കാർലോ റയൽ...
Wednesday, September 25, 2024 11:52 PM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡും മുഖ്യപരിശീലകൻ കാർലോ ആൻസിലോട്ടിയും ചരിത്രത്താളുകളിൽ ഇടംപിടിച്ചു. 67,480 കാണികൾ നിറഞ്ഞ, സ്വന്തം തട്ടകമായ സാന്റിയാഗൊ ബർണബ്യൂവിൽ അലാവസിനെ 2-3നു കീഴടക്കിയ മത്സരത്തിലാണ് ആൻസിലോട്ടിയും റയൽ മാഡ്രിഡും അപൂർവ നേട്ടങ്ങളിലെത്തിയത്.
അഞ്ചു ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ 48 മിനിറ്റിനുള്ളിൽത്തന്നെ റയൽ മാഡ്രിഡ് മൂന്നു ഗോളിന്റെ ലീഡ് നേടിയിരുന്നു. എന്നാൽ, നിശ്ചിത സമയം അവസാനിക്കാൻ അഞ്ചു മിനിറ്റിന്റെ അകലമുള്ളപ്പോൾ തുടരെ രണ്ടു ഗോളടിച്ച് അലാവസ് തോൽവി ഭാരം കുറച്ചു.
മത്സരത്തിന്റെ ആദ്യമിനിറ്റിൽ വിനീഷ്യസ് ജൂണിയറിന്റെ അസിസ്റ്റിൽ ലൂക്കാസ് വാസ്ക്വെസ് റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു. 40-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഗമിന്റെ അസിസ്റ്റിൽ കിലിയൻ എംബപ്പെ റയലിന്റെ ലീഡ് ഉയർത്തി. എംബപ്പെ ഗോൾ നേടുന്ന തുടർച്ചയായ അഞ്ചാം മത്സരമാണ്. 26 ടച്ചുകൾക്കുശേഷമായിരുന്നു എംബപ്പെയുടെ ഗോൾ.
വാസ്ക്വെസിന്റെ അസിസ്റ്റിൽ 48-ാം മിനിറ്റിൽ റോഡ്രിഗോയും റയലിനായി ഗോൾ നേടി. കാർലോസ് ബെനവിഡെസ് (85’), എൻറിക് ഗാർസിയ (86’) എന്നിവരാണ് അലാവസിന്റെ ഗോൾ നേട്ടക്കാർ.
രണ്ടാമൻ ആൻസിലോട്ടി
റയൽ മാഡ്രിഡിന്റെ മുഖ്യപരിശീലകനായി കാർലോ ആൻസിലോട്ടിയുടെ 300-ാം മത്സരമായിരുന്നു അലാവസിനെതിരേ നടന്നത്. റയൽ മാഡ്രിഡിനെ 300 ഒൗദ്യോഗിക മത്സരങ്ങളിൽ പരിശീലിപ്പിക്കുന്ന രണ്ടാമതു മാത്രം മാനേജരാണ് ആൻസിലോട്ടി. മിഗ്വൽ മ്യൂനോസ് മാത്രമാണ് (605 മത്സരങ്ങൾ) മുന്പ് ഈ നേട്ടത്തിലെത്തിയത്. 216 ജയവും 45 സമനിലയും 39 തോൽവിയുമാണ് ആൻസിലോട്ടിയുടെ ശിക്ഷണത്തിൽ റയലിന്റെ പ്രകടനം.
ബാഴ്സയ്ക്കൊപ്പം റയൽ
സ്പാനിഷ് ലാ ലിഗ ചരിത്രത്തിൽ തുടർച്ചയായി 39 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തുന്ന രണ്ടാമതു ടീം എന്ന നേട്ടത്തിൽ റയൽ മാഡ്രിഡ്. അലാവസിനെതിരായ ജയത്തോടെയാണിത്. 2018ൽ എഫ്സി ബാഴ്സലോണ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അന്ന് 43 മത്സരങ്ങളിൽ ബാഴ്സ അപരാജിത കുതിപ്പു നടത്തി.
മറ്റൊരു മത്സരത്തിൽ സെവിയ്യ 2-1നു റയൽ വയ്യഡോലിഡിനെ കീഴടക്കി. ഏഴു മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ആറു മത്സരങ്ങളിൽ 18 പോയിന്റുമായി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.