സിറാജിനും പ്രസിദ്ധിനും റാങ്കിംഗ് മുന്നേറ്റം
Wednesday, August 6, 2025 11:50 PM IST
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിലൂടെ ലോക ബൗളിംഗ് റാങ്കില്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും.
കരിയറിലെ ഏറ്റവും മികച്ച റാങ്കിലാണ് ഇരുവരുമെത്തിയത്. 23 വിക്കറ്റുമായി സിറാജായിരുന്നു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയത്. പ്രസിദ്ധ് കൃഷ്ണ 14 വിക്കറ്റ് വീഴ്ത്തിയിരുന്നു.
മുഹമ്മദ് സിറാജ് 12 സ്ഥാനം മുന്നേറി 15ല്‍ എത്തി. 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പ്രസിദ്ധ് കൃഷ്ണ 59ലാണിപ്പോള്‍. ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ മാത്രം കളിച്ച ബുംറ 14 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ യശസ്വി ജയ്സ്വാള്‍ മൂന്നു സ്ഥാനം മുന്നേറി അഞ്ചില്‍ എത്തി. എട്ടാം സ്ഥാനത്തുള്ള ഋഷഭ് പന്താണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. നാലു സ്ഥാനം പിന്നോട്ടിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നിലവില്‍ 13-ാം റാങ്കിലാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍.