കൈ കൊടുക്കാതെ കളത്തിലേക്ക്..!
Wednesday, September 10, 2025 12:18 AM IST
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ആദ്യ മത്സരത്തിനിറങ്ങും മുന്പേ സ്ഥിരവൈരികളായ ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടത്തിന് പുതിയ മാനം ചർച്ചയാക്കി സോഷ്യൽ മീഡിയ. പരന്പരയിലെ ഒരു പന്ത് പോലും എറിയും മുന്പേ വിവാദത്തിന് കൈകൊടുത്താണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇന്നലെ നടന്ന പത്രസമ്മേളന വേദി വിട്ടത്.
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ ഹസ്തദാനം നൽകിയില്ലെന്നതാണ് ചർച്ചയായത്.
ടൂർണമെന്റിന് മുന്പുള്ള പതിവ് ക്യാപ്റ്റന്മാരുടെ പത്രസമ്മേളനത്തിൽ വച്ചായിരുന്നു സംഭവം. എട്ട് ടീമുകളുടെയും ക്യാപ്റ്റൻമാർ എത്തിയിരുന്നു.
പത്രസമ്മേളനം അവസാനിച്ചതോടെ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘ ഹസ്തദാനം ഒഴിവാക്കി വേദിവിട്ടു. അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ഉൾപ്പെടെയുള്ളവർക്ക് ഹസ്തദാനം നൽകി.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യ- പാക് പോരാട്ടത്തിന് പുതിയ മാനം കൈവന്നത് വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു. “പത്രസമ്മേളനത്തിൽ ഇരു ക്യാപ്റ്റൻമാരും ഹസ്തദാനം നൽകിയില്ല.
എങ്കിൽ എന്തിനാണ് ഇവർ ഏഷ്യ കപ്പ് കളിക്കുന്നത്’’- അന്പയർ റിച്ചാർഡ് കെറ്റിബോറോ സോഷ്യൽ മീഡിയയിൽ ചോദ്യമുന്നയിച്ചു. ഞായറാഴ്ചയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടം.