ഗില്ലിന്റെ ഗണ്‍ ടീം...
Wednesday, August 6, 2025 12:30 AM IST
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ഐപിഎല്ലിനുശേഷം ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പിന്നാമ്പുറങ്ങളില്‍ സജീവം.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയോടെ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹവും അന്തരീക്ഷത്തിലുണ്ട്. എന്നാല്‍, മേയ് ഏഴിന് ഏവരെയും ഞെട്ടിച്ച് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു. മേയ് 12ന് വിരാട് കോഹ്ലിയും റെഡ് ബോള്‍ ക്രിക്കറ്റിനോടു വിടപറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ശരിക്കും ഞടുങ്ങിയ നിമിഷം.
ഐപിഎല്ലിനിടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു; 25കാരന് ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍, 27കാരനായ ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍. സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അഞ്ച് ടെസ്റ്റ് പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ മാത്രമേ കളിക്കൂ എന്നും ബിസിസിഐ അറിയിച്ചു. ഇന്ത്യയുടെ യുവടീം ഇംഗ്ലണ്ടിന്റെ ബാസ് ക്രിക്കറ്റിനെ എങ്ങനെ നേരിടുമെന്ന ആശങ്ക ഐപിഎല്ലിനിടെയും ഉയര്‍ന്നു.
യംഗാണ്; പക്ഷേ വെടിപൊട്ടിക്കണം
ഇംഗ്ലണ്ടിനെതിരായ ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ ടീം മുഖ്യപരിശീലകനായ ഗൗതം ഗംഭീര്‍ പറഞ്ഞത് ഇത്രമാത്രം; യുവാക്കളാണ് നിങ്ങള്‍. പക്ഷേ, സ്ഫോടനം നടത്താനുള്ള ടീമായിമാറണം. ഒരു ഗണ്‍ ടീമാകണം.
അതെ, ആശാന്റെ നിര്‍ദേശം ശിരസാവഹിച്ച് യുവ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ 2-2 സമനിലയുമായി തലയുയര്‍ത്തി മടങ്ങി. ഇത്തരമൊരു ഇഞ്ചോടിഞ്ച് പരമ്പര കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. കാരണം, ടെസ്റ്റില്‍ അത്രമികച്ച ട്രാക്ക് റിക്കാര്ഡില്ലാതിരുന്ന ശുഭ്മാന്‍ ഗില്‍ യുവനിരയുമായി ഇംഗ്ലണ്ടില്‍ എന്തു ചെയ്യും എന്നതായിരുന്നു പ്രധാന ചോദ്യം. ടീമിലെ എട്ട് കളിക്കാര്‍ക്കു മാത്രമായിരുന്നു മുമ്പ് ഇംഗ്ലണ്ടില്‍ കളിച്ച പരിചയംപോലും ഉണ്ടായിരുന്നത്.
ഇംഗ്ലണ്ടിലെ സാഹചര്യം, മത്സരത്തിന്റെ സമ്മര്‍ദം ഇതെല്ലാം എങ്ങനെ യുവനിരയ്ക്കു താങ്ങാനാവും എന്നും ആശങ്കയുയര്‍ന്നു. ജസ്പ്രീത് ബുംറ മൂന്നു മത്സരത്തില്‍ മാത്രമേ കളിക്കുകയുള്ളൂ എന്നതിനാല്‍ ബൗളിംഗ് യൂണിറ്റിന്റെ കരുത്തിലും സംശയമുണ്ടായി.
എന്നാല്‍, 25 ദിവസത്തെ പോരാട്ടദിനങ്ങള്ക്കുശേഷം ആശങ്കകള്‍ക്കു മറുപടിയായി 2-2 സമനില. അതാണെങ്കില്‍, ന്യൂസിലന്‍ഡിന് എതിരേ ഹോം സീരീസിലും ഓസ്ട്രേലിയയ്ക്കെതിരായ എവേ പരമ്പരയിലും തോല്‍വി വഴങ്ങിയശേഷമാണെന്നതാണ് ഹൈലൈറ്റ്. ഇന്ത്യന്‍ യുവനിര വെടിയുതിര്‍ത്തപ്പോള്‍ ഇംഗ്ലീഷ് പോരാളികള്‍ ഞെട്ടി.
