ഒളിന്പിക് ട്രൂസ് അഥവാ ഒളിന്പിക് സന്ധി...
Tuesday, July 23, 2024 1:59 AM IST
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര
ഒളിന്പിക് ട്രൂസ് അഥവാ ഒളിന്പിക് സന്ധി; ഒളിന്പിക്സിനു മുന്നോടിയായി രാജ്യങ്ങൾ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിച്ചു ശാന്തിയും സഹകരണവും പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിയുടെ ഒരു സന്നദ്ധ നീക്കമാണത്.
ഇതിന്റെ പ്രധാന ഉദ്ദേശ്യം രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ സമാധാനപരമായി പരിഹരിച്ച് കായികതാരങ്ങളും ഉദ്യോഗസ്ഥരും സുരക്ഷിതമായി ഒളിന്പിക് മത്സരങ്ങളിൽ പങ്കെടുക്കുകയും തിരികെ പോവുകയും ചെയ്യാൻ സാഹചര്യം സൃഷ്ടിക്കുന്നതാണ്.
ഒളിന്പിക് സന്ധി എന്നത് പുരാതന ഗ്രീസ് കാലത്ത് ആരംഭിച്ച ഒരു പാരന്പര്യമാണ്. ‘എകേച്ചെയിരിയ’ എന്നറിയപ്പെടുന്ന ഈ സന്ധി ഗ്രീക്ക് നാട്ടുരാജ്യങ്ങൾ തമ്മിൽ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ബിസി ഒന്‍പതാം നൂറ്റാണ്ടിൽ മൂന്നു രാജാക്കന്മാർ തമ്മിൽ ഒപ്പുവച്ചതായിരുന്നു.
ഒളിന്പിക് മത്സരങ്ങൾ നടക്കുന്പോൾ എല്ലാ ഗ്രീക്ക് നാട്ടുരാജ്യങ്ങളും യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിച്ച് കായികതാരങ്ങൾക്കും പ്രേക്ഷകർക്കും സുരക്ഷിതമായി യാത്രചെയ്ത് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി രുന്നു ഇത്. 1992ൽ അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി ഇത് പുനരുദ്ധികരിക്കുകുയും, 1993ൽ ഐക്യരാഷ്ട്രസഭ അതിനെ പിന്താങ്ങുകുകയും ചെയ്തു.
2023 നവംബറിൽ, ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 2024 ജൂലൈ 19 മുതൽ സെപ്റ്റംബർ 15വരെ ഈ പുതിയ സന്ധി ഏർപ്പെടുത്തുന്നതിനായി വോട്ടു ചെയ്തു. 118 വോട്ടുകളുടെ പിൻബലത്തോടെ ഈ ഉടന്പടി അംഗീകരിച്ചു.
എന്നാൽ, റഷ്യയും സിറിയയും ഈ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. യുക്രെയൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് ഇത്തവണത്തെ ഒളിന്പിക്സ് ഉദ്ഘാടന ചടങ്ങുകളിലും സ്വന്തം ദേശീയ പതാകയുടെ കീഴിൽ മത്സരിക്കുന്നതിലും അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മാർപാപ്പയുടെ ആഹ്വാനം
എല്ലാവരും ഈ ഒളിന്പിക് സന്ധിയെ ആദരിച്ച് എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. പാരീസ് 2024 ഒളിന്പിക്സിനായി ജൂലൈ 19നു പാരീസിലെ വിശുദ്ധ മഗ്ദലെന മറിയം പള്ളിയിൽ വിശുദ്ധ കുർബാനയോടെ ഈ ഉടന്പടിക്ക് തുടക്കമായി.
അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് ഉൾപ്പെടെ നൂറ്റന്പതിലധികം നയതന്ത്ര പ്രതിനിധികളും ദേശീയ ഒളിന്പിക് കമ്മിറ്റികളുടെ പ്രതിനിധികളും കുർബാനയിൽ പങ്കെടുത്തു.
ഫ്രാൻസിന്റെ കായിക മന്ത്രി അമേലി ഓഡേ കസ്തെറ, സാംസ്കാരിക വകുപ്പ് മന്ത്രി റഷിദ ദാതി, പാരീസ് മേയർ ആൻ ഹിഡാൽഗോ, കത്തോലിക്ക സഭയുടെ ഒളിന്പിക് വോളന്റിയേഴ്സിന്റെ സംഘടനയായ ഹോളി ഗെയിംസ് തുടങ്ങിയവരും പാരീസ് അതിരൂപത ആർച്ച്ബിഷപ്പ് മോണ്‍. ലോറോ ഉൽറിച്ച് കാർമികത്വം വഹിച്ച വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു.
മാക്രോണ്‍ ഗെയിംസ് വില്ലേജിൽ
പാരീസ് ഒളിന്പിക് വില്ലേജിൽ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണ്‍ ഇന്നലെ സന്ദർശനം നടത്തി. ഒളിന്പിക്സിന് ഫ്രാൻസ് തയാറായിക്കഴിഞ്ഞതായി മാക്രോണ്‍ വ്യക്തമാക്കി.
അന്തർദേശീയ തലത്തിലുള്ള ഒളിന്പിക് വെടിനിർത്തൽ സന്ധിപോലെ ഫ്രാൻസിനുള്ളിൽ രാഷ്ട്രീയ വെടിനിർത്തലിനും മാക്രോണ്‍ ആഹ്വാനം ചെയ്തു. നാഷണൽ അസംബ്ലി പിരിച്ചുവിട്ടശേഷം ഫ്രാൻസിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മാക്രോണിന്റെ ഈ ആഹ്വാനം.
ഫ്രാൻസിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ഒളിന്പിക്സിനെ ബാധിച്ചിട്ടില്ലെന്നും മാക്രോണ്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പാരീസ് ഒളിന്പിക്സ് ഉദ്ഘാടനം.