ഫോളോ ഓണ്‍ ഒഴിവാക്കി ബ്രിസ്ബെയ്നിൽ ഇന്ത്യൻ പോരാട്ടം
Wednesday, December 18, 2024 12:22 AM IST
ബ്രിസ്ബെയ്ൻ: “എന്റെ ബാറ്റിംഗ് കഴിവിനെക്കുറിച്ച് സംശയമുള്ളവർക്കു ഗൂഗിൾ ചെയ്തു നോക്കാവുന്നതാണ്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ റിക്കാർഡ് ആരുടെ പേരിലാണെന്ന്’’: ഇതു പറഞ്ഞത് മറ്റാരുമല്ല, ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിനം അവസാനിച്ചപ്പോൾ തനിക്കുനേരേ ഉയർന്ന ഒരു ചോദ്യത്തിനുള്ള ബുംറയുടെ മറുപടിയായിരുന്നു ഇത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 445ൽ അവസാനിച്ചപ്പോൾ ബുംറയുടെ പേരിൽ ആറു വിക്കറ്റ് ഉണ്ടായിരുന്നു.
പന്തുകൊണ്ടു മാത്രമല്ല, ബാറ്റുകൊണ്ടും ആക്രമിക്കാൻ തനിക്കറിയാമെന്നു പത്രസമ്മേളനത്തിൽ പറഞ്ഞു തടിതപ്പിയില്ല ബുംറ. മൂന്നാംദിനം മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്, നാലാം ദിനം ലോകത്തിനു മുന്നിൽ ബുംറ പ്രാവർത്തികമാക്കി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ സിക്സർ പറത്തിയ ബുംറ 27 പന്തിൽ 10 റണ്‍സുമായി നാലാംദിനം അവസാനിച്ചപ്പോൾ ക്രീസിൽ തുടരുന്നു. ഒപ്പമുള്ളത് 11-ാം നന്പർ ബാറ്ററായ ആകാശ് ദീപ്. ആകാശ് ദീപും കമ്മിൻസിനെ സിക്സർ പറത്തി. 31 പന്തിൽ രണ്ടു ഫോറും ഒരു സിക്സും അടക്കം ആകാശ് 27 റണ്‍സുമായും പുറത്താകാതെനിന്നു.
കമ്മിൻസിന്റെ പന്തിൽ ഗള്ളിക്കു മുകളിലൂടെ ആകാശ് ഫോർ അടിച്ചപ്പോൾ പവലിയനിൽ വിരാട് കോഹ്ലിയും ക്യാപ്റ്റൻ രോഹിത് ശർമയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും അർമാദിച്ചാഘോഷിച്ചു. ഇന്ത്യയുടെ ഇതിഹാസ ആരാധകൻ സുധീർ കുമാർ ശംഖൊലി മുഴക്കി, ദേശീയ പതാക വീശി. ജയം കുറിച്ച ഫോർ അല്ലായിരുന്നു അത്, പക്ഷേ, ഫോളോ ഓണ്‍ എന്ന നാണക്കേടിൽനിന്ന് ഇന്ത്യയെ കരകയറ്റിയ ബൗണ്ടറിയായിരുന്നു.
തുടർന്ന് ഒരു പന്തിന്റെ ഇടവേളയിൽ ആകാശ് മിഡ് വിക്കറ്റിനു മുകളിലൂടെ കമ്മിൻസിനെ സിക്സറും പറത്തി. നാലാംദിനം ഇന്ത്യയുടെ സ്കോർബോർഡിലെത്തിയ അവസാന റണ്‍സായിരുന്നു ആ സിക്സ്. 252/9 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ആകാശും ബുംറയും ക്രീസിലെത്തുന്പോൾ ഇന്ത്യൻ സ്കോർ 213/9. ഫോളോ ഓണ്‍ ഒഴിവാക്കാൻ ഇന്ത്യക്ക് അപ്പോൾ 33 റണ്‍സ് കൂടി വേണമായിരുന്നു. ഇന്ത്യയെ ഫോളോ ഓണിലേക്കു തള്ളിവിടാമെന്ന ഓസീസ് മോഹം തല്ലിക്കെടുത്തി ബുംറയും ആകാശും 10-ാം വിക്കറ്റിൽ അഭേദ്യമായ 39 റണ്‍സ് കൂട്ടുകെട്ടുമായി നാലാംദിനത്തിലെ മത്സരം അവസാനിപ്പിച്ചു.
ജയിച്ചശേഷം പാവലിയനിലേക്കു മടങ്ങിയെത്തുന്നതിനേക്കാൾ ഉജ്വല സ്വീകരണമായിരുന്നു സഹതാരങ്ങളും ഗാലറിയിലെ ഇന്ത്യൻ ആരാധകരും ഇരുവർക്കും നൽകിയത്. ബ്രിസ്ബെയിനിലെ ഗാബ സ്റ്റേഡിയത്തിൽ ഗ്രേറ്റ് ഇന്ത്യൻ എസ്കേപ്പിനു ചുക്കാൻപിടിച്ച ബുംറയും ആകാശും ആരാധകരുടെ മനസിൽ സൂപ്പർ ഹീറോകൾക്കും മുകളിലേക്കുയർന്നു.
