ഗുകേഷിനെ വീഴ്ത്തി അഭിമന്യു
Wednesday, September 10, 2025 12:18 AM IST
സമര്‍ഖണ്ഡ് (ഉസ്ബക്കിസ്ഥാന്): ഫിഡെ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കയുടെ അഭിമന്യു മിശ്ര.
16കാരനായ അഭിമന്യു മിശ്ര അഞ്ചാം റൗണ്ടിലാണ് ഗുകേഷിനെ വീഴ്ത്തിയത്. നിലവിലെ ലോക ചാമ്പ്യനെ ക്ലാസിക്കല്‍ ഗെയിംസില്‍ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രനേട്ടവും അഭിമന്യു മിശ്ര സ്വന്തമാക്കി.
2021ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന റിക്കാര്‍ഡും ഇന്ത്യയില്‍ വേരുകളുള്ള അഭിമന്യു മിശ്ര സ്വന്തമാക്കിയിരുന്നു. 12 വര്‍ഷവും നാല് മാസവും 25 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അഭിമന്യു ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്.
സ്വിസ് ചെസില്‍ ആദ്യ അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 4.5 പോയിന്റുമായി ഇറാന്റെ പര്‍ഹാം മാഗ്സൂഡ്ലൂ ആണ് ഒന്നാം സ്ഥാനത്ത്. നാലു പോയിന്റുമായി അഭിമന്യു മിശ്ര രണ്ടാമതുണ്ട്.
ഇത്രയും പോയിന്റുള്ള ഇന്ത്യയുടെ അര്ജുന് എറിഗയ്സി നാലാമതാണ്. മൂന്നു പോയിന്റുമായി 20-ാം സ്ഥാനത്താണ് ഡി. ഗുകേഷ്. മലയാളി താരം നിഹാല്‍ സരിന് 3.5 പോയിന്റുമായി 15-ാം സ്ഥാനത്തുണ്ട്. മറ്റൊരു മലയാളിയായ എസ്.എല്‍. നാരായണന് 2.5 പോയിന്റാണുള്ളത്.