റാഫിഞ്ഞ ഹാട്രിക്
Monday, September 2, 2024 12:42 AM IST
ബാഴ്സലോണ: ലാ ലിഗയിൽ തുടർച്ചയായ നാലു ജയവുമായി പെർഫെക്ട് തുടക്കമിട്ട് ബാഴ്സലോണ. ഹാട്രിക് നേടുകയും രണ്ടുഗോളിനു വഴിയൊരുക്കുകയും ചെയ്ത റാഫിഞ്ഞയുടെ മികവിൽ ബാഴ്സലോണ 7-0ന് റയൽ വയ്യഡോലിഡിനെ തരിപ്പണമാക്കി. നാലു കളിയിൽ 12 പോയിന്റുമായി ബാഴ്സണലോണ ഇന്റർനാഷണൽ ബ്രേക്കിനായി പിരിഞ്ഞു.
റാഫിഞ്ഞ കരിയറിൽ നേടുന്ന ആദ്യ ഹാട്രിക്കാണ്. 20, 64, 72 മിനിറ്റുകളിലാണ് ബ്രസീലിയൻ താരം വലകുലുക്കിയത്. കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിനെതിരേ ശക്തമായ പോരാട്ടം നടത്തിയ വയ്യഡോലിഡ് ബാഴ്സയുടെ ആക്രമണത്തിനു മുന്നിൽ തകർന്നുവീഴുകയായിരുന്നു.
ആദ്യപകുതിയിൽ റാഫിഞ്ഞയുടെ ഗോളിനു പിന്നാലെ റോബർട്ട് ലെവൻഡോവ്സ്കി (24’), ജൂൾസ് കുൻഡെ (45+2’) എന്നിവർ ബാഴ്സയെ മുന്നിലെത്തിച്ചു.
രണ്ടാംപകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടി റാഫിഞ്ഞ ഹാട്രിക്കും തികച്ചു. മികച്ച ഫോമിൽ തുടർന്ന ബ്രസീലിയൻതാരം 82-ാം മിനിറ്റിൽ ഡാനി ഓൾമോയുടെ ഗോളിനു വഴിയൊരുക്കി. 85-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിനും ഈ ബ്രസീലിയൻ മധ്യനിരതാരത്തിന്റെ അസിസ്റ്റുണ്ടായിരുന്നു.
മറ്റ് മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 1-0ന് അത്ലറ്റിക് ക്ലബ്ബിനെയും എസ്പാനിയോൾ 2-1ന് റയോ വയ്യക്കാനോയെയും മയ്യോർക്ക 1-0ന് ലെഗനെസിനെയും പരാജയപ്പെടുത്തി.