“പരമ്പരയുടെ തുടക്കത്തില്‍ ഗൗതി ഭായ് (ഗൗതം ഗംഭീര്‍) പറഞ്ഞു: അതെ, നമ്മള് യുവ ടീമാണ്. പക്ഷേ, നമ്മളെ യുവ ടീമായി കാണാന്‍ അനുവദിക്കരുത്, ഒരു ഗണ്‍ ടീമായി കാണപ്പെടണം. ഞങ്ങള്‍ ഗണ്‍ ടീമാണെന്ന് കാണിച്ചു. സിറാജിനെ പോലുള്ള ഗണ്‍ പ്ലെയേഴ്സ് ഈ ടീമിലുണ്ട്. അതാണ് ഈ ടീമിന്റെ സവിശേഷത’’ - പരമ്പര നേട്ടത്തിനുശേഷം ശുഭ്മാന്‍ ഗില്‍ പറഞ്ഞു.
മുന്നില്‍ നിന്ന ക്യാപ്റ്റന്‍
എക്കാലവും ഓര്മിക്കത്തക്കതായ പരമ്പരയാണ് ടീം ഇന്ത്യ ഇംഗ്ലീഷ് മണ്ണില്‍ കാഴ്ചവച്ചത്. ലീഡ്സില്‍ അഞ്ച് വിക്കറ്റ് തോല്‍വിയോടെയാണ് പരമ്പര തുടങ്ങിയതെങ്കിലും ബിര്‍മിംഗ്ഹാമിലെ രണ്ടാം മത്സരത്തില്‍ 336 റണ്‍സിന്റെ പടുകൂറ്റന്‍ ജയം. ലോഡ്സില്‍ മിന്നും പോരാട്ടത്തിനുശേഷം 22 റണ്‍സിനു തോറ്റു. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച സമനില, അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലീഷ് പടയെ ആറ് റണ്‍സിനു വീഴ്ത്തി പരമ്പര 2-2ല്‍ എത്തിച്ചു.
ക്യാപ്റ്റന്‍ എന്നനിലയില്‍ ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ പരമ്പരയായിരുന്നു. ഒരു ഡബിള്‍ സെഞ്ചുറി അടക്കം നാല് സെഞ്ചുറിയുള്‍പ്പെടെ 754 റണ്‍സാണ് ഗില്‍ നേടിയത്. പരമ്പരയുടെ ടോപ് സ്കോറര്‍. ഇന്ത്യന്‍ ടീമിനെ മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ക്യാപ്റ്റന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ബാറ്റിംഗ് പ്രകടനമാണിത്.
സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനുമാത്രം (810 റണ്‍സ്) പിന്നില്‍. പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റര്‍ ആയിരിക്കണമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു ഇംഗ്ലണ്ടില്‍ എത്തിയതെന്നാണ് ഗില്ലിന്റെ തുറന്നുപറച്ചില്‍. ശരിക്കും ഇച്ഛാശക്തിയും ലക്ഷ്യവുമുള്ള താരവും ക്യാപ്റ്റനും...
ഒരു ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ചുറിയുള്ള ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാണ് ഗില്‍. 25 വര്‍ഷവും 330 ദിനവും പ്രായമുള്ള ഗില്‍, പ്ലെയര്‍ ഓഫ് ദ സീരീസുമായി. ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ പ്ലെയര്‍ ഓഫ് ദ സീരീസാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമനാണ് ഗില്‍.
അഞ്ചാം ടെസ്റ്റിന്റെ അഞ്ചാംദിനം മുഹമ്മദ് സിറാജുമായും പ്രസിദ്ധ് കൃഷ്ണയുമായും നിരന്തരം സംസാരിക്കുന്ന ക്യാപ്റ്റന്‍ ഗില്ലിനെയാണ് ഓവലില്‍ കണ്ടത്. മത്സരം വരുതിക്കുള്ളിലാക്കാന്‍, ഫീല്‍ഡര്‍മാരെ ബൗണ്ടറിയിലേക്ക് ഇറക്കിനിര്‍ത്തി സിറാജിനെയും പ്രസിദ്ധിനെയുംകൊണ്ട് സ്റ്റംപ് ആക്രമിപ്പിച്ചതുമെല്ലാം ക്യാപ്റ്റന്റെ വീക്ഷണവും ഭാവനയും വെളിപ്പെടുത്തി. ഏകദിന ക്യാപ്റ്റന്‍സിയും വൈകാതെ ഗില്ലിന്റെ തലയില്‍ വന്നുചേരുമെന്നുറപ്പ്...
