കെസിഎല്‍ കൊടിയിറങ്ങിയപ്പോള്‍; റണ്ണടിച്ച് കൃഷ്ണപ്രസാദ്; എറിഞ്ഞിട്ട് അഖില്‍
Tuesday, September 9, 2025 1:43 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: കളിയാരവത്തിന്റെ ഇടിമുഴക്കം സമ്മാനിച്ച് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20യുടെ 2025 സീസണിന് കാര്യവട്ടത്ത് തിരശീല വീണു.
തിരുവോണ സമ്മാനമായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരുക്കിയ ടൂര്‍ണമെന്റ് നിരവധി പുത്തന്‍ താരങ്ങളുടെ ഉദയത്തിനും വേദിയായി. രാജ്യാന്തര കളിക്കളമായ കാര്യവട്ടം സ്റ്റേഡിയം കേരള താരങ്ങള്‍ക്ക് സമ്മാനിച്ചത് ഉന്നത നിലവാരത്തിലുള്ള ക്രിക്കറ്റ് സൗകര്യങ്ങള്‍.
കെസിഎല്‍ സീസണ് രണ്ടില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയത് ട്രിവാന്‍ഡ്രം റോയല്‍സിന്റെ കൃഷ്ണ പ്രസാദാണ്. ലീഗ് ഘട്ടത്തില്‍ തന്നെ ട്രിവാന്‍ഡ്രം പുറത്തായെങ്കിലും റണ്‍ വേട്ടയില്‍ കൃഷ്ണ പ്രസാദിനെ മറികടക്കാന്‍ ആര്‍ക്കുമായില്ല.
റണ്‍വേട്ടയിലെ മികവിനുള്ള ഓറഞ്ച് ക്യാപ് നേടിയ കൃഷ്ണപ്രസാദ് 10 മത്സരങ്ങളില്‍ നിന്നായി 479 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിംഗ്സ്.
പുറത്താവാതെ നേടിയ 119 റണ്‍സാണ് ഉയർന്ന സ്കോര്‍. ഓപ്പണറായി ഇറങ്ങിയ കൃഷ്ണപ്രസാദിന്റെ റണ്‍വേട്ടയിലാണ് ടീമിന്റെ വിജയങ്ങളിലേറെയും. 26 സിക്സറുകളും 34 ബൗണ്ടറിയും ഈ 26കാരന്റെ ബാറ്റില്‍നിന്നും പിറന്നു. കഴിഞ്ഞസീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 192 റണ്‍സായിരുന്നു സമ്പാദ്യം.
തൃശൂര്‍ ടൈറ്റന്‍സിന്റെ യുവതാരം അഹമ്മദ് ഇമ്രാനാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 437 റണ്‍സ് നേട്ടത്തില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. ഇമ്രാന്റെ ബാറ്റില്‍ നിന്നും 55 ബൗണ്ടറികളും 16 സിക്സുകളും പിറന്നു. വിനൂപ് മനോഹരന് 12 ഇന്നിംഗ്സുകളില്‍ നിന്നായി അടിച്ചെടുത്തത് 414 റണ്‍സ്. മൂന്നു അര്‍ധസെഞ്ചുറികള്‍ നേടിയ കൊച്ചിയുടെ ഈ താരം അടിച്ചെടുത്തത് 48 ബൗണ്ടറികളും 24 സിക്സറുകളും. ആറുമത്സരങ്ങള്ക്ക് മാത്രമിറങ്ങി 365 റണ്‍സ് നേടിയ ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നും ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും പിറന്നു. 24 ബൗണ്ടറിയും 30 തകര്‍പ്പന്‍ സിക്സറുകളും സഞ്ജു സ്വന്തമാക്കി.
വിക്കറ്റ് വേട്ടയില്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിന്റെ അഖില്‍ സ്കറിയയുടെ ഏകപക്ഷീയ മുന്നേറ്റമായിരുന്നു. 11 കളികളില്‍ നിന്ന് 25 വിക്കറ്റാണ് അഖില്‍ എറിഞ്ഞിട്ടത്. 14 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് പിഴുതതാണ് മികച്ച ബൗളിംഗ്. ആകെ വിട്ടുകൊടുത്തത് 39.3 ഓവറില്‍ 363 റണ്‍സ്. ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് അഖില്‍ സ്കറിയ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുന്നത്.
കഴിഞ്ഞ സീസണിലും 25 വിക്കറ്റുകളാണ് അഖില്‍ എറിഞ്ഞിട്ടത്. ഇതോടെ കെസിഎല്ലില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം എന്ന റിക്കാര്‍ഡും അഖില്‍ സ്വന്തം പേരില്‍ കുറിച്ചു. ബാറ്റിംഗിലും മികച്ച പ്രകടനമാണ് അഖില്‍ പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ അഖിലിന്റെ ബാറ്റില്‍ നിന്നും 314 റണ്‍സ് കുറിച്ചു.
വിക്കറ്റ് വേട്ടയില്‍ കൊല്ലം സെയ്ലേഴ്സിന്റെ എ.ജി. അമല്‍ 17 വിക്കറ്റു നേട്ടവുമായി രണ്ടാമതെത്തി. ഫൈനലില്‍ ഉള്‍പ്പെടെ 12 കളികളില്‍ നിന്നാണ് അമലിന്റെ ഈ നേട്ടം. 37 ഓവറില്‍ 282 റണ്‍സ് വിട്ടുകൊടുത്താണ് അമലിന്റെ ഈ വിക്കറ്റ് വേട്ട. 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ കെ.എം. ആസിഫ് എട്ടു മത്സരങ്ങളില്‍ നിന്നും 16 വിക്കറ്റ് നേട്ടവുമായി പട്ടികയില്‍ മൂന്നാമതെത്തി. 29.2 ഓവറുകളില്‍ 217 റണ്‍സ് വഴങ്ങിയാണ് ആസിഫിന്റെ പ്രകടനം .23 റണ്‍സിന് നാലുവിക്കറ്റ് സ്വന്തമാക്കിയ നേട്ടമാണ് മികച്ച ബൗളിംഗ്.
കൊച്ചിയുടെ തന്നെ മുഹമ്മദ് ആഷിക് 10 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് നേട്ടവുമായി പട്ടികയില്‍ നാലാമനായി. 17 റണ്‍സ് വിട്ടു നല്കി നാലു വിക്കറ്റ് നേട്ടം സ്വനമാക്കിയതാണ് മികച്ച പ്രകടനം.