ഗൾഫിൽ അഫ്ഗാൻ
Wednesday, September 10, 2025 12:18 AM IST
ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ അഫ്ഗാൻ ആരവം. ഗൾഫിന്റെ മടിത്തട്ടിൽ ഹോങ്കോംഗിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അഫ്ഗാനിസ്ഥാൻ പുറത്തെടുത്തത്. ഗ്രൂപ്പ് ബിയിൽ ഇന്ത്യൻ സമയം ഇന്നലെ രാത്രി എട്ടിന് ആരംഭിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റണ്‍സ് നേടി.
സേദിഖുള്ള അറ്റൽ (52 പന്തിൽ 73 നോട്ടൗട്ട്), അസ്മത്തുള്ള ഒമർസായ് (21 പന്തിൽ 53) എന്നിവരുടെ അർധ സെഞ്ചുറികളാണ് അഫ്ഗാൻ ഇന്നിംഗ്സിനു കരുത്തായത്. മുഹമ്മദ് നബി 26 പന്തിൽ 33 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹോങ്കോംഗിന് കാര്യങ്ങൾ എളുപ്പമല്ലായിരുന്നു. 15 ഓവർ പൂർത്തിയായപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 74 റണ്‍സ് മാത്രമാണ് അവർക്ക് എടുക്കാൻ സാധിച്ചത്. ഹോങ്കോംഗിന്റെ ആദ്യ ആറ് ബാറ്റർമാരിൽ ബാബർ ഹയാത്ത് (39) മാത്രമാണ് രണ്ടക്കം കണ്ടത്.