ഇഞ്ചുറി പറ്റാതെ അസൂറി
Wednesday, September 10, 2025 12:18 AM IST
ഡെബ്രെസെന്‍ (ഹംഗറി): ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇഞ്ചുറി പറ്റാതെ അസൂറി രക്ഷപ്പെട്ടു. ഗ്രൂപ്പ് ഐയില്‍ ഇസ്രയേലിനെതിരായ മത്സരത്തിന്റെ സ്റ്റോപ്പേജ് ടൈമിലെ ഗോളില്‍ ഇറ്റലി 5-4ന്റെ ജയം സ്വന്തമാക്കി. ഒമ്പതു ഗോള്‍ പിറന്ന മത്സരത്തില്‍ 90+1-ാം മിനിറ്റില്‍ സാന്ദ്രോ ടോണാലിയായിരുന്നു ഇറ്റലിയുടെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കിയത്.
മോയ്സ് കീന്‍ (40’, 54’) ഇറ്റലിക്കായി ഇരട്ടഗോള്‍ നേടി. ഡോര്‍ പെരെറ്റ്സ് (52’, 89’) ഇസ്രയേലിനായും ഇരട്ടഗോള്‍ സ്വന്തമാക്കി. ഇസ്രയേലിന്റെ അക്കൗണ്ടില്‍ രണ്ട് എണ്ണം സെല്ഫിലൂടെയാണ് എത്തിയത്. ഇറ്റലിക്കായി മാറ്റിയൊ പൊളിറ്റാനോ, ജിയാക്കോമോ റാസ്പഡോറി എന്നിവരും ലക്ഷ്യംകണ്ടു.
ഗ്രൂപ്പ് ഐയില്‍ നാലു മത്സരങ്ങളില്‍നിന്ന് ഒമ്പതു പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്താണ്. 12 പോയിന്റുള്ള നോര്‍വെയാണ് ഒന്നാമത്.
ഗ്രൂപ്പ് എല്ലില്‍ ക്രൊയേഷ്യ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി. ഹോം മത്സരത്തില്‍ ക്രൊയേഷ്യ 4-0ന് മോണ്ടിനെഗ്രോയെ തോല്‍പ്പിച്ചു. 12 പോയിന്റുമായി ക്രൊയേഷ്യയാണ് ഗ്രൂപ്പിന്റെ തലപ്പത്ത്.
ഗ്രൂപ്പ് സിയില്‍ ഡെന്മാര്ക്ക് 3-0ന് ഗ്രീസിനെയും സ്കോട് ലന്‍ഡ് 2-0ന് ബെലാറൂസിനെയും തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് 3-0ന് സ്ലോവേനിയയെ കീഴടക്കി.