കോപ്പയിലേക്കടുക്കാൻ
Wednesday, July 10, 2024 12:15 AM IST
ഷാർലറ്റ് (നോർത്ത് കരോളൈന): 2024 കോപ്പ അമേരിക്ക ടൂർണമെന്റിലെ ഏറ്റവും മികച്ചൊരു പോരാട്ടത്തിനാകും നാളെ നോർത്ത് കരോളൈനയിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന കൊളംബിയയും ഉറുഗ്വെയുമാണ് ഫൈനൽ ലക്ഷ്യമാക്കി ഏറ്റുമുട്ടുന്നത്.
അർജന്റീനക്കാരൻ മാഴ്സലോ ബിൽസ പരിശീലിപ്പിക്കുന്ന ഉറുഗ്വെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് സെമിയിലെത്തിയത്. നെസ്റ്റർ ലോറൻസോ പരിശീലിപ്പിക്കുന്ന കൊളംബിയയാണെങ്കിൽ പാനമയെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തകർത്താണെത്തിയിരിക്കുന്നത്.
തെക്കേ അമേരിക്ക വാഗ്ദാനം ചെയ്യുന്ന ഏറ്റവും ശക്തമായ പ്രതിരോധം തീർത്തുകൊണ്ടാണ് ഉറുഗ്വെ പന്തു തട്ടുന്നത്. ഈ മികവാണ് അവരുടെ പ്രശസ്തി വർധിപ്പിക്കുന്നത്. ഈ പ്രതിരോധമാണ് ക്വാർട്ടറിൽ ബ്രസീലിനെ 120 മിനിറ്റിലും ഉറുഗ്വെൻ വല കുലുക്കുന്നതിൽനിന്ന് മാറ്റിനിർത്തിയത്.
പ്രതിരോധത്തിലെ റൊണാൾഡ് അരുഹോ ആദ്യ പകുതിയിൽതന്നെ പരിക്കേറ്റു മാറിയിട്ടും രണ്ടാം പകുതിയിൽ നയ്താൻ നാന്റെസ് ചുവപ്പുകാർഡ് കണ്ടു പുറത്തായിട്ടും ഉറുഗ്വെൻ പ്രതിരോധം ബ്രസീലിനെതിരേ ശക്തമായി നിലകൊണ്ടു. ക്വാർട്ടർ വരെയുള്ള പോരാട്ടത്തിൽ ഒരു തവണമാത്രമേ ഉറുഗ്വെയുടെ വല എതിരാളികൾക്കു കുലുക്കാനായുള്ളൂ. അത് ഗ്രൂപ്പ് ഘട്ടത്തിൽ പാനമയ്ക്കെതിരേ 3-1ന് ജയിച്ച മത്സരത്തിലായിരുന്നു.
2011ൽ കോപ്പ അമേരിക്ക ചാന്പ്യന്മാരായി 13 വർഷത്തിനുശേഷമാണ് ഉറുഗ്വെ സെമിയിലെത്തുന്നത്. കഴിഞ്ഞ നാലു പതിപ്പിലും മൂന്നിലും ക്വാർട്ടർ ഫൈനലിൽ പുറത്താകുകയാണു ചെയ്തത്. 15 തവണ കോപ്പ അമേരിക്കയിൽ മുത്തമിട്ട ഉറുഗ്വെ ഒരു തവണകൂടി കപ്പുയർത്തിയാൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളാകുന്ന ടീമാകും. നിലവിൽ കിരീടങ്ങളുടെ എണ്ണത്തിൽ ഉറുഗ്വെയും അർജന്റീനയും തുല്യത പാലിക്കുകയാണ്.
കൊളംബിയ
ഗ്രൂപ്പ് ഡി
കൊളംബിയ 2-1 പരാഗ്വെ
കൊളംബിയ 4-0 കോസ്റ്ററിക്ക
കൊളംബിയ 1- 1 ബ്രസീൽ
ക്വാർട്ടർ ഫൈനൽ
കൊളംബിയ 5-0 പാനമ
ഉറുഗ്വെ
ഗ്രൂപ്പ് സി
ഉറുഗ്വെ 3- 1 പാനമ
ഉറുഗ്വെ 5-0 ബൊളിവിയ
ഉറുഗ്വെ 1- 0 യുഎസ്എ
ക്വാർട്ടർ ഫൈനൽ
ഉറുഗ്വെ 0 (4)- 0 (2) ബ്രസീൽ