മിസ്റ്റർ കൂൾ യൂസഫ്
Thursday, August 1, 2024 11:33 PM IST
അജിത് ജി നായർ
കൂളായി വന്ന് ഒളിന്പിക്സിൽ വെള്ളി മെഡൽ വെടിവച്ചിടുക, അതും 51-ാം വയസിൽ. യൂസഫ് ദിക്കെക് എന്ന മുൻ ടർക്കിഷ് പട്ടാളക്കാരനെ സംബന്ധിച്ച് ഇതൊക്കെ ‘നിസാരം’. ഒരൊറ്റ ദിവസം കൊണ്ടാണ് യൂസഫ് ദിക്കെക് സോഷ്യൽ മീഡിയയിൽ താരമായതും ഇതിഹാസ പദവിയിലെത്തിയതും.
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സെവാൾ ഇലയ്ഡാ ടർഹാനൊപ്പമാണ് യൂസഫ് ദിക്കെകിന്റെ മെഡൽ നേട്ടം.
മറ്റു ഷൂട്ടർമാർ തങ്ങളുടെ ശ്രദ്ധ പതറിപ്പോകാതിരിക്കാൻ ചെവിയിൽ ഇയർബഡും പാതി മറച്ച, തിളക്കം കുറയ്ക്കുന്ന ലെൻസ് ഉള്ള കണ്ണടയും വച്ച് മത്സരിക്കുന്പോൾ, താൻ സാധാരണ ധരിക്കാറുള്ള കണ്ണട മാത്രം ധരിച്ച്, ചെവിയിലൊന്നും വയ്ക്കാതെയാണ് യൂസഫ് ഷൂട്ടിംഗ് റേഞ്ചിലിറങ്ങിയത്.
മാത്രമല്ല, ബാക്കിയുള്ള ഷൂട്ടർമാർ ശ്വാസം പിടിച്ച് മത്സരിക്കുന്പോൾ ഇടതുകൈ പാന്റ്സിന്റെ പോക്കറ്റിൽ ഇട്ട് വലതുകൈ കൊണ്ട് ഹോളിവുഡ് സ്റ്റൈലിൽ കൂളായി വെടിയുതിർത്ത യൂസഫ് താരമായി മാറിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
യൂസഫിന്റെ ഐതിഹാസിക ചിത്രം ഇതിനോടകം കോടിക്കണക്കിന് ആളുകളാണ് എക്സിൽ കണ്ടു കഴിഞ്ഞത്. എന്തിന് എക്സിന്റെ അധിപൻ ഇലോണ് മസ്കിന്റെ വരെ ശ്രദ്ധയാകർഷിക്കാൻ യൂസഫിന് കഴിഞ്ഞു.
‘നൈസ്’ എന്നാണ് മസ്ക് യൂസഫിന്റെ ചിത്രത്തിനു താഴെ കുറിച്ചത്. സ്വാഗ് (swag) എന്ന വാക്കാണ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര യൂസഫിനെ പ്രകീർത്തിക്കാൻ ഉപയോഗിച്ചത്. ഈ വാക്കിന്റെ ശരിയായ അർഥം ഈ മനുഷ്യൻ നമുക്ക് മനസിലാക്കി തരുന്നുവെന്നും മഹീന്ദ്ര കുറിച്ചു.
ഇതോടൊപ്പം രസകരമായ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. പരിശീലനം ലഭിച്ച ഒരു കൊലയാളിയെ കാണുന്പോൾ എനിക്ക് തിരിച്ചറിയാനാവുമെന്നായിരുന്നു ഒരാളുടെ കമന്റ്. ടർക്കി ഒരു ഹിറ്റ്മാനെയാണ് ഒളിന്പിക്സിന് അയച്ചത്, എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
തന്റെ അഞ്ചാം ഒളിന്പിക്സിലാണ് യൂസഫ് ഒരു മെഡൽ വെടിവച്ചിടുന്നത് എന്നതും ശ്രദ്ധേയമാണ്. 16-14 എന്ന സ്കോറിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യൂസഫിനും സെവാലിനും തലനാരിഴയ്ക്കാണ് സ്വർണം നഷ്ടമായത്.
ഈ ഒളിന്പിക്സിൽ ഏറ്റവുമധികം ആരാധകശ്രദ്ധ പിടിച്ചുപറ്റിയ താരവും യൂസഫ് ആയിരിക്കും. മത്സരത്തോടുള്ള യൂസഫിന്റെ സമീപനവും ഈ സ്റ്റൈലും പരക്കെ ചിരി പടർത്തുകയും ചെയ്തു.
യൂസഫ് ദിക്കെകിന്റെ ഫോട്ടോ ഇന്റർനെറ്റിൽ തരംഗമായതിനു പിന്നാലെ, ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ വച്ചുള്ള മീമുകളും സോഷ്യൽ മീഡിയകളിൽ സജീവമായി പ്രചരിക്കുന്നുണ്ട്.
2001ൽ ദേശീയ സൈനിക ടീമിന്റെ ഭാഗമായി ഷൂട്ടിംഗ് കരിയർ ആരംഭിച്ച ് ദിക്കെക് ലോക ചാന്പ്യൻഷിപ്പുകളിലടക്കം ചാന്പ്യനാവാനും താരത്തിനു കഴിഞ്ഞിട്ടുണ്ട്.