സിംബാബ്വെ x ഇന്ത്യ മൂന്നാം ട്വന്റി-20 ഇന്ന്
Wednesday, July 10, 2024 12:15 AM IST
ഹരാരെ: ജയം തുടരാൻ ശുഭ്മാൻ ഗില്ലും സംഘവവും ഇന്ന് സിംബാബ്വെയ്ക്കെതിരേ മൂന്നാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിറങ്ങും.
ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സഞ്ജു സാംസണ്, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ ടീമിനൊപ്പം ചേർന്നു. മൂന്നുപേരും പ്ലെയിംഗ് ഇലവണിൽ ഉണ്ടാകാൻ സാധ്യതകളുണ്ട്. ലോകകപ്പ് ട്വന്റി-20 കിരീടം നേടിയ ഇന്ത്യൻ ടീമംഗങ്ങളായ ഇവരും ചേരുന്നതോടെ യുവ ഇന്ത്യ ഡബിൾ സ്ട്രോംഗ് ആകും.
അഞ്ചു മത്സരപരന്പര നിലവിൽ 1-1ന് തുല്യതയിലാണ്. ആദ്യമത്സരത്തിൽ 13 റൺസിന്റെ അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 100 റണ്‍സിന്റെ വൻ ജയമാണ് സ്വന്തമാക്കിയത്.
മൂന്നു പേരെത്തിയതോടെ ആരെല്ലാം പ്ലെയിംഗ് ഇലവണിൽ ഉണ്ടാകണമെന്ന കാര്യം ടീം മാനേജ്മെന്റിനു തലവേദനയാകും. ഇവരെ കളിപ്പിച്ചാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലുണ്ടായിരുന്ന ബാറ്റിംഗ് ഓർഡറിൽ വലിയ മാറ്റങ്ങളുണ്ടാകും.
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവും ഓപ്പണറുടെ സ്ഥാനത്തേക്ക് ജയ്സ്വാളും എത്തും. രണ്ടാം മത്സരത്തിൽ സെഞ്ചുറി നേടിയ അഭിഷേക് ശർമയെ ടീമിൽനിന്ന് മാറ്റിയേക്കില്ല. ആദ്യ രണ്ടു മത്സരങ്ങൾക്കു മാത്രമുള്ള ടീമിൽ ഉണ്ടായിരുന്ന സായ് സുദർശനു പകരമാണ് ജയ്സ്വാൾ എത്തുന്നത്. ലോകകപ്പ് ടീമിനൊപ്പം കളിച്ച ദുബെ റിയാൻ പരാഗിനു പകരം ടീമിൽ കളിച്ചേക്കും. ഗില്ലിനൊപ്പം ജയ്സ്വാൾ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
രണ്ടാം ട്വന്റി-20യിൽ സെഞ്ചുറി നേടിയ അഭിഷേക് ശർമ മൂന്നാം നന്പറിലും ഋതുരാജ് ഗെയ്ക്വാദ് നാലാം നന്പറിലും സഞ്ജു അഞ്ചാമനായും ബാറ്റ് ചെയ്യും. രണ്ടാം മത്സരത്തിൽ മികച്ച ബാറ്റിംഗ് കാഴ്ചവച്ച റിങ്കു സിംഗിനെ പുറത്തിരുത്തുന്ന കാര്യം സംശയമാണ്.
സഞ്ജുവിന് അഞ്ചു കോടി
ഐസിസി ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം സഞ്ജു സാംസണിന് ബിസിസിഐയുടെ സമ്മാനമായി അഞ്ചു കോടി രൂപ ലഭിക്കും. ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 125 കോടി രൂപ ബിസിസിഐ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ 15 അംഗ ടീമിലെ എല്ലാവർക്കും അഞ്ച് കോടി വീതം ലഭിക്കും. സഞ്ജു 15 അംഗ ടീമംഗമാണ്.