ഹോക്കിയിൽ ഇന്ത്യക്കു ജയം, രണ്ടാമത്
Saturday, August 3, 2024 12:42 AM IST
പാരീസ്: ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ നിലവിലെ വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യക്കു പൂൾ ബിയിലെ അവസാന മത്സരത്തിൽ മിന്നും ജയം.
പൂളിൽനിന്നു ക്വാർട്ടർ ഫൈനൽ നേരത്തേ ഉറപ്പിച്ച ഇന്ത്യ, കരുത്തരായ ഓസ്ട്രേലിയയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു കീഴടക്കി. ജയത്തോടെ അഞ്ചു മത്സരങ്ങളിൽനിന്നു 10 പോയിന്റുമായി പൂൾ ബിയിൽ രണ്ടാം സ്ഥാനത്തും ഇന്ത്യ ഫിനിഷ് ചെയ്തു.
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ 15 മിനിറ്റിനുള്ളിൽ ഇന്ത്യ 2-0ന്റെ ലീഡ് നേടിയിരുന്നു. 12-ാം മിനിറ്റിൽ അഭിഷേകും 13-ാം മിനിറ്റിൽ ഹർമൻപ്രീത് സിംഗുമായിരുന്നു ഇന്ത്യക്കുവേണ്ടി കംഗാരുക്കളുടെ വലകുലുക്കിയത്.
25-ാം മിനിറ്റിൽ വില്യം ക്രെയ്ഗിലൂടെ ഓസീസ് ഒരു ഗോൾ മടക്കി. എന്നാൽ, 32-ാം മിനിറ്റിൽ ഹർമൻപ്രീത് സിംഗ് വീണ്ടും ലക്ഷ്യം നേടിയതോടെ ഇന്ത്യ 3-1നു മുന്നിൽ. 55-ാം മിനിറ്റിൽ ബ്ലേക്ക് ഗോവേഴ്സിലൂടെ ഓസ്ട്രേലിയ ഒരു ഗോൾകൂടി തിരിച്ചടിച്ച് തോൽവിഭാരം കുറച്ചു.