ഒരു പഴയ ബൗളിംഗ് കഥ; സിമ്രന്‍ജീത് Vs ശുഭ്മാൻ ഗില്‍
Wednesday, September 10, 2025 12:18 AM IST
“ശുഭ്മാന്‍ ഗില്ലിനെ ചെറുപ്പം മുതല്‍ എനിക്ക് അറിയാം. അദ്ദേഹം എന്നെ ഓര്മിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല’’ പറയുന്നത് യുഎഇയുടെ സ്പിന്നര്‍ സിമ്രന്‍ജീത് സിംഗ്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് (പിസിഎ) നെറ്റ്സില്‍ ഗില്ലിനു പന്ത് എറിഞ്ഞു നല്‍കിയത് ഓര്‍മിച്ചാണ് സിമ്രന്‍ജീത് സിംഗ് ഇങ്ങനെ പറഞ്ഞത്.
അന്ന് ഗില്ലിന് 12 വയസ്. പിസിഎ നെറ്റ്സില്‍ അച്ഛനൊപ്പം എത്തിയിരുന്ന ഗില്ലിന് പന്ത് എറിഞ്ഞകൊടുത്ത ചരിത്രം 35കാരനായ ഇടംകൈ ഓര്‍ത്തഡോക്സ് സ്പിന്നറിനു സ്വന്തം. കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് യുഎഇയില്‍ തുടര്‍ന്ന സിമ്രന്‍ജീത് സിംഗ്, അവിടെ കുട്ടികളെ ക്രിക്കറ്റ് പഠിപ്പിക്കുകയും പിന്നീട് യുഎഇ ടീമില്‍ എത്തുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നു വീണ്ടും ഗില്ലിനെതിരേ ഏഷ്യ കപ്പ് പോരാട്ടത്തില്‍ പന്ത് എറിയാനുള്ള അവസരം സിമ്രന്‍ജീത് സിംഗിനു ലഭിക്കുമോ എന്നതാണ് അറിയേണ്ടത്.
ഈ മാസം അഞ്ചിനു നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ അട്ടിമറി ജയത്തിന്റെ വക്കിലെത്തിയതാണ് യുഎഇ. ഗ്രൂപ്പ് എയില്‍ അട്ടിമറി ജയം സ്വന്തമാക്കുമെന്നാണ് യുഎഇ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെ ശുഭാപ്തിവിശ്വാസം.