ലക്ഷ്യം തെറ്റി...
Tuesday, August 6, 2024 12:34 AM IST
പാരീസ്: ഒളിന്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് മെഡലില്ലാതെ മടക്കം. പുരുഷ സിംഗിൾസ് വെങ്കലമെഡൽ പോരാട്ടത്തിൽ ലക്ഷ്യ സെൻ മലേഷ്യയുടെ ലീ സി ജിയയോടെ മൂന്നു ഗെയിം നീണ്ട (13-21, 21-16, 21-11) മത്സരത്തിൽ തോറ്റു. ആദ്യ ഗെയിം അനായാസം നേടിയ സെന്നിന് അടുത്ത ഗെയിമുകളിൽ ആ പ്രകടനം ആവർത്തിക്കാനായില്ല.
വേദനയായി നിഷ
പരിക്കിലായിട്ടും ധീരമായി പൊരുതിയ നിഷ ദാഹ്യ പാരീസ് ഒളിന്പിക്സ് വനിതകളുടെ ഫ്രീസ്റ്റൈൽ 68 കിലോഗ്രാം ഗുസ്തി ക്വാർട്ടറിൽ തോറ്റു. മത്സരത്തിന്റെ അവസാന മിനിറ്റ് വരെ മുന്നിട്ടുനിന്ന നിഷ 10-8നാണ് വടക്കൻ കൊറിയയുടെ സോൾ ഗും പാക്കിനോട് തോറ്റത്.
മത്സരം അവസാനിക്കാൻ ഒരു മിനിറ്റുള്ളപ്പോൾ വരെ 8-2ന് ഇന്ത്യൻ താരം മുന്നിലായിരുന്നു. എന്നാൽ, കൈക്കേറ്റ പരിക്ക് നിഷയുടെ പ്രകടനത്തെ ബാധിച്ചു. വേദനകൊണ്ടു പുളഞ്ഞ നിഷയെ മത്സരം തീരാൻ 33 സെക്കൻഡുകൾ കൂടി ബാക്കിയിരിക്കേ മലർത്തിയടിച്ച് കൊറിയൻ താരം സെമിയിലേക്കു മുന്നേറി.
ഷൂട്ടിംഗ് നിരാശ
ഒളിന്പിക്സിൽ ഷൂട്ടിംഗിൽനിന്ന് ഒരു മെഡൽ കൂടി പ്രതീക്ഷിച്ച ഇന്ത്യക്കു നിരാശ. മിക്സഡ് സ്കീറ്റ് ടീം വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യ 44-43ന് ചൈനയോട് തോറ്റു. ഇന്ത്യക്കായി മഹേശ്വരി ചൗഹാൻ-അനന്ത്ജീത് സിംഗ് നരുക്ക സഖ്യമാണ് മത്സരിച്ചത്.
ആറു സീരീസുകളുള്ള മത്സരത്തിൽ ഓരോ സീരീസിലും എട്ടു ഷോട്ട് വീതമാണ്. ഇതിൽ ഇന്ത്യ അഞ്ചെണ്ണം നഷ്ടമാക്കിയപ്പോൾ ചൈനീസ് സഖ്യം നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാതെ പോയത്.