അർജന്റീന ഔട്ട്
Saturday, August 3, 2024 11:31 PM IST
പാരീസ്: ഫിഫ ലോകകപ്പ്, കോപ്പ അമേരിക്ക ട്രോഫികൾക്കൊപ്പം ഒളിന്പിക് ഫുട്ബോൾ സ്വർണം മോഹിച്ചെത്തിയ അർജന്റീന പുറത്ത്. ഒളിന്പിക് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ഫ്രാൻസ് 1-0ന് അർജന്റീനയെ തോൽപ്പിച്ചു.
ലോകകപ്പ് ഫൈനലിലെ തോൽവിയും ഒപ്പം അടുത്തകാലത്ത് ഫ്രഞ്ച് കളിക്കാർക്കു നേരേയുള്ള അർജന്റൈൻ കളിക്കാരുടെ വംശീയാധിക്ഷേപവും ചേർന്നതോടെ മത്സരത്തിന് പുതിയൊരു മാനം നൽകപ്പെട്ടു.
ഇതുകൊണ്ടുതന്നെ ആരാധകരെ നിയന്ത്രിക്കാൻ സ്റ്റാൻഡിൽ ശക്തമായ പോലീസ് സേനയെ വിന്യസിച്ചിരുന്നു. മത്സരത്തിലുടനീളം ഫ്രഞ്ച് ആരാധകർ അർജന്റൈൻ കളിക്കാരെ കൂവി കളിയാക്കി.
കളി തുടങ്ങി അഞ്ചാം മിനിറ്റിൽ ജീൻ ഫിലിപ്പ് മറ്റെറ്റയുടെ ഹെഡർ അർജന്റീനയുടെ വല തുളച്ചു. മൈക്കൽ ഒലിസെ എടുത്ത കോർണറിൽനിന്നായിരുന്നു മറ്റെറ്റയുടെ ഗോൾ.
നാണക്കേടായി കൈയാങ്കളി
ഫൈനലിൽ വിസിലിനു തൊട്ടുമുന്പ് അർജന്റീനയുടെ എൻസോ മിലോട്ടും ഫ്രാൻസിന്റെ ലുകാസ് ബെൽട്രനും ഏറ്റുമുട്ടി. റഫറി എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. അർജന്റൈൻ താരത്തിനു ചുവപ്പു കാർഡ് നൽകി. ഇതോടെ ഇരുടീമിലും കൂടുതൽ കളിക്കാരും പരിശീലകസംഘത്തിലെ അംഗങ്ങളും മൈതാനത്തേക്കിറങ്ങുകയും കൈയാങ്കളിക്കു കാരണമാകുകയും ചെയ്തു.
യൂറോപ്പ് x ആഫ്രിക്ക സെമി
പുരുഷ ഒളിന്പിക്സ് സെമി ഫൈനലിൽ ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോയും ഈജിപ്തുമാണ് യൂറോപ്യൻ ശക്തികളായ സ്പെയിനിനെയും ഫ്രാൻസിനെയും നേരിടുന്നത്. യുഎസ്എയെ എതിരില്ലാത്ത നാലു ഗോളിനു തകർത്ത് മൊറോക്കോ സെമിയിലെത്തി. സ്പെയിനാണ് സെമിയിൽ അവരുടെ എതിരാളി. പരാഗ്വെയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ചാണ് ഈജിപ്ത് സെമിയിലെത്തിയത്.