പാരീസ് ഒളിന്പിക്സ് : അട്ടിമറിശ്രമം ; ഫ്രഞ്ച് റെയിൽ പാതകളിൽ ആക്രമണം
Saturday, July 27, 2024 4:18 AM IST
പാരീസ്: ഒളിന്പിക്സ് ഉദ്ഘാടനത്തിനു മണിക്കൂറുകൾക്കു മുന്പ് ഫ്രാൻസിലെ അതിവേഗ റെയിൽ (ടിജിവി) സംവിധാനത്തിനു നേരേ തീവയ്പ് ഉൾപ്പെടെയുള്ള ആക്രമണം. കായികതാരങ്ങളും കാണികളും ഒളിന്പിക്സ് ലക്ഷ്യംവച്ച് യാത്ര നടത്തുന്ന സമയത്തായിരുന്നു സംഭവം. എട്ടു ലക്ഷം യാത്രക്കാരെ പ്രതിസന്ധി ബാധിച്ചതായി ഫ്രഞ്ച് റെയിൽ ഓപ്പറേറ്ററായ എസ്എൻസിഎഫ് കന്പനി പറഞ്ഞു.
പാരീസിൽനിന്നു വിദൂരമായ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. അറ്റ്ലാന്റിക്, വടക്കൻ, കിഴക്കൻ റൂട്ടുകളിലെ അതിവേഗപാതാ ജംഗ്ഷനുകളിൽ തീവയ്പും കേബിൾ മോഷണവും നടന്നുവെന്നാണു ഫ്രഞ്ച് അധികൃതർ അറിയിച്ചത്.
തെക്കുകിഴക്കൻ പാതയിൽ ആക്രമണശ്രമമുണ്ടായെങ്കിലും പരാജയപ്പെടുത്തി. ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി എസ്എൻസിഎഫ് അറിയിച്ചു. വാരാന്ത്യയാത്രയ്ക്കായി തയാറായ അനേകലക്ഷം പേരുടെ യാത്ര തടസപ്പെടുമെന്നാണ് കണക്ക്. ഫ്രഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ മണിക്കൂറുകളായി കാത്തുനിൽക്കുകയാണ്.
ഏകോപനത്തോടെ നടന്ന ആക്രമണങ്ങൾ ആസൂത്രിതമാണെന്നു ഗതാഗത മന്ത്രി പാട്രീസ് വെർഗ്രിയറ്റെ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും തടസങ്ങൾ കുറയ്ക്കുന്നതിനും ഊർജിതമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും കാലതാമസം നേരിടുമെന്നാണു റിപ്പോർട്ട്. ഫ്രാൻസിലെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ സംവിധാനമാണു ടിജിവി. പ്രത്യേക ട്രാക്കിലാണ് ഈ ട്രെയിനുകൾ ഓടുന്നത്.
ആക്രമണത്തിനു പിന്നാലെ ഫ്രാൻസിന്റെ മറ്റു ഭാഗങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും പാരീസിലേക്കുള്ള യാത്ര തടസപ്പെട്ടു. കായികതാരങ്ങളുമായി പാരീസിലേക്കു പോയ നാലു ട്രെയിനുകളിൽ രണ്ടെണ്ണത്തിന്റെ യാത്ര തടസപ്പെട്ടു.
ആക്രമണത്തിന് ഒളിന്പിക്സുമായി ബന്ധമുള്ളതിനു തെളിവുകൾ ലഭിച്ചിട്ടില്ല. 10 മുതൽ 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് അക്രമികൾ നടത്തിയിട്ടുള്ളതെന്ന് ഫ്രഞ്ച് അധികൃതർ പറഞ്ഞു.