സണ്‍ ഹ്യൂങ് ലോസ് ആഞ്ചലസില്‍
Wednesday, August 6, 2025 11:50 PM IST
സീയൂള്‍: ദക്ഷിണകൊറിയന്‍ സൂപ്പര്‍ ഫുട്ബോളര് സണ്‍ ഹ്യൂങ് മിന് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ലോസ് ആഞ്ചലസ് എഫ്സിയില്‍ ചേര്‍ന്നു.
ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്ട്സ്പുറിനോടു വിടപറഞ്ഞതിന്റെ മൂന്നാംദിനമാണ് 33കാരനായ സണ്‍ ഹ്യൂങ് ലോസ് ആഞ്ചലസിലേക്കു ചേക്കേറിയതെന്നതാണ് ശ്രദ്ധേയം.
2015ല്‍ ജര്‍മന്‍ ക്ലബ്ബായ ബയെര്‍ ലെവര്കുസെന്നില്നിന്നായിരുന്നു സണ്‍ ടോട്ടന്‍ഹാമില്‍ എത്തിയത്. ഇംഗ്ലീഷ് ക്ലബ്ബിനായി 454 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 173 ഗോള്‍ നേടി, 101 അസിസ്റ്റ് നടത്തി. 2018-10 യുവേഫ ചാമ്പ്യന്‍സ് ലീഗ്, 2020-21 ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലുകള്‍ കളിച്ചു.
2024-25 യൂറോപ്പ ലീഗാണ് സണ്ണിന്റെ സീനിയര്‍ കരിയറിലെ ഏക ട്രോഫി നേട്ടം. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരവും (333) ഏറ്റവും കൂടുതല്‍ ഗോളും (127) ഏറ്റവും കൂടുതല്‍ അസിസ്റ്റും (71) നടത്തിയ ഏഷ്യക്കാരനാണ് സണ്‍.