ഐസിസി തലപ്പത്തേക്ക് ജയ് ഷാ?
Wednesday, August 21, 2024 11:56 PM IST
ദുബായ്/മുംബൈ: ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് ബിസിസിഐ (ബോർഡ് ഓഫ് കണ്‍ട്രോണ്‍ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) പ്രസിഡന്റ് ജയ് ഷാ എത്തിയേക്കുമെന്നു സൂചന. നിലവിൽ ഐസിസി ചെയർമാൻ ന്യൂസിലൻഡുകാരനായ ഗ്രെഗ് ബാർക്ലേയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റ് തലപ്പത്തു തുടരാൻ താത്പര്യമില്ലെന്ന് ബാർക്ലേ ഐസിസി ഡയറക്ടർമാരോട് പറഞ്ഞതായാണു വിവരം. കഴിഞ്ഞ നവംബറിൽ ജയ് ഷാ ഐസിസി തലവനായേക്കുമെന്ന റിപ്പോർട്ടുവന്ന പശ്ചാത്തലത്തിൽകൂടിയാണ് മൂന്നാം ടേമിനായി ബാർക്ലേ ശ്രമിക്കാത്തത്.
ബാർക്ലേയുടെ കാലാവധി 2024 നവംബറിൽ അവസാനിക്കും. അതോടെ പുതിയ ചെയർമാനായി ജയ് ഷാ വന്നേക്കുമെന്നാണു റിപ്പോർട്ടുകൾ. 2020ൽ ഐസിസി തലവനായ ബാർക്ലേ 2022ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അഞ്ചാം ഇന്ത്യക്കാരൻ
ഐസിസിയുടെ തലപ്പത്ത് എത്തുന്ന അഞ്ചാമത് ഇന്ത്യക്കാരൻ എന്ന നേട്ടത്തിലേക്കാണ് ജയ് ഷാ അടുക്കുന്നത്. ജഗ്മോഹൻ ഡാൽമിയ (1997-2000), ശരത് പവാർ (2010-12), എൻ. ശ്രീനിവാസൻ (2014-15), ശശാങ്ക് മനോഹർ (2015-20) എന്നിവരാണ് മുന്‍പ് ഇന്ത്യയിൽനിന്ന് ഐസിസി തലപ്പത്ത് എത്തിയവർ.
ഈ നവംബറിൽ ഐസിസി തലപ്പത്തെത്തിയാൽ ഈ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന നേട്ടവും ജയ് ഷായ്ക്കു ലഭിക്കും.