ഐഎസ്എല്‍ പ്രതിസന്ധി രൂക്ഷം ; ഛേത്രിയുടെ സാലറി തടഞ്ഞു..!
Wednesday, August 6, 2025 12:30 AM IST
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണ് അനിശ്ചിതത്വം മൂര്ധന്യാവസ്ഥയിലേക്കെത്തിച്ച്, രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായ സുനില്‍ ഛേത്രിയുടെ സാലറി അദ്ദേഹത്തിന്റെ ക്ലബ്ബായ ബംഗളൂരു എഫ്സി തടഞ്ഞുവച്ചു.
ഐഎസ്എല്‍ 2025-26 സീസണ് നടക്കുമോ എന്നതില്‍ ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാലാണ് സുനില്‍ ഛേത്രി അടക്കമുള്ള ഫസ്റ്റ് ടീം കളിക്കാരുടെയും സ്റ്റാഫുകളുടെയും സാലറി ബംഗളൂരു എഫ്സി സസ്പെന്‍ഡ് ചെയ്തത്.
ഭഗീരഥപ്രയത്നം
“ഇന്ത്യയില്‍ ഒരു ഫുട്ബോള്‍ ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോകുക എന്നത് ഭഗീരഥപ്രയത്നമാണ്. എങ്കിലും എല്ലാം ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണ് ഓരോ സീസണിലും നടത്തുന്നത്. എന്നാല്‍, ലീഗിന്റെ (ഐഎസ്എല്‍) ഭാവി സംബന്ധിച്ച അനിശ്ചതത്വം നിലനില്‍ക്കുന്നതിനാല്‍ കടുത്ത തീരുമാനം കൈക്കൊള്ളേണ്ടിവന്നു.
കളിക്കാരെയും സ്റ്റാഫുകളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുമെന്നറിയാം. അവര്‍ക്കൊപ്പം നില്ക്കാന് ബാധ്യസ്ഥരാണെങ്കിലും സാലറി തത്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയാണ്. യൂത്ത് സിസ്റ്റത്തിലെ ആണ്-പെണ് ടീമിനും ബിഎഫ്സി സോക്കര്‍ സ്കൂളിനും ഈ തീരുമാനം ബാധകമല്ല’’ - ബംഗളൂരു എഫ്സി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ജൂലൈ 11നാണ് 2025-26 ഐഎസ്എല്‍ സീസണ് നടന്നേക്കില്ലെന്ന സൂചന, ലീഗിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) നല്‍കിയത്. എഫ്എസ്ഡിഎല്ലും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പ്രശ്നം പരിഹരിക്കാത്തതാണ് പ്രശ്നകാരണം.
നാളെ എഐഎഫ്എഫ് യോഗം
ഐഎസ്എല്‍ ഭാവി സംബന്ധിച്ച് ക്ലബ് പ്രതിനിധികളും എഐഎഫ്എഫുമായി നാളെ യോഗം നടക്കും. എന്നാല്‍, ഈ യോഗത്തില്‍ കോല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് പങ്കെടുക്കില്ലെന്നാണ് സൂചന. നിലവില്‍ കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ വെറുതേ യോഗം ചേര്‍ന്നിട്ടു കാര്യമില്ലെന്നാണ് മോഹന്‍ ബഗാന്റെ നിലപാട്.
ക്ലബ്ബുകള്‍ നിശ്ചലം
ഈ മാസം ആദ്യം ഒഡീഷ എഫ്സി, 2025-26 സീസണിലേക്കുള്ള എല്ലാ നീക്കവും ഉപേക്ഷിച്ചിരുന്നു. കളിക്കാരെയും സ്റ്റാഫ് അംഗങ്ങളെയും ക്ലബ് റിലീസ് ചെയ്തു. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, ഈസ്റ്റ് ബംഗാള്‍, പഞ്ചാബ് എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, മുഹമ്മദന്‍, ജംഷഡ്പുര്‍ എന്നീ ഐഎസ്എല്‍ ടീമുകള്‍ മാത്രമാണ് നിലവില്‍ സജീവമായി നില്‍ക്കുന്നത്. ഈ ടീമുകള്‍ നിലവില്‍ 2025 ഡ്യൂറന്‍ഡ് കപ്പില്‍ പങ്കെടുക്കുന്നുണ്ട്.