച്ചു.