വിശ്വസിക്കൂ, ലഭിക്കും
വിശ്വസിക്കൂ, എല്ലാം ലഭിക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് മുഹമ്മദ് സിറാജ് എന്ന അണ്ടര്‍റേറ്റഡ് പേസര്‍. ജസ്പ്രീത് ബുംറയുടെ നിഴലായി കൂടെനില്ക്കുകയായിരുന്ന സിറാജ്, ഇംഗ്ലണ്ടിനെതിരായ അഞ്ച് പരമ്പരയില്‍ ഒമ്പത് ഇന്നിംഗ്സിലായി എറിഞ്ഞത് 1113 പന്ത് (185.3 ഓവര്‍). രണ്ട് അഞ്ചും ഒരു നാലും അടക്കം വീഴ്ത്തിയത് 23 വിക്കറ്റ്. വഴങ്ങിയത് 746 റണ്‍സ്, 26 മെയ്ഡന്‍ ഓവര്‍.
മൂന്നു മത്സരത്തിലെ ആറ് ഇന്നിംഗ്സില്‍നിന്ന് 14 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും സിറാജിനു പിന്തുണ നല്കി. മൂന്നു ടെസ്റ്റ് കളിച്ച ജസ്പ്രീത് ബുംറയും 14 വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും (532 റണ്‍സ്) യശസ്വി ജയ്സ്വാളും (411) മികവു പുലര്‍ത്തിയ പരമ്പര. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയുമടക്കം രവീന്ദ്ര ജഡേജയും (516 റണ്‍സ്) ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമായി വാഷിംഗ്ടണ്‍ സുന്ദറും (284 റണ്‍സ്) ബാറ്റുകൊണ്ട് കഥപറഞ്ഞു.
രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമുള്‍പ്പെടെ ഋഷഭ് പന്ത് നേടിയത് 479 റണ്‍സ്. ഈ യുവ സംഘത്തെ വിശ്വസിക്കൂ, 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇവര്‍ അദ്ഭുതങ്ങള്‍ കാണിക്കും...
ഇന്ത്യന്‍ ടീം പ്രോഗ്രസ്കാര്‍ഡ്
താരം, മത്സരം, ഇന്നിംഗ്സ്, റണ്‍സ്, ഉയര്‍ന്ന സ്കോര്‍, 100/50
ശുഭ്മാന്‍ ഗില്‍ 5 10 754 269 4/0
കെ.എല്‍. രാഹുല്‍ 5 10 532 137 2/2
രവീന്ദ്ര ജഡേജ 5 10 516 107* 1/5
ഋഷഭ് പന്ത് 4 7 479 134 2/3
യശസ്വി ജയ്സ്വാള്‍ 5 10 411 118 2/2
വാഷിംഗ്ടണ്‍ സുന്ദർ 4 8 284 101* 1/1
കരുണ്‍ നായര്‍ 4 8 205 57 0/1
സായ് സുദര്ശന് 3 6 164 56 0/1
ആകാശ് ദീപ് 3 5 80 66 0/1
ധ്രുവ് ജുറെല്‍ 1 2 53 34 0/0
താരം, മത്സരം, എറിഞ്ഞ പന്ത്, വിക്കറ്റ്, മികച്ച പ്രകടനം, 4/5
മുഹമ്മദ് സിറാജ് 5 1113 23 6/70 1/2
ജസ്പ്രീത് ബുംറ 3 718 14 5/74 0/2
പ്രസിദ്ധ് കൃഷ്ണ 3 630 14 4/62 2/0
ആകാശ് ദീപ് 3 655 13 6/99 1/1
വാഷിംഗ്ടണ്‍ സുന്ദര്‍ 4 445 7 4/22 1/0
രവീന്ദ്ര ജഡേജ 5 853 7 4/143 1/0
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ടീം, മത്സരം, ജയം, തോല്‍വി, സമനില, പോയിന്റ് ശതമാനം
ഓസ്ട്രേലിയ 3 3 0 0 100
ശ്രീലങ്ക 2 1 0 1 66.67
ഇന്ത്യ 5 2 2 1 46.67
ഇംഗ്ലണ്ട് 5 2 2 1 43.33
ബംഗ്ലാദേശ് 2 0 1 1 16.67