സിറാജിഷ്ടം!
Monday, August 4, 2025 11:38 PM IST
ലണ്ടൻ: ആവേശം കൊടുന്പിരിക്കൊണ്ട ത്രില്ലർ പോരാട്ടത്തിൽ ശപിക്കപ്പെട്ടവനിൽനിന്ന് ഒറ്റ ദിവസംകൊണ്ട് ദൈവദൂതനായി മാറിയ താരം... ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിൽ ജീവൻമരണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക്, നാലാംദിനം ഹാരി ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ട് മത്സരം നഷ്ടമാക്കിയെന്ന് ഏവരും കരുതിയിടത്തുനിന്നു ദൃഢനിശ്ചയത്തോടെ അഞ്ചാം ദിനം ഗ്രൗണ്ടിലിറങ്ങിയ പേസർ മുഹമ്മദ് സിറാജ് സമ്മാനിച്ചത് പെരുമ നൽകിയ വിജയം.
നാല് വിക്കറ്റ് കൈയിലിരിക്കേ അവസാന ദിനം ഇംഗ്ലണ്ടിനു ജയം 35 റണ്‍സ് അകലെ. നാലിൽ മൂന്നു വിക്കറ്റും കൊയ്ത് വിജയ ലക്ഷ്യത്തിന് ആറ് റണ്‍സ് അകലെ ബാസ്ബോൾ ടീമിനെ വീഴ്ത്തിയപ്പോൾ സിറാജ് എന്ന ദൈവദൂതന് കൈയടികൾ...
കൈ മെയ് മറന്ന്
ജോലിഭാരമോ സമ്മർദമോ അലട്ടാതെ വിശ്രമം തേടാതെ സിറാജ് എന്ന പോരാളി കർത്തവ്യം നിറവേറ്റി. പരന്പരയിലെ മൂന്നു മത്സരങ്ങിൽ മാത്രം ജസ്പ്രീത് ബുംറ കളിച്ചപ്പോൾ സീനിയർ താരമെന്ന നിലയിൽ സിറാജ് ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുത്തു. എല്ലാ മത്സരങ്ങളിലും ഇന്ത്യൻ പേസാക്രമണത്തിൽ പങ്കാളിയായ താരം അഞ്ച് മത്സരങ്ങളിലായി 1,000ത്തിലധികം പന്തെറിഞ്ഞു. രണ്ട് പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടമടക്കം 23 വിക്കറ്റുകളും സ്വന്തമാക്കി.
വിക്കറ്റ് വേട്ടയിൽ ടോപ്പർ
ടൂർണമെന്റിൽ നിർണായകമായ അവസാന മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ നാലും രണ്ടാം ഇന്നിംഗ്സിൽ അഞ്ചും വിക്കറ്റ് നേട്ടവുമടക്കം അഞ്ചു മത്സരങ്ങളിൽനിന്ന് 23 ഇംഗ്ലീഷ് ബാറ്റർമാരെയാണ് സിറാജ് വീഴ്ത്തിയത്. പരന്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനും സിറാജ് തന്നെ.
കളിയിലെ താരം
പരന്പരയിൽ 2-1നു പിന്നിൽനിന്ന ഇന്ത്യക്ക് അഞ്ചാം ടെസ്റ്റിൽ ജയം അനിവാര്യമെന്നിരിക്കേ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട സിറാജാണ് പ്ലെയർ ഓഫ് ദ മാച്ച്. സിറാജ് അഴിച്ചുവിട്ട പേസാക്രമണത്തിൽ ഇംഗ്ലീഷ് ബാറ്റർമാർക്ക് മറുപടി ഇല്ലാതായി. അവസാന ദിനത്തിലെ മൂന്നു വിക്കറ്റ് അടക്കം മത്സരത്തിൽ 190 റൺസിന് ഒന്‍പതു വിക്കറ്റുകൾ സിറാജ് സ്വന്തമാക്കി.
പ്രതീക്ഷയുടെ ആത്മഗതം
“ നാലാംദിനം ഹാരി ബ്രൂക്കിന്റെ ക്യാച്ച് വിജയകരമായി എടുക്കുന്നതിൽ പരാജയപ്പെട്ട നിമിഷം, ഞാൻ ചിന്തിച്ചു മത്സരം ഇവിടെ അവസാനിച്ചു. വിധി നിർണയിക്കപ്പെട്ടു. ഇനി തിരിച്ചുവരവില്ല. സാധ്യതകൾ വിരളമെന്നിരിക്കേ അഞ്ചാംദിനത്തിലെ പ്രഭാതം ഉണർന്നപ്പോൾ ഞാൻ സ്വയം മനസിൽ പറഞ്ഞു. ഈ മത്സരത്തിന്റെ വിധി ഞാൻ നിർണയിക്കും. ഞാനാണ് ഗെയിം ചേഞ്ചർ’’- ഇന്ത്യൻ ജയം സാധ്യമാക്കിയശേഷം സിറാജ് നടത്തിയ ആദ്യ പ്രതികരണം.
വില്ലൻ ഹീറോ ആയി
നാലാം ദിനം ഹാരി ബ്രൂക്ക് 19 റണ്‍സിൽ നിൽക്കേ മുഹമ്മദ് സിറാജിന്റെ കൈകളിലേക്കെത്തിയ പന്ത് ആരാധകരുടെയും സഹതാരങ്ങളുടെയും ഹൃദയം നുറുക്കി. ഏവരുടെയും കണ്ണുകൾ സിറാജിന്റെ കൈകളിൽ. ബ്രൂക്ക് അടിച്ച പന്ത് സിറാജ് കൈകളിലൊതുക്കി. വിക്കറ്റെന്ന് ആശ്വസിക്കും മുന്‍പേ ഹൃദയം നുറുങ്ങിയ യാഥാർഥ്യം തിരിച്ചറിഞ്ഞു.
പന്ത് കൈയിലിരിക്കേ ബൗണ്ടറി ലൈനിൽ സിറാജിന്റെ കാൽ തൊട്ടു. ജീവൻ തിരിച്ചുകിട്ടിയ ബ്രൂക്ക് ഏകദിന ശൈലിയിൽ അടിച്ചെടുത്തത് 98 പന്തിൽ 111 റണ്‍സ്. സിറാജ് വില്ലനും ഇന്ത്യൻ പ്രതീക്ഷ അവസാനിപ്പിച്ച് മുറിവേൽപ്പിച്ചവനുമായ നിമിഷം.
അഞ്ചാം ദിനം മത്സരം പുനരാരംഭിച്ചപ്പോൾ വില്ലൻ ഹീറോ ആയി. അവസാന നാല് വിക്കറ്റിൽ മൂന്നും നേടി മത്സരത്തിൽ മൊത്തം ഒന്‍പതു വിക്കറ്റുമായി താരമായി. ഹൃദയം നുറുക്കിയവൻ രക്ഷകനായി മാറിയ നിമിഷം കരഘോഷം അവസാനിക്കുന്നില്ല...