നെയ്മറിന് 8816 കോടിയുടെ സ്വത്ത് നല്കി അജ്ഞാതന്‍..!
Sunday, September 7, 2025 2:07 AM IST
ബ്രസീലിയ: ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറിനെ തേടിയെത്തിയത് അമ്പരപ്പിക്കുന്ന തുകയുടെ സ്വത്ത് വകകള്‍. കേട്ടവര്‍ കേട്ടവര്‍ അദ്ഭുതത്തോടെയാണ് നെയ്മറിന്റെ ഭാഗ്യത്തെക്കുറിച്ച് സംസാരിച്ചത്.
അതിന്റെ കാരണം ഒന്നു മാത്രം; തെക്കന്‍ ബ്രസീലിലെ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളിലെ ഒരു ശതകോടീശ്വരന്‍ അദ്ദേഹത്തിന്റെ സ്വത്ത് പൂര്‍ണമായി നെയ്മറിനു കൈമാറുന്നതായി വില്പത്രം എഴുതി. ഒരു ബില്യണ്‍ ഡോളറില്‍ (8816 കോടി രൂപ) കൂടുതല്‍ തുകയുടെ സ്വത്താണ് ഇങ്ങനെ നെയ്മറിന്റെ കൈകളിലേക്കു വന്നു ചേര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പേര് വെളിപ്പെടുത്താത്ത കോടീശ്വരനാണ് നെയ്മറിന്റെ പേരിലേക്ക് വില്പത്രമെഴുതിയത്. ഭാര്യയും മക്കളും ഇല്ലാത്തയാളാണ് ഇദ്ദേഹമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. മാത്രമല്ല, നെയ്മറിന്റെ എളിമയും പിതാവിനോടുള്ള അനുകമ്പ, സ്നേഹം എന്നിവയും മതിപ്പുളവാക്കിയതിനാലാണ് വില്പത്രമെഴുതിയതെന്നു കോടീശ്വരന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.