ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ x അഫ്ഗാനിസ്ഥാൻ സൂപ്പർ എട്ട് പോരാട്ടം ഇന്ന്
Thursday, June 20, 2024 12:32 AM IST
ബ്രിഡ്ജ്ടൗണ്‍ (ബാർബഡോസ്): ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യമത്സരം ഇന്ന്. ഗ്രൂപ്പ് എ ചാന്പ്യന്മാരായ ഇന്ത്യയുടെ സൂപ്പർ എട്ട് എതിരാളി സി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനാണ്. ന്യൂസിലൻഡിന്റെ സൂപ്പർ എട്ട് സാധ്യത അടച്ചാണ് അഫ്ഗാനിസ്ഥാന്റെ വരവ്.
അതുകൊണ്ടുതന്നെ രോഹിത് ശർമയും സംഘവും കരുതലോടെയാണ് റഷീദ് ഖാനെയും കൂട്ടരെയും നേരിടുക. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ ഈ മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ആരംഭിക്കുക. ഇന്നു നടക്കുന്ന ആദ്യമത്സരത്തിൽ ഇംഗ്ലണ്ട് ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ നേരിടും. സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിലെ ഈ പോരാട്ടം ഇന്ത്യൻ സമയം രാവിലെ ആറിനാണ്.
◄പിച്ച്, കാലാവസ്ഥ ►
ബ്രിഡ്ജ്ടൗണിലെ കെന്നിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ x അഫ്ഗാനിസ്ഥാൻ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയ 36 റണ്‍സിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ച മത്സരമാണ് ഇവിടെ അവസാനം നടന്നത്. ജൂണ്‍ എട്ടിന് നടന്ന മത്സരത്തിൽ ഓസ്ട്രേലിയ 20 ഓവറിൽ 201/7 എന്ന സ്കോർ പടുത്തുയർത്തി. ഇംഗ്ലണ്ടിന്റെ തിരിച്ചടി 165/6ൽ അവസാനിച്ചു.
ബാറ്റിംഗിനെ അകമഴഞ്ഞ് പിന്തുണയ്ക്കില്ലെങ്കിലും അനുകൂല പിന്തുണ നൽകുന്നതാണ് കെന്നിംഗ്ടണ്‍ ഓവലിലെ പിച്ച്. സ്പിന്നർമാർക്ക് മികച്ച പിന്തുണ ലഭിക്കുകയും ചെയ്യും. ബൗണ്‍സ് അധികമില്ലാത്തതാണ് ഇവിടത്തെ പിച്ച്. അതേസമയം, മത്സരത്തിനു മഴഭീഷണിയുണ്ട്. 50 ശതമാനം മഴസാധ്യത കാലാവസ്ഥാ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
◄കോഹ്ലി ഫോം ►
ലീഗ് റൗണ്ടിൽ ഓപ്പണിംഗ് ഇറങ്ങിയ വിരാട് കോഹ്ലിയുടെ മോശം ഫോമാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. 1, 4, 0 എന്നതാണ് ലീഗ് റൗണ്ടിൽ കോഹ്ലിയുടെ സ്കോറുകൾ. ക്യാപ്റ്റൻ രോഹിത് ശർമയാകത്തെ ഒരു ഇന്നിംഗ്സിൽ 52 റണ്‍സ് നേടി. 13, 3 എന്നതായിരുന്നു മറ്റ് രണ്ട് ഇന്നിംഗ്സിലെ സ്കോർ. ലീഗ് റൗണ്ടിൽ കളിച്ചതുപോലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചല്ല ബ്രിഡ്ജ്ടൗണിലേത്.
ലീഗ് റൗണ്ടിൽ കാനഡയ്ക്കെതിരായ മത്സരം മഴയിൽ ഉപേക്ഷിക്കേണ്ടിവന്നതോടെ പരീക്ഷണങ്ങൾക്കുള്ള അവസരവും ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ലീഗ് റൗണ്ടിൽ കളിച്ച പ്ലേയിംഗ് ഇലവനിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. ഫലത്തിൽ സഞ്ജു സാംസണ്, യശസ്വി ജയ്സ്വാൾ എന്നിവർ പുറത്തുതന്നെ ഇരിക്കേണ്ടിവരും.