ഇന്ത്യക്കു മൂന്നാം സ്ഥാനം
Tuesday, September 9, 2025 1:43 AM IST
ഹിസോര് (തജിക്കിസ്ഥാന്‍): സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (കാഫ) പോരാട്ടത്തില്‍ ഇന്ത്യക്കു മൂന്നാം സ്ഥാനം. പുതിയ പരിശീലകനായ ഖാലിദ് ജമീലിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ ആദ്യ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി എന്നതാണ് ശ്രദ്ധേയം; ഖാലിദ് കാലഘട്ടത്തിനു മെഡല്‍ തുടക്കം...
മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒമാനെയാണ് ഇന്ത്യ കീഴടക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും 1-1 സമനില പാലിച്ചു. അതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു.
ഷൂട്ടൗട്ടില്‍ 3-2ന്റെ ജയത്തോടെ ടീം ഇന്ത്യ വെങ്കല മെഡല്‍ സ്വന്തമാക്കി. 55-ാം മിനിറ്റില്‍ ലീഡ് നേടിയ ഒമാനെ 80-ാം മിനിറ്റില്‍ ഉദാന്ത സിംഗ് കുമാമിന്റെ ഗോളിലൂടെയാണ് ഇന്ത്യ സമനിലയില്‍ പിടിച്ചത്.
ഹീറോ ഗുര്‍പ്രീത്
ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ മിന്നും പ്രകടനമാണ് ഇന്ത്യക്കു ഗുണമായത്. ഷൂട്ടൗട്ടില്‍ നിര്‍ണായകമായ ഒമാന്റെ അഞ്ചാം ഷോട്ട് ഗുര്‍പ്രീത് സിംഗ് സന്ധു വിഫലമാക്കി. ഒമാന്റെ ആദ്യ രണ്ട് കിക്കുകള്‍ പാഴായിരുന്നു.