വിന്നിംഗ് മയാമി; ചരിത്രനേട്ടവുമായി മെസി
Monday, July 14, 2025 1:48 AM IST
ഫിലാഡെൽഫിയ: മേജർ സോക്കർ ലീഗിൽ ഗോൾവേട്ട തുടർന്ന് ചരിത്രം കുറിച്ച് അർജന്ൈറൻ സൂപ്പർ താരം ലയണൽ മെസി. തുടർച്ചയായ അഞ്ചാം എംഎൽഎസ് മത്സരത്തിലും ഇരട്ട ഗോൾ നേടിയ മെസിയുടെ മികവിൽ നാഷ് വില്ലയെ ഇന്റർ മയാമി പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് മയാമിയുടെ ജയം.
17-ാം മിനിറ്റിൽ മിയാമിക്കായി മെസി ആദ്യ ഗോൾ നേടി. പെനാൽറ്റി ബോക്സിന് പുറത്തുവച്ച് ലഭിച്ച ഫ്രീകിക്ക് വലയിലാക്കിയ മെസി മയാമിക്ക് ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നാഷ് വില്ല സമനില ഗോൾ കണ്ടെത്തി. 49-ാം മിനിറ്റിൽ ഹാനി മുക്തറാണ് ടീമിനായി സമനിലഗോൾ നേടിയത്. 62-ാം മിനിറ്റിൽ പിറന്ന മെസിയുടെ രണ്ടാം ഗോൾ മിയാമിയുടെ വിജയ ഗോളായി മാറി.
ഇരട്ട ഗോളില്‍ റിക്കാര്‍ഡ്
തുടർച്ചയായ അഞ്ചാം എംഎൽഎസ് മത്സരത്തിലും ഇരട്ടഗോൾ നേടിയ മെസി ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. തുടർച്ചയായി അഞ്ച് മത്സരങ്ങളിലും ഇരട്ടഗോൾ നേടുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്ത ആദ്യ എംഎൽഎസ് താരമാണ് മെസി. മൊണ്ട്രിയൽ, കൊളംബസ് ക്ലബ്ബുകൾക്കെതിരേയാണ് നേരത്തേ മെസി ഇരട്ടഗോളടിച്ചത്. ഫിഫ ക്ലബ് ലോകകപ്പിന് ശേഷം ലീഗ് മത്സരം പുനരാരംഭിച്ചപ്പോഴും മെസി ഗോളടി തുടർന്നു. കഴിഞ്ഞ മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെതിരേയും ഇരട്ടഗോളുകൾ നേടി.
ലീഗിൽ ഈസ്റ്റേണ്‍ കോണ്‍ഫറൻസ് വിഭാഗത്തിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇന്റർ മയാമി. 19 മത്സരങ്ങളിൽനിന്ന് 11 ജയവും മൂന്ന് തോൽവിയും അഞ്ച് സമനിലയുമടക്കം 38 പോയന്റാണ് ടീമിനുള്ളത്.