രാഹുൽ, ജഡേജ പോരാട്ടം
ബുംറയും ആകാശുമായിരുന്നു ഫോളോ ഓണ്‍ ഒഴിവാക്കാനുള്ള വാലറ്റപ്പോരാട്ടം നടത്തിയതെങ്കിലും അതിനായുള്ള അടിത്തറയിട്ടത് ഓപ്പണർ കെ.എൽ. രാഹുലും (139 പന്തിൽ 84) ഏഴാമനായെത്തിയ രവീന്ദ്ര ജഡേജയും (123 പന്തിൽ 77) ആയിരുന്നു.
മൂന്നാംദിനം 33 റണ്‍സുമായി ക്രീസിൽ തുടരുകയായിരുന്ന രാഹുൽ, നാലാംദിനം 51 റണ്‍സ്കൂടി കൂട്ടിച്ചേർത്ത് 84 റണ്‍സ് നേടിയാണ് പുറത്തായത്. അതും സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ അത്യുജ്വല ഡ്രൈവിംഗ് ക്യാച്ചിലൂടെ. മൂന്നാംദിനം പൂജ്യം റണ്‍സുമായി ക്രീസിലുണ്ടായിരുന്ന രോഹിത് ശർമയെ (10) നാലാംദിനത്തിന്റെ തുടക്കത്തിൽത്തന്നെ പാറ്റ് കമ്മിൻസ് പുറത്താക്കി.
രാഹുലിനു ലൈഫ് ലഭിച്ചതിനു പിന്നാലെയായിരുന്നു രോഹിത്തിന്റെ വിക്കറ്റ്. തുടർന്നു ക്രീസിൽ ജഡേജയ്ക്കൊപ്പം ഒന്നിച്ച രാഹുൽ ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. 74/5 എന്ന നിലയിൽ നിന്ന് ഇന്ത്യയെ 141വരെ ഇവർ എത്തിച്ചു. ആറാം വിക്കറ്റിൽ 67 റണ്‍സ് കൂട്ടുകെട്ട് ഇരുവരും ചേർന്നു സ്ഥാപിച്ചു. രാഹുൽ പുറത്തായെങ്കിലും നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം (16) 53 റണ്‍സ് കൂട്ടുകെട്ടും ജഡേജ ഉണ്ടാക്കി.
അവസാന 7.30 മണിക്കൂർ
അഞ്ചാംദിനമായ ഇന്ന് 30 ഓവർ വീതമുള്ള മൂന്നു സെഷൻ അധികം പരിക്കില്ലാതെ കരകയറാൻ സാധിച്ചാൽ മത്സരം ഇന്ത്യക്കു സമനിലയിൽ അവസാനിപ്പിക്കാം. അഞ്ചാംദിനമായ ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
അങ്ങനെയെങ്കിൽ ഇന്നും പൂർണമായി മത്സരം നടക്കില്ല. നാലാംദിനമായ ഇന്നലെ 57.5 ഓവർ മാത്രമായിരുന്നു മത്സരം നടന്നത്. അഞ്ചു മത്സര പരന്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും 1-1 സമനിലയിലാണ്. പരന്പര 3-1നു ജയിച്ചാൽ ഇന്ത്യക്കു ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 445 (117.1)
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ സി മാർഷ് ബി സ്റ്റാർക്ക് 4, രാഹുൽ സി സ്മിത്ത് ബി ലിയോണ്‍ 84, ഗിൽ സി മാർഷ് ബി സ്റ്റാർക്ക് 1, കോഹ്ലി സി കാരെ ബി ഹെയ്സൽവുഡ് 3, പന്ത് സി കാരെ ബി കമ്മിൻസ് 9, രോഹിത് സി കാരെ ബി കമ്മിൻസ് 10, ജഡേജ സി മാർഷ് ബി കമ്മിൻസ് 77, നിതീഷ് കുമാർ ബി കമ്മിൻസ് 16, സിറാജ് സി കാരെ ബി സ്റ്റാർക്ക് 1, ബുംറ നോട്ടൗട്ട് 10, ആകാശ് ദീപ് നോട്ടൗട്ട് 27, എക്സ്ട്രാസ് 10, ആകെ 74.5 ഓവറിൽ 252/9.
വിക്കറ്റ് വീഴ്ച: 1-4, 2-6, 3-22, 4-44, 5-74, 6-141, 7-194, 8-201, 9-213.
ബൗളിംഗ്: സ്റ്റാർക്ക് 24-3-83-3, ഹെയ്സൽവുഡ് 6-2-22-1, കമ്മിൻസ് 20.5-2-80-4, ലിയോണ്‍ 21-0-54-1, ഹെഡ് 1-0-1-0. മിച്ചൽ മാർഷ് 2-0-6-0.