ടീം ഇന്ത്യ പ്ലേയിംഗ് ഇലവൻ മാറണോ?
Tuesday, June 11, 2024 11:58 PM IST
ഓപ്പണർ വിരാട് കോഹ്ലി, നാലാം നന്പർ സൂര്യകുമാർ യാദവ്, പേസ് ഓൾറൗണ്ടർ ശിവം ദുബെ എന്നിവർ ആദ്യ രണ്ടു മത്സരത്തിലും (Vs അയർലൻഡ്, Vs പാക്കിസ്ഥാൻ) തികഞ്ഞ പരാജയമായിരുന്നു എന്നതാണ് ടീം ഇന്ത്യയുടെ പ്രധാന പ്രശ്നം.
ഓപ്പണിംഗിൽ യശസ്വി ജയ്സ്വാൾ, മധ്യനിരയിൽ സഞ്ജു സാംസണ് എന്നിവർക്ക് അവസരം നൽകണമെന്ന ആവശ്യം ഇതോടെ പലകോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്.
1, 4 എന്നതായിരുന്നു കോഹ്ലിയുടെ സ്കോർ. സൂര്യകുമാറിന്റേത് 2, 7ഉം ശിവം ദുബെയുടേത് 0 നോട്ടൗട്ട്, 3 എന്നതും. നസാവു കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ പിച്ചിൽ ബാറ്റിംഗ് വിഷമകരമാണെന്ന് വാദിക്കാം. എന്നാൽ, രോഹിത്തും (52, 13) ഋഷഭ് പന്തും (36 നോട്ടൗട്ട്, 42) അക്സർ പട്ടേലും (20) അത്യാവശ്യം റണ്സ് നേടി.
►സഞ്ജു/ജയ്സ്വാൾ ◄
ഓപ്പണർ യശസ്വി ജയ്സ്വാളിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാൽ ടീം ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് ലൈനപ്പ് മാറിമറിയും. ജയ്സ്വാൾ ഓപ്പണിംഗ് ഇറങ്ങിയാൽ കോഹ്ലി മൂന്നിലേക്ക് എത്തും. അതോടെ മൂന്നാം നന്പറിൽ മികച്ച പ്രകടനം കാഴ്ചവച്ച പന്ത് നാലിലേക്കോ അഞ്ചിലേക്കോ ഇറങ്ങണം. നാലാം നന്പർ സൂര്യകുമാറിന്റെ സ്ഥാനമാണെന്നതാണ് പന്തിനെ അഞ്ചിലേക്ക് ഇറക്കേണ്ടിവരുന്നത്.
കോഹ്ലിയെ പുറത്ത് ഇരുത്തി ഒരു ഇന്ത്യൻ ടീം ഇറങ്ങുമെന്നത് നിലവിൽ ചിന്തിക്കാനാവില്ല. അതുകൊണ്ട് ശിവം ദുബെയെ പുറത്തിരുത്തി മധ്യനിരയ്ക്ക് ബലമേകാൻ സഞ്ജുവിനെ പരീക്ഷിച്ചാൽ തെറ്റില്ല. കാരണം, പേസ് ഓൾറൗണ്ടറായി പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ട ദുബെയ്ക്ക് ഇതുവരെ ബൗളിംഗ് അവസരം രോഹിത് നൽകിയിട്ടില്ല.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിങ്ങനെ മൂന്ന് പേസർമാരും രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിങ്ങനെ രണ്ട് സ്പിൻ ഓൾറൗണ്ടർമാരും ഹാർദിക് പാണ്ഡ്യ എന്ന പേസ് ഓൾറൗണ്ടറും മാത്രമാണ് ഇതുവരെ ബൗളിംഗ് ആക്രമണത്തിൽ പങ്കാളികളായത്.
സഞ്ജു, ജയ്സ്വാൾ എന്നിവരെ അമേരിക്കയ്ക്കെതിരായ മത്സരത്തിൽ രോഹിത് ശർമ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാൽ അദ്ഭുതപ്പെടേണ്ടെന്നു ചുരുക്കം.