കിംഗ് കാര്‍ലോസ്
Tuesday, September 9, 2025 1:43 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടത്തോടൊപ്പം എടിപി ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് തരംഗമായി.
ഫൈനലില്‍ ഒന്നാം നമ്പറായിരുന്ന ഇറ്റലിയുടെ യാനിക് സിന്നറിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് അല്‍കരാസ് യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തംവച്ചത്. സ്കോര്‍: 6-2, 3-6, 6-1, 6-4. ഫൈനലില്‍ ജയിക്കുന്ന ആള്‍ക്ക് ലോക ഒന്നാം നമ്പര്‍ ലഭിക്കുമെന്ന അവസ്ഥയിലായിരുന്നു മത്സരം.
വെന്നിക്കൊടി പാറിച്ചതോടെ രണ്ടാം സ്ഥാനത്തായിരുന്ന അല്‍കരാസ് ഒന്നിലേക്ക് എത്തി, ഒന്നില്‍നിന്ന് യാനിക് സിന്നര്‍ രണ്ടിലേക്ക് ഇറങ്ങുകയും ചെയ്തു. 2023നുശേഷം ആദ്യമായാണ് അല്‍കരാസ് ഒന്നാം സ്ഥാനത്തിലേക്കു തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയം.
ഡബിള്‍, ഡബിള്‍, ഡബിള്‍
22കാരനായ അല്‍കരാസിന്റെ കരിയറിലെ ആറാം ഗ്രാന്സ്ലാം കിരീടമാണ്; യുഎസ് ഓപ്പണ്‍ സ്വന്തമാക്കുന്നത് ഇതു രണ്ടാം തവണ. 2022ലായിരുന്നു മുമ്പ് യുഎസ് ഓപ്പണില്‍ അല്‍കരാസ് ചുംബിച്ചത്. ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ (2024, 2025), വിംബിള്‍ഡണ്‍ (2023, 2024), യുഎസ് ഓപ്പണുകള്‍ രണ്ടു തവണ വീതവും ഈ സ്പാനിഷ് താരം നേടി. 2025 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും യാനിക് സിന്നറിനെ കീഴടക്കിയാണ് അല്‍കരാസ് ജേതാവായത്.
1978 മുതല്‍ യുഎസ് ഓപ്പണ്‍ ഹാര്‍ഡ് കോര്‍ട്ടിലേക്കു മാറ്റിയശേഷം, മൂന്നു വ്യത്യസ്ത സര്ഫെയ്സുകളില് (ഫ്രഞ്ച് ഓപ്പണ്‍-കളിമണ്‍, വിംബിള്‍ഡണ്‍-പുല്ല്, യുഎസ് ഓപ്പണ്‍-ഹാര്‍ഡ്) ഇരട്ട ഗ്രാന്സ്ലാം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരവും അല്‍കരാസ് ആണ്.
ചേട്ടന്റെ കൈയബദ്ധം
യുഎസ് ഓപ്പണില്‍ കാര്‍ലോസ് അല്‍കരാസ് ആദ്യ റൗണ്ടിന് എത്തിയപ്പോള്‍ ഏവരും അദ്ഭുതത്തോടെ നോക്കി. അതിന്റെ കാരണം മറ്റൊന്നുമല്ലായിരുന്നു, തലമുടി ട്രിം ചെയ്ത് ബസ് കട്ട് അടിച്ചായിരുന്നു അല്‍കരാസ് എത്തിയത്. ടൂര്‍ണമെന്റിനു മുമ്പായി പുതിയൊരു ഹെയല്‍ സ്റ്റൈല്‍ പരീക്ഷിക്കാനായിരുന്നു പ്ലാനെന്നും ചേട്ടന് ആല്‍വാരൊ അബദ്ധത്തില്‍ തലമുടിയുടെ ഒരു വശം പറ്റെവെട്ടിയതോടെ മറ്റൊരു മാര്ഗമില്ലാതായെന്നുമായിരുന്നു അല്‍കരാസിന്റെ വെളിപ്പെടുത്തല്‍.
അല്‍കരാസ് ബസ് കട്ട് അടിച്ചെത്തിയപ്പോള് ടെന്നീസ് ലോകം 1995 ഓസ്ട്രേലിയന്‍ ഓപ്പണില്‍ അമേരിക്കന്‍ മുന്‍ താരം ആന്ദ്രെ അഗാസി ബ്ലേഡ് കട്ട് അടിച്ചതായിരുന്നു ഓര്‍മിച്ചത്. കഷണ്ടി അംഗീകരിച്ച് തല പൂര്‍ണമായി ഷേവ് ചെയ്യുകയായിരുന്നു അഗാസി ചെയ്തതെന്നതു ചരിത്രം.
എന്നാല്‍, 1995 ഓസ്ട്രേലിയന്‍ ഓപ്പണില്‍ അഗാസി ചുംബിച്ചു. ഇത്തവണ ബസ് കട്ടുമായെത്തിയപ്പോള് അല്കരാസിനും അത് ഭാഗ്യമായി, 2025 യുഎസ് ഓപ്പണ്‍ സ്വന്തം...