കോപ്പ അമേരിക്ക യിൽ ബ്രസീലിനു മിന്നും ജയം
Sunday, June 30, 2024 1:08 AM IST
ോനെവാഡ: ആശങ്കകൾ കാറ്റിൽപ്പറത്തി കാനറികൾ കലക്കി. കോപ്പ അമേരിക്ക ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ ആധികാരിക ജയത്തോടെയാണ് കാനറികൾ ചിറകടിച്ചുയർന്നത്. നെവാഡയിൽ അരങ്ങേറിയ മത്സരത്തിൽ ബ്രസീൽ 4-1ന് പരാഗ്വെയെ തകർത്തു.
വിനീഷ്യസ് ജൂണിയറിന്റെ ഇരട്ടഗോളായിരുന്നു ബ്രസീലിന്റെ ജയത്തിന് ഇന്ധനമേകിയത്. ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തിൽ കാനറികൾ കോസ്റ്റ റിക്കയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞത് ടീമിന്റെ കരുത്തിൽ ആശങ്കയ്ക്കു കാരണമായിരുന്നു.
ദേശീയ ജഴ്സിയിൽ വിനീഷ്യസ് ജൂണിയറിന്റെ ആദ്യ ഇരട്ടഗോൾ നേട്ടമാണിത്. 35, 45+5 മിനിറ്റുകളിൽ വിനീഷ്യസ് വലകുലുക്കി. ബ്രസീലിനായി ഇതിനു മുന്പ് 31 മത്സരങ്ങൾ കളിച്ചെങ്കിലും മൂന്നു ഗോൾ മാത്രമായിരുന്നു വിനീഷ്യസ് സ്വന്തമാക്കിയത്.
വാസിയൊ (43’), ലൂക്കാസ് പക്വെറ്റ (65’ പെനാൽറ്റി) എന്നിവരാണ് പരാഗ്വെയ്ക്കെതിരേ കാനറികളുടെ മറ്റ് ഗോൾനേട്ടക്കാർ. 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ ബ്രസീലിന്റെ ജയം 5-1ൽ എത്തുമായിരുന്നു. എന്നാൽ, പക്വെറ്റയുടെ സ്പോട്ട് കിക്ക് പുറത്തേക്കാണ് പാഞ്ഞത്.
48-ാം മിനിറ്റിൽ ഒമൽ അൽദെരെതെ പരാഗ്വെയുടെ ആശ്വാസ ഗോൾ സ്വന്തമാക്കി. ഗോൾ വലയ്ക്കു മുന്നിൽ ആലിസണ് ബെക്കറിന്റെ മിന്നും പ്രകടനവും ബ്രസീലിനു കരുത്തേകി. 81-ാം മിനിറ്റിൽ ആന്ദ്രേസ് കുബാസ് ചുവപ്പു കാർഡ് കണ്ടതോടെ പരാഗ്വെ പത്തു പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. രണ്ടാം തോൽവിയോടെ പരാഗ്വെ കോപ്പയിൽനിന്ന് പുറത്തായി.
പുതിയ പരിശീലകനായ ഡോറിവൽ ജൂണിയറിന്റെ ശിക്ഷണത്തിൽ ബ്രസീലിന്റെ ആദ്യ കോന്പറ്റിറ്റീവ് ജയമാണ് പരാഗ്വെയ്ക്ക് എതിരായതെന്നതും ശ്രദ്ധേയം. ജനുവരിയിലാണ് ഡോറിവൽ ജൂണിയർ ബ്രസീൽ പരിശീലകനായത്.