സുവാരസിന് വീണ്ടും വിലക്ക്
Wednesday, September 10, 2025 12:18 AM IST
മയാമി: മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിന് മൂന്നു മത്സര വിലക്ക്. ഓഗസ്റ്റ് 31നു നടന്ന ലീഗ്സ് കപ്പ് ഫൈനലിനിടെ സിയാറ്റില്‍ സൗണ്ടേഴ്സിന്റെ സ്റ്റാഫ് അംഗത്തെ തുപ്പിയ കുറ്റത്തിനാണ് വിലക്ക്.
ലീഗ്സ് കപ്പില്‍ ആറ് മത്സരങ്ങളില്‍ സുവാരസിന് നേരത്തേതന്നെ വിലക്ക് ലഭിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് മേജര്‍ ലീഗ് സോക്കറില്‍ മൂന്നു മത്സര വിലക്കും ഉറുഗ്വെന്‍ താരത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ മൊത്തം ഒമ്പത് മത്സരങ്ങളാണ് സുവാരസിനു നഷ്ടപ്പെടുക.
ലീഗ്സ് കപ്പ് ഫൈനലില്‍ സിയാറ്റില്‍ സൗണ്ടേഴ്സ് 3-0ന് ഇന്റര്‍ മയാമിയെ കീഴടക്കി ചാമ്പ്യന്മാരായിരുന്നു. ഫൈനല്‍ വിസിലിനുശേഷമുണ്ടായ കൈയാങ്കളിക്കിടെയായിരുന്നു സുവാരസ് എതിര് ടീം സ്റ്റാഫിനെ തുപ്പിയത്. സംഭവത്തില്‍ സുവാരസ് സോഷ്യല്‍ മീഡിയയിലൂടെ ക്ഷമാപണം നടത്തിയിരുന്നു.